
പട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷമായ പരാമർശവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ബിഹാറിൽ നടന്ന പൊതുപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെ, മോദി മാത്രമല്ല മോദിയുടെ അച്ഛൻ വരെ ഇറങ്ങിപ്പോകേണ്ടിവരുമെന്നായിരുന്നു ഖർഗെയുടെ വാക്കുകൾ. ബിജെപിക്കും കേന്ദ്രസർക്കാരിനുമെതിരേ വിമർശനം ഉന്നയിക്കുന്നതിനിടെ സദസ്സിൽനിന്ന് ഒരാൾ മോദിയെ അനുകൂലിച്ച് സംസാരിച്ചതാണ് ഖർഗെയെ പ്രകോപിപ്പിച്ചത്. സംഭവത്തിനുപിന്നാലെ മോദിയെ അനുകൂലിച്ചയാളെ സദസ്സിൽനിന്ന് പുറത്താക്കിയതായും റിപ്പോർട്ടുകളുണ്ട്.
പട്നയിൽ ഡോ. ശ്രീകൃഷ്ണ സിങ്ങിന്റെ 139-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സംഭവം. കേന്ദ്രസർക്കാരിനെയും ബിജെപിയെയും വിമർശിച്ചുകൊണ്ടുള്ള പ്രസംഗത്തിനിടെയാണ് സദസ്സിൽനിന്ന് ഒരാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ച് പ്രതികരിച്ചത്. മോദി എവിടേക്കും പോകില്ലെന്നായിരുന്നു ഇയാളുടെ പരാമർശം. ഇതോടെ പ്രകോപിതനായ ഖർഗെ കടുത്ത ഭാഷയിൽ മറുപടി നൽകുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി നുണ പറയുന്നുവെന്നും അധികാരത്തിലെത്തിയാൽ 100 ദിവസത്തിനുള്ളിൽ വിദേശത്തുള്ള മുഴുവൻ കള്ളപ്പണവും തിരിച്ചെത്തിക്കുമെന്ന വാഗ്ദാനം പാലിച്ചില്ലെന്നും ഖർഗെ ആരോപിച്ചു. ആ പണം എവിടെയാണെന്നും അദ്ദേഹം ചോദിച്ചു.
ഉത്തരാഖണ്ഡിൽ വേദി ശുദ്ധീകരിച്ചെന്ന വിവാദവുമായി ബന്ധപ്പെട്ടും ഖർഗെ ബിജെപിക്കെതിരേ വിമർശനം ഉന്നയിച്ചു. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ഉറപ്പുനൽകിയ ബിജെപി നേതാവ് ജെ.പി. നദ്ദ പിന്നീട് രാഹുൽ ഗാന്ധിക്കെതിരേ കേസെടുത്തുവെന്നാണ് ഖർഗെയുടെ ആരോപണം. വേദി ശുദ്ധീകരണവുമായി ബന്ധപ്പെട്ട സംഭവത്തിന് പിന്നിലുള്ളവരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ആർഎസ്എസിന്റെ പ്രത്യയശാസ്ത്രം രാജ്യത്ത് നിലനിൽക്കുന്നിടത്തോളം കാലം സമാധാനം ഉറപ്പാക്കാനാകില്ലെന്നും രൂപീകരണം മുതൽ സംഘടന വർഗീയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണെന്നും ഖർഗെ ആരോപിച്ചു. നിതീഷ് കുമാറിനെപ്പോലൊരു നേതാവ് ആർഎസ്എസുമായി കൈകോർത്തതിൽ ദുഃഖമുണ്ടെന്നും ബിഹാറിൽ ഇപ്പോഴും ജംഗിൾരാജ് തുടരുകയാണെന്നും അദ്ദേഹം വിമർശിച്ചു.
അതേസമയം, ഖർഗെയുടെ പരാമർശത്തിനെതിരേ ബിജെപി രംഗത്തെത്തി. കോൺഗ്രസ് അധ്യക്ഷന്റെ സമനില തെറ്റിയിരിക്കുകയാണെന്നും അദ്ദേഹത്തിന്റെ വാക്കുകൾ നിലവാരം വ്യക്തമാക്കുന്നതാണെന്നും ബിജെപി വിമർശിച്ചു.










