
ഹിന്ദുക്കൾക്കിടയിലെ ജാതി വേർതിരിവ് ഇല്ലാതാക്കണമെന്ന് ആർ എസ് എസ് മേധാവി മോഹൻ ഭാഗവത്. ഐക്യത്തിന്റെയും കൂട്ടായ്മയുടെയും സന്ദേശം പരത്താൻ കഴിയണമെന്നും അലിഗഡിൽ ആർഎസ്എസ് പ്രവർത്തകരെ അഭിസംബോധന ചെയ്യവേ മോഹൻ ഭാഗവത് പറഞ്ഞു. ഹിന്ദു വിഭാഗങ്ങൾ ഒരു ക്ഷേത്രം, ഒരു കിണർ, ഒരു ശ്മശാനം എന്ന നിലയിൽ കൂട്ടായ്മയുണ്ടാക്കി മുന്നേറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
‘മൂല്യങ്ങളാണ് ഹിന്ദു സമൂഹത്തിന്റെ അടിസ്ഥാനം. പാരമ്പര്യത്തിലും സാംസ്കാരിക മൂല്യങ്ങളിലും സദാചാര തത്വങ്ങളിലും അടിസ്ഥാനമാക്കിയുള്ള സമൂഹം കെട്ടിപ്പടുക്കണം. സമൂഹത്തിന്റെ എല്ലാ മേഖലകളിലും സ്വയം സേവകൻമാരുടെ പ്രവർത്തനം വ്യാപിപ്പിക്കണം. ഐക്യത്തിന്റെയും കൂട്ടായ്മയുടെയും സന്ദേശം പരത്താൻ കഴിയണം. കുടുംബമായിരിക്കണം സമൂഹത്തിന്റെ ആധാരശില. ദേശീയതയും ഐക്യവും വളർത്താൻ ഉത്സവാഘോഷങ്ങൾ ഒരുമിച്ചു നടത്തണം’– മോഹൻ ഭാഗവത് പറഞ്ഞു.
ജാതി സെൻസസിനെ ബിജെപി എതിർക്കുന്നതിനെ പ്രതിപക്ഷം രൂക്ഷമായി വിമർശിക്കുന്നതിനിടെയാണ് ജാതിവേർതിരിവ് ഇല്ലാതാക്കണമെന്ന ആർ എസ് എസ് മേധാവിയുടെ ആഹ്വാനം. ആർഎസ്എസിലും ബിജെപിയിലും ജാതി വേർതിരിവുണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഉന്നത ജാതിക്കാർക്കു കൂടുതൽ പരിഗണന ലഭിക്കുന്നുണ്ടെന്നും ജാതി സെൻസസിനു ബിജെപി എതിരു നിൽക്കുന്നത് അതുകൊണ്ടാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.