
തിരുവനന്തപുരം: വാഹന രജിസ്ട്രേഷൻ രേഖകളിൽ നടൻ മോഹൻലാലിന്റെ പേരിനൊപ്പമുണ്ടായിരുന്ന ‘ലഫ്റ്റനന്റ് കേണൽ’, ‘ഡോക്ടർ’ എന്നീ പദവികൾ മോട്ടോർ വാഹന വകുപ്പ് നീക്കി. KL 07 CU 2020 എന്ന നമ്പറിലുള്ള ലിങ്കൺ കാറിന്റെ ആർ.സി ബുക്കിലാണ് പേര് പുതുക്കിയത്.
ആധാർ കാർഡിലുള്ള പേര് തന്നെയായിരിക്കണം വാഹന രജിസ്ട്രേഷൻ രേഖകളിലും ഉണ്ടാകേണ്ടതെന്ന കേന്ദ്ര നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. വാഹനവുമായി ബന്ധപ്പെട്ട സേവനത്തിനായി മോഹൻലാലിന്റെ ഏജന്റ് ആർ.ടി ഓഫിസിലെത്തിയപ്പോഴാണ് ആധാർ രേഖയിലെയും ആർ.സി ബുക്കിലെയും പേരുകൾ തമ്മിൽ വ്യത്യാസമുള്ളതായി കണ്ടെത്തിയത്. ഇതേത്തുടർന്ന് രേഖകൾ പുതുക്കുകയായിരുന്നു.
നേരത്തെ ആർ.സി ബുക്കിൽ ‘ലഫ്റ്റനന്റ് കേണൽ ഡോ. മോഹൻലാൽ വി.’ എന്നായിരുന്നു പേര് രേഖപ്പെടുത്തിയിരുന്നത്. ഇത് മാറ്റി ആധാർ രേഖയിലെ പേരായ ‘വിശ്വനാഥൻ നായർ മോഹൻലാൽ’ എന്നാക്കി.
2020ലാണ് മോഹൻലാലിന്റെ പേരിലുള്ള ഈ വാഹനം രജിസ്റ്റർ ചെയ്തത്. ആധാർ ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകളിലെ പേരുമായി വാഹന രേഖകളിലെ പേര് ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് ആർ.സി ബുക്കിലും മാറ്റം വരുത്തിയത്.










