12:01pm 16 September 2026
NEWS
മോദിയും പിണറായിയും: ഒരേ ഭരണനയം എന്തുകൊണ്ട് ? മാവോവേട്ട മുതൽ പി.എം ശ്രീ വരെ
30/10/2025  01:17 PM IST
ചെറുകര സണ്ണീലൂക്കോസ്
മോദിയും പിണറായിയും: ഒരേ ഭരണനയം എന്തുകൊണ്ട് ? മാവോവേട്ട മുതൽ പി.എം ശ്രീ വരെ
HIGHLIGHTS

978.53 കോടി രൂപാ സംസ്ഥാനത്തിന് നഷ്ടപ്പെടുന്നതോ പി.എം.ശ്രീ പദ്ധതി എന്ന ബോർഡ് സ്‌ക്കൂളിൽ വയ്‌ക്കേണ്ടി വരുന്നതോ ഒന്നുമല്ല ഇതിലുള്ള യഥാർത്ഥ അപകടം. ആർ.എസ്.എസ് പ്രത്യയശാസ്ത്രത്തിനനുസൃതമായ വിദ്യാഭ്യാസം നൽകേണ്ടി വരും എന്നതുതന്നെയാണ്

തമിഴ്‌നാടും പശ്ചിമബംഗാളും പോലുള്ള സംസ്ഥാനങ്ങൾ ബി.ജെ.പിയുടെ കേന്ദ്രഭരണത്തിലെ തീവ്ര വലതുപക്ഷ നയങ്ങൾക്കെതിരെ ഭരണത്തിൽ ബദൽ നയങ്ങൾ നടപ്പാക്കുമ്പോൾ, ഇടതുപക്ഷ സർക്കാർ എന്നവകാശപ്പെടുന്ന കേരളത്തിലെ പിണറായി സർക്കാർ മോദി സർക്കാരിന്റെ പല വലതുപക്ഷ നയങ്ങളും വർദ്ധിത ആവേശത്തോടെ നടപ്പാക്കുകയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പി.എം. ശ്രീ പദ്ധയിൽ ഒപ്പുവയ്ക്കുവാനുള്ള തീരുമാനം. ഭരണനയങ്ങളിൽ ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള അകലം അനുദിനം വലുതായി വരുന്നു.

2020 ലെ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നത് പ്രദർശിപ്പിക്കുന്ന മാതൃകാസ്‌ക്കൂളുകളാണ് പ്രധാനമന്ത്രി സ്‌ക്കൂൾസ് ഫോർ റൈസിംഗ് ഇന്ത്യ അഥവാ പി.എം ശ്രീ വിദ്യാഭ്യാസപദ്ധതി. രാജ്യം മുഴുവൻ ദേശീയ വിദ്യാഭ്യാസ നയം(എൻ.ഇ.പി) നടപ്പാക്കുന്നതിന്റെ ഭാഗമായി ഒരു ബ്ലോക്കിൽ മികച്ച രണ്ട് സ്‌ക്കൂളുകളെ വീതം തെരഞ്ഞെടുത്ത് ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തി കേന്ദ്ര സർക്കാരിന്റെ അക്കാദമിക നിയന്ത്രണത്തിൽ ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കുന്നതാണ് പി.എം.ശ്രീ പദ്ധതി. കേന്ദ്രം തീരുമാനിക്കുന്ന പാഠ്യപദ്ധതിയാവും ഇവിടെ നടപ്പാക്കുക.

2014 നുശേഷം പാഠപുസ്തകപരിഷ്‌ക്കരണത്തിലൂടെയും സിലബസ് പരിഷ്‌ക്കരണത്തിലൂടെയും ഭരണഘടനാമൂല്യങ്ങൾ തമസ്‌ക്കരിക്കുകയും, ജനാധിപത്യവിരുദ്ധവും ശാസ്ത്രവിരുദ്ധവുമായ കാര്യങ്ങൾ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമാക്കിയും, ചരിത്രവസ്തുതകളെ വക്രീകരിച്ചും, വ്യാജ ചരിത്രങ്ങൾ നിർമ്മിച്ചും അധികാര കേന്ദ്രീകരണത്തിന്റെയും വർഗ്ഗീയതയുടെയും പ്രത്യയശാസ്ത്രം അടിച്ചേൽപ്പിക്കാൻ ബി.ജെ.പി സർക്കാർ നടത്തുന്ന കുറുക്കുവഴികളുടെ പരിണിതിയാണ് പി.എം.ശ്രീ പദ്ധതി. വ്യത്യസ്ത ഭാഷകൾക്കും, ബഹുസ്വരതയ്ക്കും, മതസാംസ്‌ക്കാരിക വൈവിധ്യങ്ങൾക്കും കേന്ദ്ര പാഠ്യ പദ്ധതിയിൽ ഒരു പ്രസക്തിയും ഉണ്ടാകില്ല.

കേന്ദ്ര സർക്കാരിന് ഇക്കാര്യത്തിൽ പ്രത്യേക അജണ്ടയുള്ളതുകൊണ്ടാണ് ഈ പദ്ധതി നടപ്പാക്കിയില്ലെങ്കിൽ സംസ്ഥാനത്തിന് അർഹതപ്പെട്ട ഫണ്ട് നിഷേധിക്കുമെന്ന നിലപാട് അവർ എടുത്തിട്ടുള്ളത്. പദ്ധതി നടപ്പാക്കിയാൽ കേരളത്തിലെ 332 സ്‌ക്കൂളുകൾക്കായി അഞ്ചുവർഷത്തെ കേന്ദ്രവിഹിതമായി 1008 കോടി രൂപ ലഭിക്കും. എന്നാൽ പദ്ധതി നടപ്പാക്കിയില്ലെങ്കിൽ 978.53 കോടി രൂപ സംസ്ഥാനത്തിന് നഷ്ടപ്പെടും. ചരിത്രത്തിലാദ്യമായാണ് ഒരു പ്രത്യേക പദ്ധതി നടപ്പാക്കിയില്ലെങ്കിൽ സംസ്ഥാനത്തിന് അർഹതെപ്പട്ട ഫണ്ട് നിഷേധിക്കുമെന്ന നിലപാട് കേന്ദ്രത്തിൽ നിന്നുണ്ടാകുന്നത്.

978.53 കോടി രൂപാ സംസ്ഥാനത്തിന് നഷ്ടപ്പെടുന്നതോ പി.എം.ശ്രീ പദ്ധതി എന്ന ബോർഡ് സ്‌ക്കൂളിൽ വയ്‌ക്കേണ്ടി വരുന്നതോ ഒന്നുമല്ല ഇതിലുള്ള യഥാർത്ഥ അപകടം. ആർ.എസ്.എസ് പ്രത്യയശാസ്ത്രത്തിനനുസൃതമായ വിദ്യാഭ്യാസം നൽകേണ്ടി വരും എന്നതുതന്നെയാണ്. അതുകൊണ്ട് തന്നെയാണ് ഈ പദ്ധതി പ്രഖ്യാപിച്ചപ്പോൾ രാജ്യത്തെ എല്ലാ ഇടതുപക്ഷ പാർട്ടികളും അവരോട് ആഭിമുഖ്യം പുലർത്തുന്ന വർഗ്ഗബഹുജന പ്രസ്ഥാനങ്ങളും പി.എം.ശ്രീ പദ്ധതിക്കെതിരായ ശക്തമായ നിലപാട് സ്വീകരിച്ചത്.

പി.എം.ശ്രീ പദ്ധതിയിൽ കേന്ദ്രവുമായി ഒപ്പിട്ടാലും ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി)ത്തിലെ തെറ്റായ അജൻഡകൾ കേരളത്തിൽ നടപ്പാക്കില്ലെന്നാണ് മന്ത്രി വി. ശിവൻകുട്ടിയും സി.പി.എം നേതൃത്വവും പറയുന്നത്. എന്നാൽ തികച്ചും അസാധ്യമായ കാര്യമാണെന്നറിഞ്ഞുകൊണ്ടുതന്നെ ജനങ്ങളെ കണ്ണിൽ പൊടിയിടുന്നതിനുവേണ്ടിയുള്ള അഭിപ്രായ പ്രകടനം മാത്രമാണിത്. പി.എം. ശ്രീ പദ്ധതിക്കായി സംസ്ഥാനവും കേന്ദ്ര സർക്കാരും തമ്മിലുള്ള ധാരണാപത്രത്തിന്റെ ആദ്യ ഉപാധിയായി പറയുന്നതുതന്നെ ദേശീയ വിദ്യാഭ്യാസനയത്തിലെ മുഴുവൻ നിബന്ധനകളും നടപ്പാക്കണമെന്നാണ്. വ്യവസ്ഥകൾ ഭാഗികമായി നടപ്പാക്കാതിരിക്കാനാകില്ലെന്നു സാരം.

കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു ബ്ലോക്കിലെ മികച്ച രണ്ട് സ്‌ക്കൂളുകൾ സെലക്ട് ചെയ്താൽ മറ്റ് സംസ്ഥാനങ്ങളിൽ പി.എം.ശ്രീയിൽ ഉൾപ്പെട്ട സ്‌ക്കൂളുകളേക്കാൾ അടിസ്ഥാനസൗകര്യങ്ങൾ ഉള്ള സ്‌ക്കൂളുകളാകും. അത്തരം സ്‌ക്കൂളുകളെ എൻ.ഇ.പി നടപ്പാക്കാനുള്ള കേന്ദ്രങ്ങളായി കേന്ദ്രത്തിന് വിട്ടുനൽകേണ്ട ഭൗതിക ആവശ്യമില്ല. പദ്ധതിയിൽ ഒപ്പിടുന്നതിലൂടെ കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്കായി കേന്ദ്രവിഹിതം നേടിയെടുക്കുക എന്നതാണ് ഉദ്ദേശം എന്നാണ് സി.പി.എം നേതൃത്വം പ്രചരിപ്പിക്കുന്നത്. പി.എം.ശ്രീ പദ്ധതിയുടെ പ്രഖ്യാപിത കാലാവധി അടുത്ത അധ്യയനവർഷം(2026-27) അവസാനിക്കുകയാണ്. കഴിഞ്ഞവർഷം പദ്ധതിയിൽ പങ്കാളിയാകാൻ സി.പി.എം നിർദ്ദേശം അനുസരിച്ച് പൊതുവിദ്യാഭ്യാസവകുപ്പ് തീരുമാനിക്കുകയും അന്നത്തെ വകുപ്പുസെക്രട്ടറി കേന്ദ്രത്തെ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ അന്ന് മന്ത്രിസഭായോഗത്തിൽ ചർച്ചയ്‌ക്കെത്തിയപ്പോൾ സി.പി.ഐ മന്ത്രിമാർ എതിർത്തതോടെ പിന്തിരിയുകയായിരുന്നു.

എന്നാൽ സംസ്ഥാന പൊതുവിദ്യാഭ്യാസമന്ത്രിക്ക് ഇപ്പോൾ പെട്ടെന്ന് ഈ പദ്ധതി നടപ്പാക്കണം എന്ന് ഉൾവിളിയുണ്ടാകാൻ കാരണം മുഖ്യമന്ത്രിയുടെ അടുത്തിടെയുള്ള ഡൽഹി സന്ദർശനമാെണന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ മാസം കേന്ദ്ര വിദ്യാഭ്യാസമന്ത്രി  ധർമ്മേന്ദ്ര പ്രധാനുമായി കേരള പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയെന്നുള്ളത് വാസ്തവമാണ്. എന്നാൽ മന്ത്രി ശിവൻകുട്ടിക്ക് ഇതുപോലെയൊരു വിഷയത്തിൽ അഭിപ്രായം പറയാൻ കഴിയില്ല.

മുഖ്യമന്ത്രി ഒക്‌ടോബർ ഒമ്പത്, പത്ത് തീയതികളിൽ ഡൽഹിയിൽ പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി തുടങ്ങിയവരുമായുള്ള കൂടിക്കാഴ്ചയിൽ വിവിധ വകുപ്പുകളിലും പദ്ധതികളിലും കേരളത്തിന് ലഭ്യമാകേണ്ടുന്ന സാമ്പത്തിക വിഹിതം സാങ്കേതിക കാരണങ്ങളാൽ തടസ്സപ്പെട്ടിരിക്കുന്നതിൽ പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ഇടപെടൽ മുഖ്യമന്ത്രി തേടിയപ്പോഴാണ് പി.എം.ശ്രീ നടപ്പാക്കിയാൽ കേരളത്തിന് വലിയ ഒരു തുക ലാഭിക്കുമല്ലോ എന്ന് തിരിച്ചവർ ചോദിക്കുന്നത്. അതിനുശേഷമാണ് പി.എം.ശ്രീയുടെ കാര്യത്തിൽ നിലപാട് എടുക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് മന്ത്രി ശിവൻകുട്ടിക്ക് നിർദ്ദേശം ലഭിക്കുന്നത്.

പെട്ടെന്ന് ഉയരാവുന്ന ഒരു ചോദ്യം തമിഴ്‌നാടും ബംഗാളും ഇക്കാര്യത്തിൽ കേന്ദ്രത്തിന് വഴങ്ങിയില്ലല്ലോ എന്നാണ്. ശരിയാണ് എൻ.ഇ.പി നടപ്പാക്കിയില്ലെങ്കിൽ തമിഴ്‌നാടിന് ഫണ്ട് തരില്ലെന്ന് കേന്ദ്രം പറഞ്ഞപ്പോൾ മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞത് കേന്ദ്രത്തിലേക്ക് നികുതിയടയ്ക്കുന്നത് നിർത്തിവയ്‌ക്കേണ്ടി വരുമെന്നായിരുന്നു. പതിനായിരം കോടി തന്നാലും തമിഴ്‌നാട്ടിൽ ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കില്ല, ആ പാപം ചെയ്യില്ല എന്നുപറയാനും സ്റ്റാലിൻ ആർജ്ജവം കാണിച്ചു.

എൻ.ഇ.പിയുടെ പ്രധാന നിബന്ധനകളെ ശക്തമായി എതിർത്ത തമിഴ്‌നാട് സുപ്രീംകോടതിയെ സമീപിച്ചാണ് കേന്ദ്രഫണ്ട് നേടിയെടുത്തത്.  അപ്പോഴും എൻ.ഇ.പിയിൽ ഒപ്പിടാത്തതിനാൽ സംസ്ഥാനത്തിന് ലഭിക്കേണ്ട 4,000 കോടി രൂപ കേന്ദ്രം തടഞ്ഞുവയ്ക്കുകയും വിദ്യാഭ്യാസഅവകാശ നിയമം(ആർ.ടി.ഇ) നടപ്പിലാക്കുന്നതിന് 450 കോടി രൂപ മാത്രം അനുവദിക്കുകയുമാണ് ചെയ്തത്. ലോക്‌സഭയിൽ ഇതിന്റെ പേരിൽ ഡി.എം.കെ എം.പിമാരും കേന്ദ്രമന്ത്രിയും തമ്മിൽ പലവട്ടം കൊമ്പുകോർത്തു. മാത്രമല്ല തമിഴ്‌നാട് അവരുടെ തനതു സാംസ്‌ക്കാരിക, സാമൂഹിക സാഹചര്യവുമായി ഒത്തുപോകുന്ന നയം പ്രാദേശിക പൈതൃകം, സാമൂഹികനീതി എന്നിവയ്ക്ക് ഊന്നൽ നൽകുന്ന ബദൽ വിദ്യാഭ്യാസനയം ആവിഷ്‌ക്കരിച്ചു.

പശ്ചിമബംഗാളിൽ പി.എം ശ്രീ നടപ്പാക്കാത്തിന്റെ പേരിൽ 1745 കോടിയിലധികം രൂപ കേന്ദ്ര സർക്കാർ പിടിച്ചുവെങ്കിലും നിലപാടിൽ വിട്ടുവീഴ്ചയില്ലെന്ന് മമതാ ബാനർജിയുടെ തൃണമൂൽ സർക്കാർ അസന്ദിഗ്ദ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. ദേശീയതൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസയോജന, പോലീസ് നവീകരണം തുടങ്ങിയ പലവിധ ഫണ്ടുകൾ കേന്ദ്ര നിബന്ധനകൾക്ക് വഴങ്ങാത്തതിനാൽ ബംഗാളിന് കൊടുക്കാതെ കേന്ദ്രം തടഞ്ഞുവെച്ചിട്ടുണ്ട്.

കഴിഞ്ഞ പത്തുവർഷത്തെ കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ സസൂക്ഷ്മം വിലയിരുത്തിയാൽ രണ്ട് കാര്യങ്ങൾ വ്യക്തമാകും. സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട സാമ്പത്തിക സഹായവും ആനുകൂല്യങ്ങളും ഏറ്റവും അധികം നിഷേധിക്കപ്പെട്ട മൂന്നുനാല് സംസ്ഥാനങ്ങളിലൊന്നായി കേരളവും ഉൾപ്പെടുന്നു. അതേസമയം രണ്ടാമത്തെ കാര്യം പ്രധാനമന്ത്രിയേയും കേന്ദ്രസർക്കാരിനെയും ഏറ്റവും കുറച്ച് വിമർശിച്ച, പ്രതിഷേധിച്ച, ഏറ്റുമുട്ടിയ സംസ്ഥാന ഭരണങ്ങളിൽ കേരളവും ഉൾപ്പെടുന്നു. അതിൽ കേരളം ഒഴിച്ചുള്ള സംസ്ഥാനങ്ങളെല്ലാം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളാണെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

'നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തും മുൻപുള്ള 10 വർഷം അന്വേഷണ ഏജൻസിയുടെ അന്വേഷണപരിധിയിൽ 60 ശതമാനം മാത്രമായിരുന്നു പ്രതിപക്ഷത്തെ നേതാക്കൾ. എന്നാൽ, നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നശേഷമുള്ള 10 വർഷം കേന്ദ്ര അന്വേഷണ ഏജൻസികൾ നടപടികൾ കൈക്കൊണ്ട ആകെയുള്ള കേസുകളിൽ 95%വും പ്രതിപക്ഷ നേതാക്കൾക്കെതിരേയാണ്. '- മോദി സർക്കാർ എതിർശബ്ദം അടിച്ചമർത്താനും പ്രതിപക്ഷത്തെ വേട്ടയാടാനും ഉപയോഗിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി 14 പ്രതിപക്ഷ പാർട്ടികൾ സുപ്രീംകോടതിയിൽ 2023 ഒടുവിൽ നൽകിയ കണക്കാണിത്. അതേസമയം തന്ത്രപൂർവ്വം കളം മാറിയതുവഴിയും കളം മാറാതെ തന്നെയും തന്ത്രപൂർവ്വം രഹസ്യധാരണകൾ ഉണ്ടാക്കി രക്ഷപ്പെട്ടുനിൽക്കുന്ന നേതാക്കളെയും കാണാതിരിക്കാൻ പാടില്ല. കളം മാറി രക്ഷപ്പെട്ടവരിൽ ഹിമന്ത ബിശ്വശർമ്മ, അശോക് ചവാൻ, അജിത് പവാർ, പ്രഫുൽ പട്ടേൽ, ഛഗൻ ഭുജ്ബൽ തുടങ്ങി നിരവധി പേരുണ്ട്. പട്ടികയിൽ കളം മാറാതെ തന്നെ വിധേയത്വം പ്രകടിപ്പിച്ചു രക്ഷപ്പെട്ടുനിൽക്കുന്നവരിൽ മുമ്പിൽ കേരളഭരണക്കാർ തന്നെയായിരിക്കും. എതിർപക്ഷത്തുള്ളവരെ വേട്ടയാടുന്നതിനൊപ്പം വിധേയത്വം കാണിക്കുന്നവരോടുള്ള അധികാരത്തിന്റെ താങ്ങും തലോടലും തെളിയിക്കുന്നത് മോദി ഭരണകൂടത്തിന്റെ പ്രതികാരരാഷ്ട്രീയവും അമിതാധികാര പ്രയോഗവുമാണ്.

പ്രതിപക്ഷ പാർട്ടികളിലെ മുഖ്യമന്ത്രിമാർ, ഉപമുഖ്യമന്ത്രിമാർ, മന്ത്രിമാർ, പാർട്ടികളുടെ ദേശീയ സംസ്ഥാന ഭാരവാഹികൾ അടക്കം കഴിഞ്ഞ പതിനൊന്നുവർഷം മോദിയും അമിത്ഷായും ചേർന്ന് കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ചോദ്യം ചെയ്യുകയും സ്വത്തു കണ്ടുകെട്ടുകയും, അറസ്റ്റ് ചെയ്യുകയും ജയിലിലടയ്ക്കുകയും ചെയ്ത പ്രതിപക്ഷ പാർട്ടികളിലെ നേതാക്കൾ നൂറുകണക്കിനാണ്. അങ്ങനെ നോക്കുമ്പോൾ രാജ്യത്തെ  കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ഭരണം നടക്കുന്ന ഏക സർക്കാരായ പിണറായി സർക്കാരിന് മോദി സർക്കാരിന്റെ പ്രത്യേക കൃപാകടാക്ഷം ലഭിച്ചു എന്ന് ആർക്കും നിഷേധിക്കാൻ കഴിയില്ല.

കേന്ദ്ര അന്വേഷണ ഏജൻസികൾ കേരളത്തിലെ ഭരണാധികാരികളുമായി ബന്ധപ്പെട്ട കേസുകളിൽ കാണിച്ച വിട്ടുവീഴ്ചയും ഔദാര്യവും രാജ്യത്ത് മറ്റൊരു പ്രതിപക്ഷ പാർട്ടികളും ഭരിക്കുന്ന സംസ്ഥാനങ്ങളിലുണ്ടായിട്ടില്ല എന്നതിന് ഒരു തർക്കത്തിനും ഇടയില്ല.
സി.പി.എം എന്ന പാർട്ടിയിലും കേരളരാഷ്ട്രീയത്തിലും ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ട് വലിയ കോളിളക്കം സൃഷ്ടിച്ച എസ്.എൻ.സി ലാവ്‌ലിൻ കേസിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇടപെട്ടു എന്ന് പുറംലോകം അറിയുന്നത് ഏതാനും ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ്.

പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എൻ.സി ലാവ്‌ലിൻ കമ്പനിയുമായി കേരളം കരാറിലേർപ്പെടുന്നത് 1997 ൽ പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരിക്കുമ്പോഴാണ്. ഈ കരാർ അവർക്ക് നൽകുമ്പോൾ മലബാർ കാൻസർ ആശുപത്രിക്ക് 98.30 കോടി രൂപ നൽകാമെന്ന് ലാവ്‌ലിനുമായി ധാരണയുണ്ടായിരുന്നു. അതുകൊണ്ടായിരിക്കണം കുറഞ്ഞ ചെലവിൽ പദ്ധതി നവീകരിക്കാമെന്ന 'ഭെല്ലി'ന്റെ ഓഫർ നിരസിച്ചതും, ഇത്തരം ഭീമമായ ചെലവുവരുന്ന നവീകരണം ആവശ്യമില്ലെന്ന ഇ. ബാലാനന്ദൻ കമ്മിറ്റിയുടെ 1997 ഫെബ്രുവരി 2 ലെ നിർദ്ദേശം തള്ളിയതും.

എന്നാൽ ആശുപത്രിക്ക് ലഭിച്ചത് കേവലം 8.98 കോടി രൂപ മാത്രമാണ്. ബാക്കിയുള്ള തുക ലാവ്‌ലിൻ കമ്പനി ഡയറക്ടറായിരുന്ന ദിലീപ് രാഹുലൻ വഴി കേരളത്തിലെ രാഷ്ട്രീയനേതൃത്വത്തിലേക്ക് എത്തിയെന്ന് ആക്ഷേപം ഉയർന്നു. ഈ അഴിമതിക്കെതിരെ സി.പി.എമ്മിനുള്ളിൽ മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദൻ ദീർഘകാലം പോരാടി. 2007 മാർച്ച് 18 ലക്കത്തിൽ കേരളശബ്ദം 'ലാവ്‌ലിൻ: ദിലീപ് രാഹുലിന്റെ പങ്ക് എന്ത്' എന്ന തലക്കെട്ടിൽ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു.

പദ്ധതി നവീകരണത്തിൽ സർക്കാരിന് വൻ നഷ്ടം ഉണ്ടായതായി കുറ്റപ്പെടുത്തുന്ന സി.എ.ജി റിപ്പോർട്ട് 2006 ഫെബ്രുവരി 6 ന് നിയമസഭയിൽ വെച്ച ശേഷമാണ് വിവാദം ആളിക്കത്തിയത്. കേസ് ഏറ്റെടുക്കാൻ സിബിഐയോട് 2007 ജനുവരി 16 ന് ഹൈക്കോടതി ഉത്തരവിട്ടു. ഗൂഢാലോചനയിൽ 1997 ലെ വൈദ്യുതി മന്ത്രിയുടെ പങ്ക് എടുത്തുപറയുന്ന കുറ്റപത്രം സി.ബി.ഐ 2009 ജൂൺ 11 ന് കോടതിയിൽ സമർപ്പിച്ചു.
2009 മുതൽ സി.ബി.ഐ കുറ്റപത്രത്തിനെതിരെ പിണറായി വിജയൻ കോടതി വ്യവഹാരം ആരംഭിച്ചു. 2013 നവംബർ അഞ്ചിന് സി.ബി.ഐ പ്രത്യേക കോടതി പിണറായിയെ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കി. ഈ വിധി 2017 ഓഗസ്റ്റ് 23 ന് ഹൈക്കോടതി ശരിവച്ചു. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ നൽകിയ അപ്പീൽ 2017 ഒക്‌ടോബർ മുതൽ സുപ്രീംകോടതിയിൽ പെന്റിംഗിലാണ്. ഒൻപതുവർഷത്തിനുള്ളിൽ 40 തവണയോളം സുപ്രീംകോടതി ഈ കേസ് അവധിക്ക് വെച്ചിട്ടുണ്ട്. അതിൽ 30 തവണയെങ്കിലും മാറ്റിവയ്ക്കാനിടയായത് സി.ബി.ഐ പക്ഷത്തുനിന്നുള്ള താൽപ്പര്യക്കുറവുകൊണ്ടാണ്. കേന്ദ്ര ഭരണാധികാരികളുടെ അറിവില്ലാതെ സി.ബി.ഐ ഇങ്ങനെയൊരു താൽപ്പര്യക്കുറവ് കാണിക്കില്ലെന്ന് ഉറപ്പാണ്.

2020 ൽ എസ്.എൻ.സി ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട് ഇ.ഡി ഒരു ഇൻഫർമേഷൻ റിപ്പോർട്ട്(ഇ.സി.ഐ.ആർ) രജിസ്റ്റർ ചെയ്തു. ഇതിന്റെ ഭാഗമായി 2023 ഫെബ്രുവരി 14 ന് രാവിലെ 10 ന് ഇ.ഡി ഓഫീസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരൺ ഹാജരാകണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് അഡ്രസിൽ സമൻസ് അയച്ചതായി ഇ.ഡിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ 'ഡീറ്റയിൽസ് ഓഫ് സമൻസ് ഇഷ്യൂസ്' എന്ന കോളത്തിൽ രേഖയുണ്ട്. എന്നാൽ ഇക്കാര്യം മാധ്യമശ്രദ്ധയിൽ വരുന്നത് 2025 ഒക്‌ടോബർ ആദ്യമാണെന്ന് മാത്രം.
മാധ്യമങ്ങളറിഞ്ഞില്ലെങ്കിലും ഇ.ഡി സമൻസ് പുറപ്പെടുവിച്ച വിവരം ക്ലിഫ് ഹൗസിലുള്ളവർ അപ്പോൾ തന്നെ അറിഞ്ഞിട്ടുണ്ടാവും എന്ന് 100 ശതമാനം ഉറപ്പാണ്. എന്നാൽ ആ സമൻസിന് തുടർനടപടികളുണ്ടാവാതെ ഇ.ഡിയുടെ കൈകെട്ടണമെങ്കിൽ അതിന് കേന്ദ്രഭരണാധികാരികൾ മനസ്സ് വയ്ക്കാതെ സാധിക്കില്ല.

2020 ജൂൺ 30 ന് ഒരു അജ്ഞാത രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ ദുബായിൽ നിന്നുള്ള നയതന്ത്ര ബാഗ് വഴി സ്വർണ്ണകള്ളക്കടത്ത് നടത്തിയത് പിടിച്ചെടുക്കുന്നതിനെ തുടർന്ന് പുറത്തുവന്നത് സംസ്ഥാന മുഖ്യമന്ത്രിയേയും ഓഫീസിനേയും കുടുംബത്തേയും ഗുരുതരമായി ബാധിക്കുന്ന സ്‌ഫോടനാത്മക വിവരങ്ങളായിരുന്നു. കസ്റ്റംസ് കേന്ദ്ര ഏജൻസിയാണെങ്കിലും മറ്റ് കേന്ദ്ര അന്വേഷണ ഏജൻസികളെല്ലാം അന്വേഷണത്തിനായി എത്തി. അവരെല്ലാം തുടങ്ങിവെച്ച അന്വേഷണം ഒരു ഘട്ടം കഴിഞ്ഞപ്പോൾ നിശ്ചലമായി. കേന്ദ്ര ഭരണാധികാരികളുടെ കൃത്യമായ നിർദ്ദേശമില്ലാതെ അങ്ങനെ സംഭവിക്കുകയില്ലെന്ന് ഉറപ്പാണ്.
എക്‌സാലോജിക് സൊല്യൂഷൻസ് എന്ന കമ്പനിക്ക് നൽകാത്ത സേവനത്തിന് കൊച്ചിയിലെ കരിമണൽ കമ്പനി 2017-2020 കാലത്ത് 1.72 കോടിരൂപ നൽകിയെന്നത് സംബന്ധിച്ച വിവരം ആദ്യമായി മനസ്സിലാക്കുന്നതും കേന്ദ്ര അന്വേഷണ ഏജൻസികളാണ്. എന്നിട്ടും അതിന്റെ തുടർനടപടികൾ ഉണ്ടാകാത്തതും കോടതി വ്യവഹാരങ്ങളിൽ നിന്ന് മുക്തമാക്കി നിയമനടപടികൾ കൈക്കൊള്ളാൻ അന്വേഷണ ഏജൻസികൾ താൽപ്പര്യം കാണിക്കാത്തതും കേന്ദ്ര സർക്കാരിന്റെ മനസ്സറിവോടെയാണെന്ന് സാമാന്യബുദ്ധിയുള്ളവർക്കെല്ലാം മനസ്സിലാവും.

ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും എന്നതാണല്ലോ നാട്ടുനടപ്പ്. ലോ ആന്റ് ഓർഡർ എഡിജിപി തൃശൂർ പൂരത്തിന് ബി.ജെ.പി സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ ചെയ്ത സേവനം മുതൽ പി.എം.ശ്രീ പദ്ധതി നടപ്പാക്കാൻ തയ്യാറാകുന്നതുവരെ പല വിട്ടുവീഴ്ചകളും അങ്ങോട്ടും ഇങ്ങോട്ടും കാണിക്കേണ്ടി വരും. അവിടെ സി.പി.ഐയുടെ തടസ്സവാദങ്ങൾ ഒരുപരിധിക്കപ്പുറം ഗൗനിക്കാൻ മുഖ്യമന്ത്രിക്ക് കഴിയാത്തതിൽ അത്ഭുതമില്ല. 'വിദ്യാഭ്യാസമേഖലയെ കാവി വൽക്കരിക്കാനുള്ള മോദിയുടെ പദ്ധതി'ക്ക് എം.എം. ബേബിയുടെ പാർട്ടി ഭരിക്കുന്ന കേരളം കീഴടങ്ങി.

സി.പി.എം കേന്ദ്രം നേതൃത്വം എതിർക്കുന്ന മാവോയിസ്റ്റുകൾക്ക് നേരെയുള്ള ഏറ്റുമുട്ടൽ കൊലകൾ, യു.എ.പി.എ തുടങ്ങിയവയെല്ലാം പിണറായി സർക്കാർ നടപ്പാക്കി. കണ്ണൂർ, വയനാട് ജില്ലകളിലെ മാവോയിസ്റ്റ് ബാധിത ജില്ലകളുടെ പട്ടികിയിൽ നിന്ന് കേന്ദ്ര  സർക്കാർ ഒഴിവാക്കിയപ്പോൾ പിണറായി വിജയൻ എന്ന മുഖ്യമന്ത്രി അമിത്ഷായെ നേരിൽക്കണ്ട് അപേക്ഷിച്ച് വീണ്ടും പട്ടികയിൽപ്പെടുത്തും എന്നുറപ്പുവാങ്ങി. കേന്ദ്രത്തിൽ നിന്ന് പണം വാങ്ങി കേന്ദ്രം നടത്തുന്ന മാവോയിസ്റ്റ് വേട്ട കേരളത്തിൽ തുടർന്നു നടപ്പാക്കും. ഇടതുപക്ഷതീവ്രവാദം ഉള്ളവരെ വെടിവെച്ചു കൊല്ലണം എന്ന കാര്യത്തിൽ മോദിക്കും പിണറായിക്കും ഒരേ മനസ്സാണ്. ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ ഭരണനയത്തിൽ ദൂരം അതിവേഗം കുറയുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img