
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിൽ നടന്ന സ്വർണക്കൊള്ള ക്ഷേത്രപരമ്പര്യത്തെ ദുർബലപ്പെടുത്തുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സംഭവത്തിൽ സംസ്ഥാന സർക്കാരിനാണ് ഉത്തരവാദിത്വമെന്നും വിഷയത്തിൽ അന്വേഷണം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് തന്റെ “ഗ്യാരണ്ടി”യാണെന്നും മോദി പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന പൊതുപരിപാടിയിൽ സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ. കേരളത്തിൽ ബിജെപി അധികാരത്തിലെത്തിയാൽ സ്വർണക്കൊള്ളയിൽ പങ്കാളികളായ എല്ലാവരെയും ജയിലിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൽഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനം നടത്തിയ മോദി, കേരളത്തിൽ മാറ്റം അനിവാര്യമാണെന്നും എൽഡിഎഫും യുഡിഎഫും ചേർന്ന് സംസ്ഥാനത്തെ നശിപ്പിച്ചുവെന്നും ആരോപിച്ചു. ബിജെപി അധികാരത്തിലെത്തിയാൽ ഇരു മുന്നണികളുടെയും അഴിമതിക്ക് അവസാനം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കോർപറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയ വിജയത്തെയും പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ പരാമർശിച്ചു.
മോദിയുടെ പ്രസംഗം ഇങ്ങനെ:
"വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ കേരളത്തിൻ്റെ സ്ഥിതിയും ദിശയും മാറ്റും. ഇതുവരെ നിങ്ങൾ കേരളത്തിൽ രണ്ട് പക്ഷങ്ങളെ മാത്രമേ കണ്ടിട്ടുള്ളൂ- എൽ.ഡി.എഫും യു.ഡി.എഫും. രണ്ടും മാറിമാറി കേരളത്തെ നശിപ്പിച്ചിരിക്കുന്നു. എന്നാൽ, മൂന്നാമതൊരു പക്ഷം കൂടിയുണ്ട്. അത് വികസനത്തിൻ്റെയും നല്ല ഭരണത്തിൻ്റെയും പക്ഷമാണ്. അത് ബി.ജെ.പി.യുടെ പക്ഷമാണ്".
"എൽ.ഡി.എഫിനും യു.ഡി.എഫിനും വ്യത്യസ്ത പതാകകളുണ്ട്, എന്നാൽ ഒരേ അജണ്ടയാണ്. അഴിമതിയും ഉത്തരവാദിത്വമില്ലായ്മയും വർഗീയതയും. അഞ്ച് അല്ലെങ്കിൽ 10 വർഷത്തിന് ശേഷം അവർ അധികാരത്തിൽ വരുമെന്ന് അവർക്കറിയാം. സർക്കാർ മാറുന്നു, പക്ഷേ സിസ്റ്റം മാറുന്നില്ല. ഇപ്പോൾ നിങ്ങൾ ജനങ്ങൾക്ക് വേണ്ടിയുള്ളതും വികസനത്തിന് വേണ്ടിയുള്ളതുമായ ഒരു സർക്കാർ രൂപവത്കരിക്കണം,"
സംസ്ഥാനത്തെ ജനങ്ങൾക്ക് ബിജെപിയിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു."കേരള ജനത ബിജെപിയിൽ വലിയ വിശ്വാസം അർപ്പിച്ച് ഞങ്ങളോടൊപ്പം കൈകോർത്തു. ബിജെപിയുടെ വിജയം സാധാരണമല്ല; അത് ചരിത്രപരവും അഭൂതപൂർവ്വവുമാണ്. തിരുവനന്തപുരം കേരളത്തിൽ ബിജെപിയുടെ അടിത്തറയിട്ടു".
"കോൺഗ്രസ് മാവോയിസ്റ്റുകളെക്കാൾ കമ്മ്യൂണിസ്റ്റ് ആയിരിക്കുന്നു, മുസ്ലിം ലീഗിനെക്കാൾ വർഗീയമായിരിക്കുന്നു. ഈ വിശുദ്ധഭൂമിയെ അവരിൽനിന്ന് നാം രക്ഷിക്കണം. "കേരളത്തിന് പുതിയ രാഷ്ട്രീയം ആവശ്യമുണ്ട്. അടുത്ത 25 വർഷത്തിനുള്ളിൽ വികസിത കേരളം സൃഷ്ടിക്കാൻ ബിജെപിക്ക് നിർണായകമായ ജനഹിതം ആവശ്യമാണ്. ഇപ്പോൾ വികസിത കേരളത്തിൻ്റെ സമയമാണ്. ഇപ്പോൾ എൻഡിഎ സർക്കാരിൻ്റെ സമയമാണ്".











