
ടെഹ്‌റാൻ: മുസ്‌ലിം രാജ്യങ്ങളുടെ ഐക്യത്തിന് ആഹ്വാനം ചെയ്ത് ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനി. അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ മേഖല ഒന്നിച്ച് നിൽക്കണമെന്നാണ് ഞായറാഴ്ച പുറത്തിറക്കിയ എഴുത്തുസന്ദേശത്തിൽ ഖമേനി ആവശ്യപ്പെട്ടത്. അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തുന്ന യുദ്ധം ആറുമാസം പിന്നിട്ട സാഹചര്യത്തിലാണ് മൊജ്തബ ഖമേനി മുസ്ലിം രാജ്യങ്ങളുടെ ഐക്യത്തിന് ആഹ്വാനം ചെയ്തത്.
മുസ്‌ലിം രാജ്യങ്ങൾ നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ പരസ്പര ഐക്യവും സൗഹൃദവും സഹകരണവുമാണ് ആവശ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. മുസ്‌ലിം സമൂഹത്തിനിടയിൽ ഭിന്നത വളർത്തുന്ന ഏത് നീക്കവും ആത്യന്തികമായി ഇസ്‌ലാമിന്റെ ശത്രുക്കൾക്ക് ഗുണം ചെയ്യുമെന്നും സന്ദേശത്തിൽ മുന്നറിയിപ്പ് നൽകി.
മേഖലയിലെ ഭരണാധികാരികൾ യഥാർഥ ശത്രുവിനെ തിരിച്ചറിയണമെന്നും അവരുടെ ലക്ഷ്യങ്ങളും പദ്ധതികളും മനസ്സിലാക്കി അതിനെതിരെ കൂട്ടായി പ്രവർത്തിക്കണമെന്നും ഖമേനി ആവശ്യപ്പെട്ടു. അമേരിക്കയെയും ഇസ്രയേലിനെയും പരാമർശിച്ചായിരുന്നു അദ്ദേഹത്തിന്റെ ഈ ആഹ്വാനം.
ഇറാനിലും ഭിന്നതകൾ മാറ്റിവച്ച് ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്ന് ഉദ്യോഗസ്ഥരോടും പൗരന്മാരോടും ഖമേനി നിർദേശിച്ചു.
അമേരിക്ക–ഇസ്രയേൽ–ഇറാൻ സംഘർഷത്തിനിടെ സൗദി അറേബ്യ, യുഎഇ, ജോർദാൻ, കുവൈത്ത്, ഖത്തർ, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്കെതിരെ ഇറാൻ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഈ രാജ്യങ്ങളുമായുള്ള ഇറാന്റെ നയതന്ത്രബന്ധത്തിലും സംഘർഷം രൂക്ഷമായി.
അതേസമയം, പിതാവ് അലി ഖമേനി കൊല്ലപ്പെട്ടതിനെ തുടർന്ന് അധികാരമേറ്റ മൊജ്തബ ഖമേനി ഇതുവരെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്റെ ശബ്ദസന്ദേശമോ വീഡിയോ ദൃശ്യങ്ങളോ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.










