06:27pm 11 November 2026
NEWS
മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീൻ തെലങ്കാന മന്ത്രിയായി അധികാരമേറ്റു
31/10/2025  06:30 PM IST
nila
 മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീൻ തെലങ്കാന മന്ത്രിയായി അധികാരമേറ്റു

ഹൈദരാബാദ്: തെലങ്കാനയിൽ പുതിയ മന്ത്രിയായി മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനും കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസറുദ്ദീൻ അധികാരമേറ്റു.  രേവന്ത് റെഡ്ഡി മന്ത്രിസഭയിലെ ആദ്യ മുസ്ലീം മന്ത്രിയാണ് മുഹമ്മദ് അസറുദ്ദീൻ. ഇതോടെ തെലങ്കാന മന്ത്രിസഭയിലെ  അംഗസംഖ്യ 16 ആയി. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ജിഷ്ണു ദേവ് വർമ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 

അതേസമയം, ഈ നിയമനം രാഷ്ട്രീയ ലക്ഷ്യപ്രേരിതമാണെന്ന് പ്രതിപക്ഷമായ ബിജെപി ആരോപിക്കുന്നു. നവംബർ 11-ന് നടക്കാനിരിക്കുന്ന ജൂബിലിഹിൽസ് ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായാണ് അസറുദ്ദീനെ മന്ത്രിസഭയിലാക്കിയത് എന്നതാണ് ബിജെപിയുടെ ആരോപണം. മണ്ഡലത്തിലെ ജനസംഖ്യയിൽ മുപ്പത് ശതമാനത്തോളം മുസ്‌ലിംകൾ ഉൾപ്പെടുന്നതാണ് ബിജെപി ചൂണ്ടിക്കാട്ടുന്നത്. 2023-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അസറുദ്ദീൻ ജൂബിലിഹിൽസിൽ നിന്ന് മത്സരിച്ചെങ്കിലും ബിആർഎസിന്റെ മഗന്തി ഗോപിനാഥിനോട് തോറ്റിരുന്നു. ഗോപിനാഥിന്റെ മരണത്തെ തുടർന്നാണ് ഈ മണ്ഡലത്തിൽ ഇപ്പോൾ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 

എന്നാൽ, സാമൂഹിക നീതിയും ന്യൂനപക്ഷ പ്രതിനിധിത്വവും ഉറപ്പാക്കലാണ് ലക്ഷ്യം എന്നാണ് കോൺ​ഗ്രസിന്റെ നിലപാട്. "ആന്ധ്രപ്രദേശ് കാലത്തേയും പോലെ ന്യൂനപക്ഷങ്ങൾക്ക് മന്ത്രിസഭയിൽ സ്ഥാനം ഉറപ്പാക്കുന്നത് നമ്മുടെ ഉത്തരവാദിത്വമാണ്," എന്ന് തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ മഹേഷ് ഗൗഡ പറഞ്ഞു.

ഇപ്പോൾ അസറുദ്ദീൻ നിയമസഭയിലോ നിയമസഭാ കൗൺസിലിലോ അംഗമല്ല. അദ്ദേഹത്തെ ഗവർണർ നാമനിർദ്ദേശം ചെയ്യണമെന്ന പ്രമേയം സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെങ്കിലും, അതിന് ഇനിയും ഗവർണറുടെ ഒപ്പ് ലഭിച്ചിട്ടില്ല. നിയമപ്രകാരം, അസറുദ്ദീൻ ആറുമാസത്തിനകം സഭയിലെ ഏതെങ്കിലും സഭയിൽ അംഗത്വം നേടേണ്ടതുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img