
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് ഇന്ന് പിറന്നാൾ. ഇന്ന് മമ്മൂട്ടിയുടെ 74-ാം പിറന്നാൾ ആണ്. തങ്ങളുടെ പ്രിയതാരം രോഗമുക്തനായി തിരിച്ചുവരുന്നതിന്റെ ആഹ്ലാദത്തിലാണ് ആരാധകരുടെയും സഹപ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും പിറന്നാൾ ആഘോഷം. സഹപ്രവർത്തകരും ആരാധകരും പ്രിയതാരത്തിന് ജന്മദിനാശംസകൾ നേർന്നു. ഇതിനിടെ ശ്രദ്ധേയമാകുന്നത്
സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെയാണ് മോഹൻലാൽ തന്റെ 'ഇച്ചാക്ക'യ്ക്ക് ആശംസകൾ നേർന്നത്. 'Happy Birthday Dear Ichakka (പ്രിയപ്പെട്ട ഇച്ചാക്കയ്ക്ക് പിറന്നാളാശംസകൾ)' എന്ന് ഒറ്റവരിയിലാണ് മോഹൻലാൽ മമ്മൂട്ടിക്ക് ജന്മദിനാശംസകൾ നേർന്നത്. മോഹൻലാലിന്റെ പോസ്റ്റിൽ നിമിഷങ്ങൾ കൊണ്ട് ആയിരക്കണക്കിന് പേരാണ് ലൈക്കും കമന്റും ചെയ്തത്.
മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവും മോഹൻലാൽ ആശംസയ്‌ക്കൊപ്പം പങ്കുവെച്ചിട്ടുണ്ട്. സോഫയിലിരിക്കുന്ന മമ്മൂട്ടിയുടെ അടുത്തേക്ക് ചാഞ്ഞുകൊണ്ട് അടുത്തിരിക്കുന്ന മോഹൻലാലാണ് ചിത്രത്തിലുള്ളത്.
തന്റെ ജന്മദിനത്തിൽ എല്ലാവർക്കും നന്ദി പറഞ്ഞും സ്‌നേഹം അറിയിച്ചും നേരത്തേ മമ്മൂട്ടി സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റിട്ടിരുന്നു. കടലിന്റെ വിദൂരതയിലേക്ക് നോക്കിക്കൊണ്ട് കാറിനടുത്ത് നിൽക്കുന്ന തന്റെ ചിത്രത്തിനൊപ്പമായിരുന്നു പോസ്റ്റ്. 'എല്ലാവർക്കും സ്നേഹവും നന്ദിയും; സർവശക്തനും' -ഇതാണ് ചിത്രത്തിനൊപ്പം ഒറ്റവരിയായി മമ്മൂട്ടി കുറിച്ചത്.











