05:14pm 06 November 2026
NEWS
ശരദ് പവാറിനെ വിളിച്ച് മോദി; സുപ്രിയ സുളെയെക്കുറിച്ചുള്ള പരാമർശം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നു
05/11/2026  06:49 AM IST
nila
 ശരദ് പവാറിനെ വിളിച്ച് മോദി; സുപ്രിയ സുളെയെക്കുറിച്ചുള്ള പരാമർശം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നു

മുംബൈ: ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തതിന് പിന്നാലെ എൻസിപി (എസ്‌പി) അധ്യക്ഷൻ ശരദ് പവാറിനെ ഫോണിൽ വിളിച്ച് ആരോഗ്യവിവരങ്ങൾ അന്വേഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഭാഷണത്തിനിടെ മകൾ സുപ്രിയ സുളെയെക്കുറിച്ച് മോദി നടത്തിയ പരാമർശമാണ് ഇപ്പോൾ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുന്നത്.

സുപ്രിയ സുളെ രാജ്യത്തിന്റെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ സജ്ജയാണെന്നും താനും അവർക്കൊപ്പമുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞതായി ശരദ് പവാറിന്റെ അടുത്ത അനുയായിയായ വിഠൽ മണിയാർ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി. ബുധനാഴ്ച രാവിലെയായിരുന്നു ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണം.

ശരദ് പവാറിനോട് പൂർണ വിശ്രമം വേണമെന്ന് സ്നേഹപൂർവം ആവശ്യപ്പെട്ട മോദി, സുപ്രിയ ഇപ്പോൾ അതിന് പ്രാപ്തയാണെന്നും രാജ്യത്തിന്റെ കാര്യങ്ങൾ നോക്കാൻ അവർക്കൊപ്പം തങ്ങളുണ്ടാകുമെന്നും അറിയിച്ചതായാണ് മണിയാർ വിശദീകരിച്ചത്.

ഇതിന് മറുപടിയായി, എല്ലാവരും ഒപ്പമുള്ളപ്പോൾ രാജ്യത്തെക്കുറിച്ച് തനിക്ക് ആശങ്കപ്പെടേണ്ടതില്ലെന്നും വിശ്രമത്തിലാണെന്നും ശരദ് പവാർ പറഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി. ആരോഗ്യവിവരങ്ങൾ അന്വേഷിച്ചതിന് പ്രധാനമന്ത്രിയോട് പവാർ നന്ദി അറിയിക്കുകയും ചെയ്തു. അതേസമയം, ഫോൺ സംഭാഷണത്തെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫിസോ ശരദ് പവാറോ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.

ചുമയും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് 85 കാരനായ ശരദ് പവാറിനെ നവംബർ രണ്ടിന് പൂണെയിലെ റൂബി ഹാൾ ക്ലിനിക്കിൽ പ്രവേശിപ്പിച്ചത്. മഹാരാഷ്ട്രയിലെ വരൾച്ച ബാധിത മേഖലകളിലെ സന്ദർശനത്തിന് പിന്നാലെയായിരുന്നു ആശുപത്രിവാസം. ആരോഗ്യനില തൃപ്തികരമാണെന്ന് മകളും ബാരാമതി എംപിയുമായ സുപ്രിയ സുളെ നേരത്തെ അറിയിച്ചിരുന്നു.

അതേസമയം, മോദിയുടെ ഫോൺ സംഭാഷണത്തിലെ സുപ്രിയയെക്കുറിച്ചുള്ള പരാമർശം പുതിയ രാഷ്ട്രീയ അഭ്യൂഹങ്ങൾക്കും കാരണമായിട്ടുണ്ട്. എൻസിപിയുടെ ശരദ് പവാർ, അജിത് പവാർ വിഭാഗങ്ങൾ തമ്മിലുള്ള ലയനസാധ്യതയും സുപ്രിയ സുളെ കേന്ദ്രമന്ത്രിസഭയിലെത്തുമെന്ന പ്രചാരണവുമാണ് വീണ്ടും സജീവമായിരിക്കുന്നത്.

ഈ വർഷം ജനുവരിയിലുണ്ടായ വിമാനാപകടത്തിൽ അജിത് പവാർ അന്തരിച്ചതോടെയാണ് എൻസിപിയിലെ രാഷ്ട്രീയ സമവാക്യങ്ങൾ വീണ്ടും മാറിയത്. തുടർന്ന് ഭാര്യ സുനേത്ര പവാർ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റെങ്കിലും ഇരുവിഭാഗങ്ങളും തമ്മിലുള്ള ലയന ചർച്ചകൾക്ക് മുന്നോട്ടുപോകാനായില്ല. കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ സഖ്യത്തിന്റെ പ്രധാന നേതാക്കളിലൊരാളായി സുപ്രിയ സുളെ തുടരുന്നതിനിടെയാണ് പുതിയ രാഷ്ട്രീയ ചർച്ചകൾ ഉയരുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img