
മോഹൻലാലിനെ നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ‘നെടുങ്കണ്ടം മിറാക്കിൾ’ ജനുവരിയിൽ ചിത്രീകരണം ആരംഭിക്കും. ഇടുക്കിയും തിരുവനന്തപുരവുമാണ് ചിത്രത്തിന്റെ ലൊക്കേഷനുകൾ. ദിലീഷ് പോത്തനും തിരക്കഥാകൃത്ത് ശ്യാം പുഷ്കരനും മോഹൻലാലിനൊപ്പം ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്.
ഇന്ദ്രജിത്തും ആസിഫ് അലിയും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തും. ഷൈജു ഖാലിദാണ് ഛായാഗ്രാഹകൻ. ‘മലൈക്കോട്ടൈ വാലിബൻ’, ‘ദാവീദ്’ എന്നീ ചിത്രങ്ങൾക്കു ശേഷം ജോൺ ആൻഡ് മേരി ക്രിയേഷൻസിന്റെ ബാനറിൽ ഷിബു ബേബിജോൺ നിർമിക്കുന്ന ചിത്രത്തിന്റെ താരനിർണയം അവസാനഘട്ടത്തിലാണ്.
അനൂപ് സത്യൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിക്കുന്നത്. നവംബർ അവസാനത്തോടെ വിഷ്ണു മോഹന്റെ ബിഗ് ബജറ്റ് ചിത്രം ‘ഓപ്പറേഷൻ ഗംഗ’യുടെ ചിത്രീകരണത്തിനായി അദ്ദേഹം ഡൽഹിയിലെത്തും. അഞ്ച് ദിവസത്തെ ചിത്രീകരണമാണ് ഡൽഹിയിൽ ആസൂത്രണം ചെയ്തിരിക്കുന്നത്.
ഇവ തെന്നൽ, മുകേഷ്, അജു വർഗീസ്, സംഗീത് പ്രതാപ്, രാജേഷ് മാധവൻ എന്നിവരും മഹാരാഷ്ട്രയിൽനിന്നും കർണാടകത്തിൽനിന്നുമുള്ള മൂന്ന് നാടകപ്രവർത്തകരും അനൂപ് സത്യന്റെ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. മംഗളൂരുവിലും കർണാടകത്തിലെ മറ്റു ലൊക്കേഷനുകളിലുമായി ചിത്രീകരണം പൂർത്തിയാകും. ബിനു ജോർജ് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷഹ്നാദ് ജലാലാണ്. കൈതപ്രത്തിന്റെ വരികൾക്ക് ജെക്സ് ബിജോയ് സംഗീതം നൽകുന്നു. ആശിർവാദ് റിലീസാണ് വിതരണം










