
കൊച്ചി: ലഹരി മാഫിയക്കെതിരെ ശക്തമായ പോരാട്ടം അനിവാര്യമാണെന്നും കേരളത്തെ ലഹരിവിമുക്തമാക്കാൻ എല്ലാവരും കൈകോർക്കണമെന്നും നടൻ മോഹൻലാൽ ആഹ്വാനം ചെയ്തു. പറവൂരിൽ മുഖ്യമന്ത്രി വി ഡി സതീശന് നൽകിയ പൗരസ്വീകരണ ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ അഭിപ്രായം പങ്കുവെച്ചത്. തന്റെ പ്രശസ്ത സിനിമാ ഡയലോഗായ “നർകോട്ടിക്സ് ഈസ് എ ഡർട്ടി ബിസിനസ്” അദ്ദേഹം വേദിയിൽ ഓർമിപ്പിച്ചു.
മനസ്സിൽ ചങ്ങാതിയുടെ സ്ഥാനമാണ് മുഖ്യമന്ത്രി വി.ഡി. സതീശനെന്ന് മോഹൻലാൽ പറഞ്ഞു. ‘‘ഇരട്ടി സന്തോഷമുള്ള നേരമാണിത്. മലയാളികൾക്കു മുഖ്യമന്ത്രിയിൽ വലിയ പ്രതീക്ഷയുണ്ട്. നാട് അദ്ദേഹത്തെ സിഎം ആക്കാൻ മുറവിളി കൂട്ടിയത് അമ്പരപ്പിച്ചു. സത്യസന്ധ്യതയും സുതാര്യതയും ഇഴ ചേർന്ന ആളാണ് അദ്ദേഹം. അതാവും ജനം വി.ഡിക്കായി തെരുവിൽ ഇറങ്ങിയത്. കേരളത്തിലെ വിഭവങ്ങൾ നന്നായി ഉപയോഗിക്കാൻ കഴിയട്ടെ. നെഹ്‌റുവിയൻ സോഷ്യലിസ്റ്റ് നെഹ്‌റുവിനെ പോലത്തെ ഡ്രീമർ ആവാതെ തരമില്ല. അദ്ദേഹത്തിൻറെ സ്വപ്നങ്ങളിലൂടെ കേരളം മഴവിൽ ഭംഗിയോടെ വളരും എന്ന് പ്രത്യാശിക്കുന്നു. എല്ലാ രാഷ്ട്രീയ പാർട്ടിയിലുള്ളവരോടും സൗഹൃദം നിലനിർത്തുന്നയാളാണ് ഞാൻ. കക്ഷി രാഷ്ട്രീയമല്ല, രാഷ്ട്രബോധമാണ് എന്നെ നയിച്ചിട്ടുള്ളത്. തിരഞ്ഞെടുക്കപ്പെട്ട സർക്കാർ എല്ലാവരുടേതുമാണ്. കലാകാരൻ എന്ന നിലയിൽ എന്നാൽ കഴിയുന്ന എല്ലാ സഹായങ്ങളും സർക്കാരിന് വാഗ്ദാനം ചെയ്യുന്നു. ധീരമായി ഞങ്ങളെ മുന്നിൽ നിന്ന് നയിക്കുക’’ – മോഹൻ ലാൽ പറഞ്ഞു.
കേരളത്തെ ഒരു പ്രധാന തുറമുഖ-വിമാനയാന കേന്ദ്രമാക്കി മാറ്റാനുള്ള വികസന പദ്ധതികൾ ഉടൻ ആരംഭിക്കുമെന്ന് മറുപടി പ്രസംഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു. ജനങ്ങൾക്ക് മുന്നിൽ തലകുനിക്കേണ്ട സാഹചര്യം ഒരിക്കലും ഉണ്ടാകില്ലെന്നും, സർക്കാരിന്റെ ഓരോ തീരുമാനവും സാധാരണക്കാരുടെ ക്ഷേമം മുൻനിർത്തിയായിരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. സലിം കുമാർ, ശ്രീകുമാരൻ തമ്പി തുടങ്ങിയവരും സന്നിഹിതരായിരുന്നു.










