
ന്യൂഡൽഹി: തന്റെ അമ്മ ഹീരാബെന്നിനെ രാഷ്ട്രീയമായി അപമാനിച്ചതിലുള്ള വേദന പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദാരിദ്ര്യത്തിൽ കഷ്ടപ്പെട്ട് കുടുംബത്തെ പോറ്റിയ ഒരു അമ്മയെ അധിക്ഷേപിച്ചത് രാജ്യത്തെ ഒരു അമ്മയും സഹിക്കില്ലെന്ന് മോദി വികാരാധീനനായി പറഞ്ഞു.
"ഞാൻ അനുഭവിച്ച വേദന അത്ര വലുതാണ്. ബിഹാർ ജനത ആർജെഡിക്കും കോൺഗ്രസിനും മാപ്പ് നൽകില്ല," മോദി പറഞ്ഞു. അടുത്തിടെ വോട്ടർ അധികാർ യാത്രയ്ക്കിടെ ഹീരാബെന്നിനെതിരെ ചില നേതാക്കൾ മോശമായി സംസാരിച്ചതാണ് അദ്ദേഹത്തെ വേദനിപ്പിച്ചത്. ഇത് രാജ്യത്തെ എല്ലാ അമ്മമാരെയും സഹോദരിമാരെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് മോദി ചൂണ്ടിക്കാട്ടി.
രാഹുൽ ഗാന്ധിയെയും അദ്ദേഹം പരോക്ഷമായി വിമർശിച്ചു. "സ്വർണക്കരണ്ടിയുമായി രാജകുടുംബത്തിൽ ജനിച്ച 'യുവരാജാവിന്' ഒരു പാവപ്പെട്ട അമ്മയുടെ വേദന മനസ്സിലാകില്ല. അധികാരം ജന്മാവകാശമാണെന്ന് വിശ്വസിക്കുന്നവർ ദരിദ്രനായ ഒരമ്മയുടെ മകൻ പ്രധാനമന്ത്രിയായത് അംഗീകരിക്കുന്നില്ല," അദ്ദേഹം പറഞ്ഞു.
തന്റെ അമ്മ രാഷ്ട്രീയവുമായി ബന്ധമില്ലാത്ത ഒരു സാധാരണ സ്ത്രീയായിരുന്നുവെന്നും, 100 വയസ്സുവരെ ജീവിച്ച ആ അമ്മയെ അധിക്ഷേപിച്ചത് ആർജെഡി-കോൺഗ്രസ് പരിപാടിയിലായിരുന്നുവെന്നും മോദി പറഞ്ഞു. ഇതിന്റെ വേദന തന്റെ മുന്നിലിരിക്കുന്ന അമ്മമാരുടെ കണ്ണുകളിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം സ്ത്രീവിരുദ്ധ മനോഭാവമുള്ളവർ അധികാരത്തിൽ വരുന്നത് തടയണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ബിഹാറിലെ സഹകരണ പദ്ധതിയായ രാജ്യ ജീവിക നിധി സാഖ് സഹകാരി സംഘ് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. വോട്ടർ അധികാർ യാത്രയ്ക്കിടെ ധർബംഗയിൽ വെച്ച് രാഹുൽ ഗാന്ധിയുടെയും തേജസ്വി യാദവിന്റെയും സാന്നിധ്യത്തിലാണ് ചില പ്രവർത്തകർ പ്രധാനമന്ത്രിയുടെ അമ്മയ്‌ക്കെതിരെ അപകീർത്തികരമായ മുദ്രാവാക്യങ്ങൾ വിളിച്ചത്.











