04:46pm 11 November 2026
NEWS
മോഹൻലാൽ ആനക്കൊമ്പ് കൈവശം സൂക്ഷിച്ചതു നിയമവിധേയമാക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
24/10/2025  12:28 PM IST
nila
 മോഹൻലാൽ ആനക്കൊമ്പ് കൈവശം സൂക്ഷിച്ചതു നിയമവിധേയമാക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാലിന് തിരിച്ചടി. മോഹൻലാൽ ആനക്കൊമ്പ് കൈവശം സൂക്ഷിച്ചതു നിയമവിധേയമാക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇക്കാര്യത്തിൽ പുതിയ വിജ്ഞാപനം ഇറക്കാനും കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരുടെ ബെഞ്ചിന്റേതാണ് നിർണായക വിധി.

മോഹൻലാലിന് ആനക്കൊമ്പിന്റെ നിയമപരമായ ഉടമസ്ഥത നൽകിയ സർക്കാർനടപടികളിൽ വീഴ്ചയുണ്ടായിയെന്നു കോടതി നിരീക്ഷിച്ചു. ഉടമസ്ഥത നിയമപരമാക്കി 2015 ഡിസംബർ 16നും 2016 ഫെബ്രുവരി 17നും ഇറക്കിയ സർക്കാർ ഉത്തരവുകൾ നിയമപരമല്ലെന്നും കോടതി വ്യക്തമാക്കി. ഈ ഉത്തരവുകൾക്കൊപ്പം 2016 ജനുവരി 16നും 2016 ഏപ്രിൽ ആറിനും പുറപ്പെടുവിച്ച ഉടമസ്ഥതാ സർട്ടിഫിക്കറ്റുകളും ഇന്നു കോടതി ഇന്ന് റദ്ദാക്കി.

മോഹൻലാലിന് ഉടമസ്ഥതാ സർട്ടിഫിക്കറ്റ് അനുവദിച്ച രീതി ശരിയല്ലെന്ന ഹർജിക്കാരുടെ വാദം ഈ ഘട്ടത്തിൽ വിശദമായി പരിഗണിക്കുന്നില്ലെന്നു കോടതി പറഞ്ഞു. വന്യജീവികളുടെ ശരീരഭാഗങ്ങൾ സൂക്ഷിക്കുന്നതിനോ കൈകാര്യം ചെയ്യുന്നതിനോ ലൈസൻസ് നൽകാൻ വ്യവസ്ഥ ചെയ്യുന്ന 1972ലെ വന്യജീവി സംരക്ഷണ നിയമം 44–ാം വകുപ്പനുസരിച്ച് വ്യക്തികൾക്ക് അനുമതി നൽകുന്നതിന് പുതിയ വിജ്ഞാപനം ഇറക്കാൻ സർക്കാരിനു സ്വാതന്ത്ര്യമുണ്ടാകുമെന്നും ഇന്ന് കോടതി പറഞ്ഞു. 

2011 ഓഗസ്റ്റിലാണ് മോഹൻലാലിന്റെ എറണാകുളം തേവരയിലുള്ള വീട്ടിൽനിന്ന് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകൾ കണ്ടെത്തിയത്. ഈ കേസ് പിന്നീട് വനംവകുപ്പിന് കൈമാറുകയായിരുന്നു. നിലവിൽ പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയുെട പരിഗണനയിലാണ് ഈ കേസ്. പത്തനംതിട്ട കലഞ്ഞൂർ സ്വദേശി ജയിംസ് മാത്യു, കൊച്ചി സ്വദേശി എ.എ.പൗലോസ് എന്നിവരാണ് ഹർജിക്കാർ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img