03:23am 25 September 2026
NEWS
പത്തു വർഷം കൊണ്ട് മോദി നടത്തിയത് 762 കോടി രൂപയുടെ വിദേശ യാത്രകൾ
16/02/2026  09:57 AM IST
nila
പത്തു വർഷം കൊണ്ട് മോദി നടത്തിയത് 762 കോടി രൂപയുടെ വിദേശ യാത്രകൾ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകൾക്ക് പത്ത് വർഷം കൊണ്ട് ഖജനാവിൽ നിന്നും ചിലവഴിച്ചത് 762 കോടി രൂപ. 2025-ൽ മാത്രം മോദിയുടെ വിദേശയാത്രയുടെ ചെലവ് 175 കോടി കടന്നു. കേന്ദ്ര വിദേശകാര്യമന്ത്രാലയം ലോക്‌സഭയിൽ സമർപ്പിച്ച രേഖകകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

കേന്ദ്ര വിദേശകാര്യമന്ത്രാലയം വെള്ളിയാഴ്ച ലോക്‌സഭയിൽ നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് പ്രധാനമന്ത്രിയുടെ വിദേശയാത്രകളുടെ ചെലവും ഒപ്പമുള്ള പ്രതിനിധിസംഘങ്ങളുടെയും മറ്റ് വിശദാംശങ്ങളും പുറത്തുവിട്ടത്. 2024-ൽ വിദേശയാത്രകളുടെ വാർഷികച്ചെലവ് 100 കോടി രൂപയ്ക്ക് മുകളിലായിരുന്നുവെങ്കിൽ, 2025-ൽ യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക, കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലേക്കുള്ള പര്യടനങ്ങൾ മൂലം അത് 175 കോടി രൂപ കവിഞ്ഞതായും രേഖകൾ വ്യക്തമാക്കുന്നു.

യാത്രകളുമായി ബന്ധപ്പെട്ട ആതിഥേയത്വച്ചെലവുകളുടെ വലിയൊരു പങ്ക് ആതിഥേയ രാജ്യങ്ങളാണ് വഹിക്കുന്നതെന്നും, ഇന്ത്യയുടെ ഭാഗത്ത് നിന്ന് സുരക്ഷാക്രമീകരണങ്ങൾ, ഔദ്യോഗിക പ്രതിനിധികൾ, മാധ്യമസംഘം, മറ്റ് ലോജിസ്റ്റിക് ചെലവുകൾ എന്നിവയ്ക്കാണ് പ്രധാനമായും പണം ചെലവാകുന്നതെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

അതേസമയം, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് നയിച്ച സർക്കാരിന്റെ കാലത്ത് വിദേശയാത്രകളുടെ ചെലവ് താരതമ്യേന കുറവായിരുന്നുവെന്നും മറുപടിയിൽ ചൂണ്ടിക്കാട്ടുന്നു. 2011-ൽ അമേരിക്ക സന്ദർശിക്കാൻ 10.74 കോടി രൂപയും, 2013-ൽ റഷ്യൻ സന്ദർശനത്തിന് 9.95 കോടി രൂപയും, ഫ്രാൻസ് സന്ദർശനത്തിന് 8.33 കോടി രൂപയും, ജർമൻ സന്ദർശനത്തിന് 6.02 കോടി രൂപയും മാത്രമാണ് ചെലവഴിച്ചതെന്നാണ് ഔദ്യോഗിക കണക്ക്.

നരേന്ദ്രമോദിയുടെ വിദേശ യാത്രച്ചിലവ് വർധിക്കാനുള്ള കാരണവും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്. പണപ്പെരുപ്പം, കറൻസിയിലെ ഏറ്റക്കുറച്ചിലുകൾ, സഞ്ചരിച്ച രാജ്യങ്ങളുടെ എണ്ണം, യാത്രാദൂരം, സുരക്ഷാ ആവശ്യകതകൾ, പ്രതിനിധിസംഘത്തിന്റെ വലുപ്പം തുടങ്ങിയ ഘടകങ്ങൾമൂലമാണ് ചെലവ് വർധിച്ചതെന്നാണ് വിശദീകരണം. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img