07:38pm 29 April 2026
NEWS
പ്രധാനമന്ത്രിയുടെ വസതിയിൽ നിർണായക യോഗങ്ങൾ
30/04/2025  01:18 PM IST
nila
പ്രധാനമന്ത്രിയുടെ വസതിയിൽ നിർണായക യോഗങ്ങൾ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ നിർണായക യോഗങ്ങൾ പുരോ​ഗമിക്കുന്നു.  7- ലോക് കല്യാൺ മാർഗിലുള്ള വസതിയിലാണ് കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ പങ്കെടുക്കുന്ന യോ​ഗങ്ങൾ നടകക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും അടക്കമുള്ള നേതാക്കൾ പ്രധാനമന്ത്രിയുടെ വസതിയിലെത്തി. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നിർണായക യോ​ഗങ്ങൾ നടക്കുന്നത്. 

പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ സുരക്ഷകാര്യ മന്ത്രിസഭാ സമിതി യോഗവും ഇന്ന് ചേരും. പ്രധാനമന്ത്രി മോദി രാഷ്ട്രീയകാര്യ മന്ത്രിസഭാ സമിതിയുടെ യോഗത്തിന് അധ്യക്ഷത വഹിക്കും. തുടർന്ന് മന്ത്രിസഭാ സാമ്പത്തിക കാര്യ സമിതിയുടെയും യോഗം ചേരും. അതിനുശേഷം മന്ത്രിസഭാ യോഗവും ചേരും. 

കേന്ദ്ര മന്ത്രിസഭയിലെ ഉന്നത മന്ത്രിമാർ ഉൾപ്പെടുന്ന രാഷ്ട്രീയകാര്യ മന്ത്രിസഭാ സമിതി യോഗം ഇതിൽ പ്രധാനമാണ്. സൂപ്പർ കാബിനറ്റ് എന്നാണ് രാഷ്ട്രീയകാര്യ മന്ത്രിസഭാ സമിതി അറിയപ്പെടുന്നത്. പുൽവാമ ഭീകരാക്രമണത്തെത്തുടർന്ന് 2019 ലാണ് സൂപ്പർ കാബിനറ്റ് അവസാനമായി ചേർന്നത്. ബാലാകോട്ട്‌ വ്യോമാക്രമണത്തിലൂടെയാണ് അന്ന് ഇന്ത്യ പ്രതികരിച്ചിരുന്നത്.

ദേശീയ പ്രാധാന്യമുള്ള പ്രധാന രാഷ്ട്രീയ, സാമ്പത്തിക വിഷയങ്ങൾ അവലോകനം ചെയ്യുന്നതിലും തീരുമാനമെടുക്കുന്നതിലും രാഷ്ട്രീയകാര്യ മന്ത്രിസഭാ സമിതിയോഗം നിർണായക പങ്ക് വഹിക്കുന്നുണ്ട്. 2019-ൽ രാഷ്ട്രീയകാര്യ സമിതി യോഗം ചേർന്നതിന് ശേഷമാണ് ബാലക്കോട്ടിൽ ഇന്ത്യൻ സൈന്യം വ്യോമാക്രമണം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, ധനമന്ത്രി നിർമ്മല സീതാരാമൻ, വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ എന്നിവരാണ് രാഷ്ട്രീയകാര്യ മന്ത്രിസഭാ സമിതിയിലെ നിലവിലെ അംഗങ്ങൾ.

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാന് തിരിച്ചടി നൽകുന്ന കാര്യത്തിൽ സേനകൾക്ക് പൂർണസ്വാതന്ത്ര്യം നൽകാൻ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിൽ തീരുമാനമെടുത്തിരുന്നു. സേനാമേധാവികളടക്കമുള്ളവർ പങ്കെടുത്ത യോഗത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img