
തുടർച്ചയായ ഇടിവിന് പിന്നാലെ കേരളത്തിലെ സ്വർണവിലയിൽ ഇന്ന് നേരിയ വർധന. ഗ്രാമിന് 15 രൂപ ഉയർന്ന് 14,385 രൂപയായി. പവന്റെ വില 120 രൂപ വർധിച്ച് 1,15,080 രൂപയിലെത്തി. അതേസമയം, വരും ദിവസങ്ങളിൽ യുഎസിലെ അടിസ്ഥാന പലിശനിരക്ക് ഉയരാനുള്ള സാധ്യത സ്വർണവിലയിൽ വീണ്ടും സമ്മർദമുണ്ടാക്കുമെന്നാണ് വിപണി വിലയിരുത്തൽ. രാജ്യാന്തര വിപണിയിലും സ്വർണവില നേരിയ തോതിൽ മാത്രമാണ് ഉയർന്നത്. ഔൺസിന് 1.8 ഡോളർ വർധിച്ച് 4,432 ഡോളറിലാണ് നിലവിലെ നിരക്ക്.
‘അത്യാവശ്യമില്ലെങ്കിൽ സ്വർണം വാങ്ങരുത്’; മോദി
അതിനിടെ, സ്വർണം വാങ്ങുന്നതിൽ നിയന്ത്രണം വേണമെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രംഗത്തെത്തി. ഇന്ത്യയുടെ 7.8 ശതമാനം ജിഡിപി വളർച്ച ചൂണ്ടിക്കാട്ടിയുള്ള സെൽഫി വിഡിയോയിലാണ് മോദിയുടെ നിർദേശം. ആത്മനിർഭരത ശക്തിപ്പെടുത്താനും പരമാവധി സ്വദേശി ഉൽപന്നങ്ങൾ വാങ്ങാനും അദ്ദേഹം ആഹ്വാനം ചെയ്തു. വിദേശയാത്രയും വിദേശത്ത് വിവാഹം നടത്തുന്നതും ഒഴിവാക്കണമെന്നും മോദി പറഞ്ഞു.
“വിദേശ യാത്ര ആനന്ദത്തിന് വേണ്ടിയാണെങ്കിൽ നിങ്ങൾ പോകരുത്. വിദേശത്ത് കല്യാണം കഴിക്കാനാണ് തീരുമാനമെങ്കിൽ അതും ഒഴിവാക്കണം. അത്യാവശ്യമില്ലെങ്കിൽ സ്വർണവും വാങ്ങരുത്,” എന്നായിരുന്നു മോദിയുടെ ആഹ്വാനം.
സ്വാതന്ത്ര്യത്തിന്റെ നൂറാം വർഷം ആഘോഷിക്കുമ്പോഴേക്കും യുവതലമുറയ്ക്ക് വികസിത ഇന്ത്യ സമ്മാനിക്കാൻ ഇത്തരം നടപടികൾ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി മോദി നിലവിൽ കിർഗിസ്ഥാനിലാണ്.
കേരളത്തിൽ 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10 രൂപ ഉയർന്ന് 11,815 രൂപയായി. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10 രൂപ വർധിച്ച് 9,205 രൂപയാണ് വില. 9 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 5 രൂപ കൂടി 5,935 രൂപയിലെത്തി. അതേസമയം, വെള്ളിവിലയിൽ ഇടിവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 5 രൂപ കുറഞ്ഞ് 250 രൂപയായി.










