
മുഴുവൻ കശ്മീരിനെയും ഇന്ത്യയോട് ചേർക്കുക എന്നത് സർദാർ പട്ടേലിന്റെ സ്വപ്നമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പക്ഷേ ആ ദൗത്യം സഫലമാകുന്നതിൽ തടസ്സം നിന്നത് ജവാഹർലാൽ നെഹ്റുവാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. ഗുജറാത്തിലെ നർമ്മദ ജില്ലയിലെ ഏകതാ നഗരിയിൽ നടന്ന രാഷ്ട്രീയ ഏകതാദിന പരേഡിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം പറഞ്ഞത്.
“മറ്റു നാട്ടുരാജ്യങ്ങളെപ്പോലെ കശ്മീരും ഇന്ത്യയുമായി പൂർണമായി ഒന്നിക്കേണ്ടതായിരുന്നു. എന്നാൽ നെഹ്റുവിന്റെ നിലപാട് കാരണം അത് സംഭവിച്ചില്ല. കശ്മീരിന് പ്രത്യേകം ഭരണഘടനയും പതാകയും അനുവദിച്ചതാണ് രാജ്യത്തെ പതിറ്റാണ്ടുകളോളം ദുരിതത്തിലാഴ്ത്തിയത്. കോൺഗ്രസിന്റെ ആ തെറ്റിന്റെ വിലയാണ് രാജ്യം അടച്ചത്.”-മോദി പറഞ്ഞു.
പട്ടേലിന്റെ നേതൃത്വവും ദൂരദർശിത്വവും ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം പുനർരചിച്ചതായി പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. “സ്വാതന്ത്ര്യാനന്തരകാലത്ത് 550ലധികം നാട്ടുരാജ്യങ്ങളെ ഒന്നിപ്പിച്ചത് സർദാർ പട്ടേലിന്റെ അദ്വിതീയ നേട്ടമായിരുന്നു. ‘ഒരു ഇന്ത്യ, മികച്ച ഇന്ത്യ’ എന്ന ആശയം അദ്ദേഹത്തിന്റെ മനസ്സിൽ നട്ടുവളർന്നതായിരുന്നു. രാഷ്ട്രസേവനമാണ് തന്റെ ഏറ്റവും വലിയ സന്തോഷമെന്ന് പട്ടേൽ വിശ്വസിച്ചു,” മോദി പറഞ്ഞു.
സർദാർ പട്ടേലിന്റെ 150ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന പരേഡ് റിപ്പബ്ലിക് ദിനത്തെ ഓർമ്മിപ്പിക്കുന്നതായിരുന്നു. 182 മീറ്റർ ഉയരമുള്ള ‘സ്റ്റാച്യു ഓഫ് യൂണിറ്റി’യുടെ മുന്നിൽ ബിഎസ്എഫ്, സിഐഎസ്എഫ്, ഐടിബിപി, സിആർപിഎഫ്, എസ്എസ്ബി തുടങ്ങി അർധസൈനിക സേനകളും വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് യൂണിറ്റുകളും അണിനിരന്നു. വനിതാസേനയാണ് പരേഡ് നയിച്ചത്. ചടങ്ങിന്റെ തുടക്കത്തിൽ പ്രധാനമന്ത്രി പട്ടേലിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.











