08:28pm 29 April 2026
NEWS
ട്രംപിന്റെ ഭീഷണികൾക്കു മുന്നിൽ മുട്ടുമടക്കില്ലെന്ന സൂചനയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി
07/08/2025  11:15 AM IST
nila
ട്രംപിന്റെ ഭീഷണികൾക്കു മുന്നിൽ മുട്ടുമടക്കില്ലെന്ന സൂചനയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 50 ശതമാനം തീരുവ പ്രഖ്യാപിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മുന്നിൽ മുട്ടുമടക്കില്ലെന്ന സൂചനയുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യ താത്പര്യത്തിനാണ് തങ്ങൾ മുൻ​ഗണന നൽകുന്നതെന്നും അതിനായി എന്ത് വില കൊടുക്കാനും തയ്യാറാണെന്നും മോദി പറഞ്ഞു. കർഷകരുടെയും മത്സ്യത്തൊഴിലാളികളടക്കമുള്ളവരുടെയും താത്പര്യങ്ങളിൽ ഇന്ത്യ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്നും ഡൽഹിയിൽ എം.എസ്. സ്വാമിനാഥൻ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ മോദി വ്യക്തമാക്കി. 

''കർഷകരുടെ താത്പര്യത്തിനാണ് ഞങ്ങളുടെ പ്രഥമ പരിഗണന. ഇന്ത്യയിലെ കർഷകരുടെയും കന്നുകാലി വളർത്തുന്നവരുടെയും മത്സ്യത്തൊഴിലാളികളുടെയും താത്പര്യങ്ങളിൽ രാജ്യം ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല. ഇതിന് വ്യക്തിപരമായി വലിയ വില നൽകേണ്ടിവരുമെന്ന് എനിക്കറിയാം, പക്ഷേ ഞാൻ തയ്യാറാണ്. രാജ്യത്തെ കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും കന്നുകാലി വളർത്തുന്നവർക്കും വേണ്ടി ഇന്ത്യയും തയ്യാറാണ്". - മോദി പറഞ്ഞു.

 ട്രംപിന്റെ അധിക തീരുവകൾ നിലവിൽ വന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. റഷ്യയിൽനിന്ന് എണ്ണ വാങ്ങി യുക്രൈൻ യുദ്ധത്തിന് സഹായധനം നൽകുകയാണെന്നാരോപിച്ച് ഇന്ത്യയ്ക്ക് 25 ശതമാനം അധികത്തീരുവ ഈടാക്കുന്ന എക്സിക്യുട്ടീവ് ഉത്തരവിൽ ഡൊണാൾഡ് ട്രംപ് ബുധനാഴ്ച ഒപ്പിട്ടിരുന്നു. ഓഗസ്റ്റ് ഒന്നിനു പ്രഖ്യാപിച്ച 25 ശതമാനം പകരച്ചുങ്കം കൂടിച്ചേർത്ത് ഇന്ത്യൻ ചരക്കുകൾക്കുള്ള യുഎസ് തീരുവ ഇതോടെ 50 ആയി ഉയർന്നു. പകരച്ചുങ്കം വ്യാഴാഴ്ചയും അധികതീരുവ 21 ദിവസത്തിനകവും പ്രാബല്യത്തിൽവരും. റഷ്യൻ എണ്ണയുടെ കാര്യത്തിൽ സമവായമുണ്ടാക്കുന്നതിനുവേണ്ടിയാണ് 21 ദിവസത്തെ സമയം.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img