
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷൻ സന്ദർശിച്ചു. ക്രിസ്മസ് ആഘോഷത്തിൽ പങ്കുചേരാനാണ് മോദി ക്രിസ്ത്യൻ പള്ളിയിലെത്തിയത്. ഇന്നു രാവിലെ നടന്ന കുർബാനയടക്കമുള്ള പ്രാർഥനാ ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുത്തു. കരോൾ ഗാനങ്ങൾ, സ്തുതിഗീതങ്ങൾ എന്നിവ അദ്ദേഹം ശ്രദ്ധയോടെ കേൾക്കുകയും ചെയ്തു. ചടങ്ങിൽ ഡൽഹി ബിഷപ്പ് ഡോ. പോൾ സ്വരൂപ് പ്രധാനമന്ത്രിക്കായി പ്രത്യേക പ്രാർത്ഥന നടത്തി.
ബിജെപി നേതാക്കളായ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ളവർ പ്രധാനമന്ത്രിക്കൊപ്പം പ്രാർത്ഥനകളിൽ പങ്കെടുത്തു. “സമാധാനത്തിന്റെയും അനുകമ്പയുടെയും പ്രത്യാശയുടെയും ആഘോഷമായ ക്രിസ്മസ് എല്ലാവർക്കും സന്തോഷം നൽകട്ടെ. യേശുക്രിസ്തുവിന്റെ വചനങ്ങൾ സമൂഹത്തിലെ ഐക്യം ഉറപ്പാക്കട്ടെ” എന്ന് പ്രധാനമന്ത്രി ക്രിസ്മസ് സന്ദേശത്തിൽ കുറിച്ചു.
മോദിയുടെ സന്ദർശനത്തിന് മുൻപ് ചില വിശ്വാസികൾ പള്ളിയുടെ മുൻഭാഗത്ത് പ്രതിഷേധം നടത്തി. വിഐപി സന്ദർശനത്തിന്റെ പേരിൽ ആരാധനാ സ്വാതന്ത്ര്യം നിയന്ത്രിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. എന്നാൽ, പള്ളിക്ക് മുന്നിൽ ബാരിക്കേഡ് സ്ഥാപിച്ചത് സുരക്ഷയുമായി ബന്ധപ്പെട്ട തീരുമാനം മാത്രമാണെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി, ആരെയും ബുദ്ധിമുട്ടിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.











