02:30am 23 May 2026
NEWS
സാമ്പത്തിക വെല്ലുവിളി നേരിടാൻ മന്ത്രിമാർക്ക് മോദിയുടെ മൂന്ന് നിർദേശങ്ങൾ
22/05/2026  12:20 PM IST
nila
സാമ്പത്തിക വെല്ലുവിളി നേരിടാൻ മന്ത്രിമാർക്ക് മോദിയുടെ മൂന്ന് നിർദേശങ്ങൾ

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യവും ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സവും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന പശ്ചാത്തലത്തിൽ കേന്ദ്ര മന്ത്രിമാർക്ക് മൂന്ന് സുപ്രധാന നിർദേശങ്ങൾ നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് നിർദേശങ്ങൾ മുന്നോട്ടുവച്ചത്.

ഭരണനടപടികളിൽ വേഗതയും സുതാര്യതയും ഉറപ്പാക്കണമെന്നാണ് പ്രധാനമന്ത്രിയുടെ ആദ്യ നിർദേശം. സർക്കാർ ഫയലുകൾ അനാവശ്യമായി വൈകാതെ തീർപ്പാക്കുകയും ചുവപ്പുനാട നടപടികൾ ഒഴിവാക്കി ജനങ്ങൾക്ക് ഗുണകരമായ പദ്ധതികൾ അതിവേഗം നടപ്പാക്കുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ധനവിതരണത്തിൽ പ്രതിസന്ധി ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ബദൽ ഊർജ സ്രോതസുകളിലേക്ക് കൂടുതൽ ശ്രദ്ധ തിരിക്കണമെന്നും മോദി നിർദേശിച്ചു. ക്രൂഡ് ഓയിൽ, എൽപിജി എന്നിവയുടെ ലഭ്യതയെ ബാധിക്കാവുന്ന സാഹചര്യം കണക്കിലെടുത്ത് ബയോഗ്യാസ്, സൗരോർജം തുടങ്ങിയ മേഖലകളിൽ കൂടുതൽ നിക്ഷേപവും ഉപയോഗവും പ്രോത്സാഹിപ്പിക്കണമെന്നാണ് നിർദേശം.

പെട്രോൾ, ഡീസൽ വിലയിൽ അടുത്തിടെ ലിറ്ററിന് നാല് രൂപയോളം വർധനവ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ ഇന്ധനത്തിന്റെ അനാവശ്യ ഉപയോഗം കുറയ്ക്കാനും സാമ്പത്തിക അച്ചടക്കം പാലിക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. 2047ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുകയെന്ന ലക്ഷ്യത്തിൽ സർക്കാർ യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പശ്ചിമേഷ്യൻ പ്രതിസന്ധി നിരീക്ഷിക്കുന്നതിനായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിൽ അമിത് ഷാ, നിർമല സീതാരാമൻ, ഹർദീപ് സിങ് പുരി എന്നിവരടങ്ങുന്ന ഒരു ഉന്നതതല മന്ത്രിതല സംഘത്തെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യയിൽ ആവശ്യത്തിന് ക്രൂഡ് ഓയിൽ, എനർജി, എൽപിജി ശേഖരം ഉണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രാജ്നാഥ് സിങ് വ്യക്തമാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img