01:14pm 12 November 2026
NEWS
മോഹൻലാലിന്റെ അമ്മ അന്തരിച്ചു
30/12/2025  04:12 PM IST
nila
മോഹൻലാലിന്റെ അമ്മ അന്തരിച്ചു

കൊച്ചി: മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അമ്മ അന്തരിച്ചു. 90 വയസ്സായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയവെ കൊച്ചി എളമക്കരയിലെ മോഹൻലാലിന്റെ വസതിയിലായിരുന്നു അന്ത്യം. മുൻ നിയമസെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരേ ലാൽ ആണ് മറ്റൊരു മകൻ. സംസ്കാരം നാളെ.

ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരത്തിന് നേടി കൊച്ചിയിലെത്തിയ മോഹൻലാൽ ആദ്യം സന്ദർശിച്ചത് കൊച്ചി എളമക്കരയിലെ വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന അമ്മയെയായിരുന്നു. അമ്മയുടെ കഴിഞ്ഞ പിറന്നാൾ കുടുംബാംഗങ്ങളെയും അടുത്ത സുഹൃത്തുക്കളെയും പങ്കെടുപ്പിച്ച് മോഹൻലാൽ ആഘോഷമാക്കിയിരുന്നു. ഇതിന്റെ ചിത്രങ്ങളും ശ്രദ്ധേയമായിരുന്നു. മോഹൻലാൽ, സുചിത്ര, പ്രണവ് മോഹൻലാൽ, ആന്റണി പെരുമ്പാവൂർ, മേജർ രവി, സമീർ ഹംസ തുടങ്ങിയവരായിരുന്നു ചിത്രത്തിൽ.

നേരത്തെ മാതൃഭൂമിക്ക് വേണ്ടി മോഹൻലാൽ എഴുതിയ കുറിപ്പിൽ അമ്മയെക്കുറിച്ച് എഴുതിയത് ഇങ്ങനെയാണ്....

'എന്റെ അമ്മ കുറച്ച് വർഷങ്ങളായി കിടപ്പിലാണ്. ധാരാളം സംസാരിക്കുമായിരുന്ന അമ്മയ്ക്ക് ഇപ്പോൾ സംസാരിക്കാൻ സാധിക്കില്ല. കണ്ണുകളിലൂടെയാണ് ഞാനും അമ്മയും ഇപ്പോൾ കൂടുതൽ മിണ്ടാറുള്ളത്. കണ്ണിൽക്കണ്ണിൽ നോക്കിയിരുന്നാണ് ഞാനാ സ്‌നേഹവും വാത്സല്യവും അറിയുന്നത്. ചിലപ്പോൾ അമ്മ എന്നെ ഒന്ന് തൊടും, തല ഒന്നിളക്കും. അതിലൊക്കെ ഇപ്പോൾ ഒരു ഭാഷ തിരിച്ചറിയാൻ എനിക്ക് സാധിക്കുന്നു. പണ്ട് അമ്മ എനിക്ക് ഉരുള ഉരുട്ടിത്തന്നതുപോലെ ഞാൻ അമ്മയ്ക്ക് ഉരുള നൽകും. ഞാനും ഭാര്യ സുചിത്രയും കഴിക്കുന്നത് നോക്കി അമ്മ കിടക്കും. തൊട്ടിരിക്കുക എന്ന് പറയാറില്ലേ. ആ തൊടലിലൂടെ ഒരുപാടുകാര്യങ്ങൾ അമ്മ പറയാതെ പറയുന്നുണ്ടാവണം. അങ്ങനെ അമ്മയുടെ അടുത്തിരിക്കുമ്പോൾ ജീവിതത്തിന്റെ ഒരു ചക്രം പൂർത്തിയാവുന്നത് ഞാൻ അറിയുന്നു, അനുഭവിക്കുന്നു. ഞാനതിൽ എന്നെക്കാണുന്നു; മനുഷ്യജീവിതം കാണുന്നു...'

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img