10:17pm 03 May 2026
NEWS
മോഹം ,കാട് സിനിമകൾക്ക് ബംഗളുരു ഫെസ്റ്റിൽ ആസ്വാദകരുടെ നിറഞ്ഞ കയ്യടി
02/02/2026  11:25 AM IST
വിഷ്ണുമംഗലം കുമാർ
മോഹം ,കാട് സിനിമകൾക്ക് ബംഗളുരു ഫെസ്റ്റിൽ ആസ്വാദകരുടെ നിറഞ്ഞ കയ്യടി

ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുകയും ഫെസ്റ്റുകളിൽ പുരസ്‌കാരം നേടുകയും ചെയ്ത തടവ് എന്ന ആദ്യചിത്രത്തിന് ശേഷം യുവ സംവിധായകൻ ഫാസിൽ റസാക്ക് ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് മോക്ഷം. ഇക്കഴിഞ്ഞ കേരള ഫിലിം ഫെസ്റ്റിൽ മികച്ച സിനിമയ്ക്കുള്ള ഫിപ്രസ്കി പുരസ്‌കാരം ഈ ചിത്രം നേടിയിരുന്നു. ബംഗളുരു ഫെസ്റ്റിൽ ഇന്ത്യൻ സിനിമകളുടെ മത്സരവിഭാഗത്തിൽ നിറഞ്ഞ സദസ്സിലാണ് മോക്ഷം പ്രദർശിപ്പിച്ചത്. ആധുനിക കാലത്തെ ടോക്സിക് പ്രണയത്തിന്റെ സൂക്ഷ്മതലങ്ങളാണ് ഈ സിനിമ അനാവരണം ചെയ്യുന്നത്. കാമുകനായ ഷാനുവിന്റെ സ്വഭാവ വൈചിത്ര്യത്തിൽ മനംനൊന്ത് കാമുകി അയാളെ ഉപേക്ഷിക്കുന്നു. എന്തുവിലകൊടുത്തും അവളെ കൂടെ നിർത്തുക, അതിന് സാധിച്ചില്ലെങ്കിൽ കൊന്നുകളയുക എന്ന മാനസികാവസ്ഥയിലാണ് ഷാനു എത്തുന്നത്. അതിനിടയിൽ രസകരമായ ഒരു സംഭവത്തിലൂടെ പരിചയപ്പെട്ട മാനസിക ബുദ്ധിമുട്ടുള്ള അമലയെ സ്വന്തം മോഹങ്ങൾ സഫലമാക്കാനുള്ള ഉപകരണമായി ഷാനു മാറ്റിയെടുക്കുന്നു. എന്നാൽ അമലയ്ക്ക് അവളുടേതായ സ്വപ്നമുണ്ട്. പതിവുചാലുകൾ ഒഴിവാക്കി തികച്ചും വ്യത്യസ്തമായ ഒരു സംവിധാനശൈലിയിലൂടെയാണ് ഫാസിൽ റസാഖ്‌ മോക്ഷത്തെ കൊണ്ടുപോകുന്നത്. അമൃത കൃഷ്ണൻ, തടവിലെ നായിക ബീന ചന്ദ്രൻ എന്നിവർ പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുന്നു. തിരക്കഥ രചനയിൽ ഫാസിൽ റസാഖിനോടൊപ്പം അമൃത കൃഷ്ണകുമാറും പങ്കാളിയാണ്. പ്രേക്ഷകസമൂഹത്തിന് വേറിട്ടൊരനുഭവം സമ്മാനിക്കുന്ന സിനിമയാണ് മോക്ഷം.ഗോത്ര വൈദ്യനായ ചാമന്റെ വിഹ്വലതകളിലൂടെ ആദിവാസിജീവിതത്തിന്റെ സംഘർഷങ്ങൾ ഉള്ളിൽ തട്ടും വിധം അവതരിപ്പിക്കുന്ന സിനിമയാണ് സുനീഷ് വടക്കുമ്പാടൻ സംവിധാനം നിർവ്വഹിച്ച കാട്. കാടിന്റെ ഗന്ധവും ചൂടും തണുപ്പും ആദിവാസികളുടെ ജീവിതത്തിൽ നിന്ന് മുറിച്ചുമാറ്റാനാവാത്ത യാഥാർഥ്യമാണ്. പ്രകൃതിയെ അകമഴിഞ്ഞ് സ്നേഹിക്കുന്ന ഗോത്രസമൂഹത്തിന്  ജീവിക്കാൻ തങ്ങൾ ജനിച്ചുവളർന്ന, കളിച്ചുനടന്ന കാടിന്റെ അന്തരീക്ഷം കൂടിയേ തീരു. ഒരു പറിച്ചുനടലിന് ഗോത്രസമൂഹം മാനസികമായി തയ്യാറല്ല. എന്നാൽ സർക്കാരിന്റെ പ്രലോഭനത്തിൽ കുടുങ്ങി അവർ പുനരധിവാസത്തിന് തയ്യാറെടുക്കുന്നു. പക്ഷെ ചാമനത് ഉൾക്കൊള്ളാനാവുന്നില്ല. കൊച്ചുമകൻ താമന് അയാൾ തന്റെ ആന്തരികവികാരം പകർന്നുകൊടുത്തിട്ടുണ്ട്. അവൻ അയാളുടെ ഒപ്പമുണ്ട്. പക്ഷി കൂട്ടിൽ കൊണ്ടുവെച്ച മുട്ട വിരിഞ്ഞ് പക്ഷിക്കുഞ്ഞുങ്ങൾ പുറത്തേക്ക് വരുമ്പോൾ താമന്റെ ഉൽത്തടത്തിൽ ആഹ്ലാദം അലയടിക്കുകയാണ്. തിയേറ്റർ ആർട്ടിസ്റ്റ്, വിഷ്വൽ ഡിസൈനർ എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുള്ള സുനീഷിന്റ ആദ്യചിത്രമാണിത്. ജലീൽ ബാദുഷയാണ് ക്യാമറ. ആറളം വനത്തിലെ കാളമൂപ്പൻ, ഷർമിത്, സന്തോഷ് കീഴാറ്റൂർ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ. ബംഗളുരു ഫെസ്റ്റിൽ ഈ ചിത്രവും ഇന്ത്യൻ സിനിമകളുടെ മത്സരവിഭാഗത്തിൽ, നിറഞ്ഞ സദസ്സിന് മുന്നിലാണ് പ്രദർശിപ്പിച്ചത്. രണ്ടു ചിത്രങ്ങളും പ്രേക്ഷകരുടെ കയ്യടി നേടി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img