
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം ആഗോളതലത്തിൽ സൃഷ്ടിക്കുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളും അത് ഇന്ത്യയെ എപ്രകാരം ബാധിക്കുമെന്നതും ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ചു. ഇന്ന് വൈകിട്ട് ആറരയ്ക്ക് വീഡിയോ കോൺഫറൻസ് വഴിയാണ് നിർണ്ണായകമായ ഈ ചർച്ച നടക്കുന്നത്. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം കാരണം ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതും, അത് ആഭ്യന്തര വിപണിയിൽ പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വിലയെയും ലഭ്യതയെയും എങ്ങനെ ബാധിക്കുമെന്നതുമാണ് യോഗത്തിലെ പ്രധാന ചർച്ചാവിഷയം.
നിലവിൽ വിവിധ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ കേരളം, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, അസാം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ഈ യോഗത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പകരം, ഈ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി കാബിനറ്റ് സെക്രട്ടറി പിന്നീട് പ്രത്യേകം ചർച്ചകൾ നടത്തും.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 119 യു.എസ് ഡോളറിലേക്ക് ഉയർന്നതോടെ രാജ്യത്തെ ഇന്ധന വിപണിയിൽ ചലനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ആദ്യപടിയെന്നോണം പ്രമുഖ സ്വകാര്യ എണ്ണക്കമ്പനിയായ നയാര എനർജി പെട്രോൾ ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു. റഷ്യൻ കമ്പനിയായ റോസ്‌നെഫ്റ്റിന്റെ നേതൃത്വത്തിലുള്ള നയാര, ഇറക്കുമതി ചെലവ് വർദ്ധിച്ചതാണ് വില കൂട്ടാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തെ ഇന്ധന വിപണിയുടെ ഭൂരിഭാഗവും പൊതുമേഖലാ കമ്പനികളുടെ നിയന്ത്രണത്തിലായതിനാൽ നയാരയുടെ ഈ വിലവർദ്ധനവ് പെട്ടെന്ന് പൊതുജനങ്ങളെ ബാധിക്കില്ലെങ്കിലും വരും ദിവസങ്ങളിലെ സൂചനയായാണ് ഇതിനെ വിലയിരുത്തുന്നത്.
പൊതുമേഖലാ എണ്ണക്കമ്പനികൾ പ്രീമിയം പെട്രോൾ വിലയിൽ ഇതിനകം തന്നെ വർദ്ധനവ് വരുത്തിയിട്ടുണ്ട്. സാധാരണ പെട്രോളിനും ഡീസലിനും നിലവിൽ വില കൂട്ടിയിട്ടില്ലെങ്കിലും, പൊതുതിരഞ്ഞെടുപ്പിന് പിന്നാലെ വലിയൊരു വിലവർദ്ധനവ് ഉണ്ടായേക്കുമെന്നാണ് സൂചനകൾ. പശ്ചിമേഷ്യൻ പ്രതിസന്ധി ദീർഘകാലം നീണ്ടുനിന്നേക്കാമെന്നതിനാൽ, സംസ്ഥാന ഭരണകൂടങ്ങൾ സാഹചര്യത്തിനനുസരിച്ച് ഉയരണമെന്നും പ്രതിസന്ധി ലഘൂകരിക്കാനുള്ള മുൻകരുതലുകൾ എടുക്കണമെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്. കോവിഡ് കാലത്തെപ്പോലെ തന്നെ സംസ്ഥാനങ്ങളുമായി ചേർന്ന് പ്രതിസന്ധി മറികടക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.











