
വാഷിങ്ടൺ: രണ്ടു ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച്ച നടത്തി. ഇന്നു പുലർച്ചെ വൈറ്റ് ഹൗസിലെത്തിയാണ് മോദി അമേരിക്കൻ പ്രസിഡന്റുമായി ചർച്ച നടത്തിയത്. ചർച്ചകൾക്ക് ശേഷം ഇരുനേതാക്കളും സംയുക്ത വാർത്താസമ്മേളനവും നടത്തി. സുപ്രധാന പ്രഖ്യാപനങ്ങളാണ് മോദിയുമായുള്ള കൂടിക്കാഴ്ച്ചക്ക് പിന്നാലെ ട്രംപ് നടത്തിയത്.
മുംബൈ ഭീകരാക്രമത്തിന്റെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് വൈറ്റ് ഹൗസിലെ സംയുക്ത വാർത്താസമ്മേളനത്തിൽ ട്രംപ് പറഞ്ഞു. ഇന്ത്യയ്ക്ക് കൂടുതൽ പെട്രോളിയം ഉത്പന്നങ്ങൾ വിൽക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഇന്ത്യയുമായുള്ള സൈനികവ്യാപാരം വർധിപ്പിക്കും. എഫ്- 35 സ്റ്റെൽത്ത് വിമാനങ്ങൾ നൽകും. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വ്യാപാര ഇടനാഴിയായിരിക്കും ഇരുരാജ്യങ്ങളും തമ്മിൽ ഉണ്ടാക്കുകയെന്നും ട്രംപ് വ്യക്തമാക്കി. ഇന്ത്യ- മിഡിൽ ഈസ്റ്റ്- ഈസ്റ്റ് യൂറോപ്യൻ വ്യാപാര ഇടനാഴിയെ പരാമർശിച്ചായിരുന്നു ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
2030 ആകുമ്പോഴേക്കും ഇന്ത്യ – യുഎസ് വ്യാപാരം ഇരട്ടിപ്പിച്ച് 500 ബില്യൻ ഡോളറിൽ എത്തിക്കാനുള്ള നടപടികൾ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ‘യുഎസിൽ നിന്ന് കൂടുതൽ പെട്രോളിയം ഉൽപ്പന്നങ്ങൾ ഇന്ത്യ വാങ്ങും. ഇന്ത്യ – യുഎസ് പുരോഗതിക്കു വേണ്ടി ഒരുമിച്ച് പ്രവർത്തിക്കും. ട്രംപുമായി യോജിച്ച് പ്രവർത്തിച്ച് ഇന്ത്യ – യുഎസ് ബന്ധം ശക്തിപ്പെടും. ആദ്യ ഘട്ടത്തെക്കാൾ വേഗത്തിൽ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകും. ഇരു രാജ്യങ്ങളും ഒന്നിച്ച് വികസനം ലക്ഷ്യമിട്ട് പ്രവർത്തിക്കും. യുഎസും ഇന്ത്യയും സംയുക്തമായി ഭീകരവാദത്തെ നേരിടും. ബോസ്റ്റണിൽ ഇന്ത്യ പുതിയ കോൺസുലേറ്റ് തുടങ്ങും’ – മോദി പറഞ്ഞു.
വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർക്കൊപ്പമാണ് മോദി വൈറ്റ് ഹൗസിലെത്തിയത്. ഡൊണൾഡ് ട്രംപ് വീണ്ടും യുഎസ് പ്രസിഡന്റായി ചുമതലയേറ്റ ശേഷം ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. രണ്ടാം തവണ അധികാരത്തിലെത്തിയ ട്രംപിനെ സന്ദർശിക്കുന്ന നാലാമത്തെ വിദേശ ഭരണാധികാരിയാണ് മോദി. മോദിയുടെ പ്രവർത്തനങ്ങളെ ട്രംപ് അഭിനന്ദിച്ചു. താനും മോദിയും ഉറ്റ സുഹൃത്തുക്കളാണെന്നും കഴിഞ്ഞ നാലു വർഷവും സൗഹൃദം നിലനിർത്തിയെന്നും ഡൊണൾഡ് ട്രംപ് പറഞ്ഞു.











