
ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നടക്കുന്ന മഹാകുംഭമേളയ്ക്കിടെ വൈറലായ മധ്യപ്രദേശ് സ്വദേശിനിയായ സുന്ദരി കേരളത്തിലേക്കെത്തുന്നു. വ്യവസായി ബോബി ചെമ്മണ്ണൂരാണ് മോണാലിസ ഭോൺസ്ലെയെ കേരളത്തിലേക്ക് എത്തിക്കുന്നത്. ഈ മാസം 14ന് കോഴിക്കോട് എത്തുമെന്ന് വെളിപ്പെടുത്തുന്ന മോണാലിസയുടെ വീഡിയോ ബോബി ചെമ്മണ്ണൂർ പുറത്തുവിട്ടു. ബോബി ചെമ്മണൂരിന്റെ ജ്വല്ലറിയുടെ ബ്രാൻഡ് അംബാസിഡറായാണ് മോണാലിസ എത്തുന്നത്.
15ലക്ഷം രൂപയ്ക്കാണ് മോണാലിസയെ ബോബി ചെമ്മണ്ണൂർ തന്റെ ജ്വല്ലറിയുടെ ബ്രാൻഡ് അംബാസിഡറാക്കിയത് എന്നാണ് റിപ്പോർട്ട്. ആകർഷണീയമായ ചാരക്കണ്ണുകളും സുന്ദരമായ ചിരിയുമാണ് ഇൻഡോർ സ്വദേശിനിയായ പെൺകുട്ടിയെ പ്രശസ്തയാക്കിയത്. മാധ്യമങ്ങളിൽ ശ്രദ്ധനേടിയതിനു പിന്നാലെ പെൺകുട്ടിയെ കാണുന്നതിനും വിഡിയോയും ചിത്രങ്ങളും പകർത്തുന്നതിനും നിരവധിപേർ കുംഭമേള നടക്കുന്നയിടത്ത് എത്തി. തുടർന്ന് പെൺകുട്ടി മധ്യപ്രദേശിലെ വീട്ടിലേക്കു മടങ്ങിയിരുന്നു.
നേരത്തെ സിനിമയിൽ അഭിനയിക്കുന്നതിനുള്ള അവസരവും മൊണാലിസയെ തേടിയെത്തിയിരുന്നു. സനോജ് മിശ്ര സംവിധാനം ചെയ്യുന്ന ‘ദ് ഡയറി ഓഫ് മണിപ്പുർ’ എന്ന ബോളിവുഡ് ചിത്രത്തിലാണ് പെൺകുട്ടി നായികയായി എത്തുന്നത്. ഫെബ്രുവരി 12ന് ചിത്രീകരണം തുടങ്ങുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ സിനിമയുടെ ചിത്രീകരണം താത്കാലികമായി നീട്ടിവച്ചു. 21ലക്ഷം രൂപയ്ക്കാണ് സിനിമയുടെ കരാറിൽ മോണാലിസ ഒപ്പുവച്ചതെന്നാണ് റിപ്പോർട്ടുകൾ.











