
നടൻ മമ്മൂട്ടിയുടെ പേരിൽ ശബരിമല ക്ഷേത്രത്തിൽ മോഹൻലാൽ നടത്തിയ വഴിപാട് വിവാദമായതിന് പിന്നിൽ മോഹൻലാലിന്റെ ജാഗ്രതക്കുറവെന്നേ പറയാനാകൂ. ഇസ്ലാം മത വിശ്വാസിയായ തന്റെ സുഹൃത്തിന് വേണ്ടി വഴിപാട് നടത്താൻ മോഹൻലാലിന് എല്ലാ സ്വാതന്ത്ര്യവും ലഭിക്കും. അതിന് ഒപ്പം നിൽക്കാനും ഇഷ്ടം അറിയിക്കാനും മമ്മൂട്ടിക്കും സ്വാതന്ത്ര്യമുണ്ട്. എന്നാൽ, കേരളം പോല വർഗീയ ധ്രൂവീകരണം വളരെ ശക്തമായി നടക്കുന്ന ഒരു സമൂഹത്തിൽ അതെല്ലാം തീർത്തും സ്വകാര്യവും രഹസ്യവുമായിരുന്നില്ലെങ്കിൽ ഇപ്പോഴുണ്ടാകുന്നതുപോലുള്ള വിവാദവും സൈബർ ആക്രമണങ്ങളും നേരിടേണ്ടി വരുമെന്ന് മോഹൻലാൽ നേരത്തേ തന്നെ തിരിച്ചറിയേണ്ടിയിരുന്നു.
സോഷ്യൽമീഡിയയുടെ വരവോടെയാണ് കേരളം അതിവേഗം മതപരമായി ധ്രുവീകരിക്കപ്പെടുന്നത്. അതിന് മുമ്പും മതങ്ങളും വിശ്വാസങ്ങളും ഇവിടെയുണ്ടായിരുന്നെങ്കിലും അവയെല്ലാം തികച്ചും സ്വകാര്യതകളായിരുന്നു. മതങ്ങളുടെ ആഘോഷങ്ങളാകട്ടെ പൊതുസമൂഹത്തിന്റേതും. അതുകൊണ്ടാണ് മലയാളി ചന്ദനക്കുടവും ചാത്തവും പെരുന്നാളും ഉത്സവവും എല്ലാം ഒരുമിച്ച് ആഘോഷിച്ചിരുന്നത്. പ്രസാദവും പെരുന്നാൾ വിഭവങ്ങളും ക്രിസ്മസ് കേക്കുമെല്ലാം പരസ്പരം പങ്കുവെച്ചിരുന്നത്. അന്ന് അതിനൊന്നും ഒരു തടസ്സവുമില്ലാതിരുന്നത് വിശ്വാസം സ്വകാര്യതയും ആഘോഷം പൊതുവായതും ആയിരുന്നതിനാലാണ്.
എന്നാൽ, മാറിയ കാലത്ത് വിശ്വാസങ്ങൾ അന്ധമാകുകയും മതം മനുഷ്യരുടെ തലയ്ക്ക് പിടിക്കുകയും ചെയ്തതോടെ മിണ്ടാനും കൂട്ടുകൂടാനും എന്തിന്, ഒരു കൂര വെക്കാൻ അഞ്ച് സെന്റ് സ്ഥലം വാങ്ങാനും പോലും മലയാളി മതം ചികയാൻ തുടങ്ങി. ഈ സാഹചര്യം ആദ്യം തിരിച്ചറിയേണ്ടിയിരുന്നത് മോഹൻലാൽ തന്നെയാണ്. മമ്മൂട്ടിക്കായി വഴിപാട് നടത്തിയതിന്റെ രസീത് പ്രചരിച്ചതിന് അദ്ദേഹം ആദ്യം കുറ്റപ്പെടുത്തിയത് ദേവസ്വം ജീവനക്കാരെയാണ്. അവരാണ് രസീത് പുറത്തുവിട്ടത് എന്നായിരുന്നു താരത്തിന്റെ ആരോപണം. എന്നാൽ, ഭക്തർക്ക് നൽകുന്ന രസീത് ഭാഗമാണ് പ്രചരിച്ചതെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കിയതോടെ ചിത്രം മാറി.
മോഹൻലാൽ ആരെയാണോ രസീത് സൂക്ഷിക്കാൻ ഏൽപ്പിച്ചത് അവരാണ് ഇത് പുറത്തുവിട്ടത് എന്ന് വ്യക്തം. മോഹൻലാലിന് മമ്മൂട്ടിയോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ ഇതിലും നല്ലൊരു മാർഗമില്ലെന്ന ചിന്തയാകാം ആ മനുഷ്യനും രസീത് പുറത്തുവിട്ടതിന് പിന്നിൽ. മലയാളികളുടെ സൈബർ ലോകം മതേതരത്വം പൂത്തുലുയുന്നിടമാണെന്ന് അദ്ദേഹവും കരുതിയിരിക്കും. പക്ഷേ പിന്നീടെന്താണ് നടക്കുന്നതെന്നത് നാം നേരിട്ട് കാണുകയാണല്ലോ.
വലിയ പ്രതിസന്ധിയിലായിരിക്കുന്നത് മമ്മൂട്ടിയാണ് എന്ന് പറയാതെ വയ്യ. മത പണ്ഡിതരെന്ന് അവകാശപ്പെടുന്നവരും മതത്തെ നിർവചിക്കുന്നവരും മമ്മൂട്ടിയുടെ മേൽ കുതിരകയറാൻ എത്തിയിട്ടുണ്ട്. ശബരിമലയിൽ വഴിപാട് അർപ്പിച്ചത് മമ്മൂട്ടിയുടെ അറിവോടെയാണെങ്കിൽ അത് വിശ്വാസ പ്രകാരം തെറ്റാണെന്നും മമ്മൂട്ടി തൗബ ചെയ്യണമെന്നും രാഷ്ട്രീയ നിരീക്ഷകനും മാധ്യമപ്രവർത്തനുമായ ഒ അബ്ദദുള്ള ഇന്നലെ ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെ സമസ്ത നേതാവ് നാസർ ഫെെസി കൂടത്തായിയും ഏതാണ്ട് ഇതേ നിലപാട് വ്യക്തമാക്കി. വഴിപാട് നടത്തിയത് മമ്മൂട്ടിയുടെ നിർദേശപ്രകാരമെങ്കിൽ മതപരമായ വിശ്വാസത്തിന് എതിരാണ് എന്നായിരുന്നു ഒരു ചാനൽ ചർച്ചയിൽ അദ്ദേഹം പറഞ്ഞത്. ഈ രണ്ടു പേരിൽ ഒതുങ്ങുന്നില്ല മമ്മൂട്ടിക്കെതിരായ വിമർശനം. സൈബർ ലോകത്ത് നിരവധി പേർ ഇതേ അഭിപ്രായങ്ങൾ തന്നെയാണ് പങ്കുവെക്കുന്നത്. വിശ്വാസത്തെയോ സുഹൃത്തും സഹപ്രവർത്തകനായ മോഹൻലാലിനെയോ തള്ളിപ്പറയാൻ മമ്മൂട്ടി തയ്യാറാകുമോ എന്ന് കാത്തിരിക്കുന്ന ചില കൂട്ടരുമുണ്ട് എന്നകാര്യവും ചൂണ്ടിക്കാട്ടാതിരിക്കാനാകില്ല.











