
ആരുടേതാണോ സ്പീക്കർ അവരുടേതാണ് സർക്കാർ എന്നാണ് ഇന്ത്യൻ രാഷ്ട്രീയത്തെ കുറിച്ച് പൊതുവെ പറയപ്പെടുന്നത്. അതുകൊണ്ട് തന്നെ ബിജെപിക്ക് കേവല ഭൂരിപക്ഷമില്ലാത്ത ലോക്സഭയിൽ ആര് സ്പീക്കറാകും എന്നത് വളരെ പ്രധാനമാണ്. അതുകൊണ്ട് തന്നെയാണ് നിതീഷ് കുമാറിന്റെ ജെഡിയുവും ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയും സ്പീക്കർ പദവിക്കായി സമ്മർദ്ദം ശക്തമാക്കുന്നതും.
ഒരു സർക്കാരിനെ അധികാരത്തിൽ നിന്നും താഴെയിറക്കാൻ പോലും ശക്തനാണ് ലോക്സഭാ സ്പീക്കർ. 1999ൽ വാജ്‌പേയി സർക്കാർ അധികാരം വിട്ടൊഴിയേണ്ടി വന്നത് സ്‌പീക്കറുടെ തീരുമാനത്തെത്തുടർന്നായിരുന്നു. അത് എങ്ങനെയെന്ന് മനസ്സിലാകണമെങ്കിൽ ഇന്ത്യൻ പാർലമെന്റിൽ 1999ൽ എന്ത് സംഭവിച്ചു എന്നറിയണം. അന്ന് പ്രധാനമന്ത്രി എ ബി വാജ്പേയ് അവതരിപ്പിച്ച വിശ്വാസ പ്രമേയത്തിനെ അനുകൂലിച്ച് 269 വോട്ടും എതിർത്ത് 270 വോട്ടുകളുമാണ് ലഭിച്ചത്. ഒരു വോട്ട് സർക്കാരിനെ പിരിച്ചുവിടുന്നതിലേക്ക് നയിച്ചു.
1999 ലെ വാജ്‌പേയി സർക്കാരിൻ്റെ തകർച്ചയിൽ നിർണായക പങ്ക് വഹിച്ചത് അന്ന് സ്പീക്കറായിരുന്ന ടിഡിപി നേതാവ് ജിഎംസി ബാലയോഗി ആയിരുന്നു ഒഡീഷയിലെ കോൺഗ്രസ് നേതാവ് ഗിരിധർ ഗമാംഗ് ചെയ്ത ഒരു വോട്ടാണ് വാജ്പേയി സർക്കാരിൻ്റെ പതനത്തിലേക്ക് നയിച്ചത്. വിശ്വാസ വോട്ടെടുപ്പിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഒറീസ്സയുടെ (ഇപ്പോൾ ഒഡീഷ) മുഖ്യമന്ത്രിയായി ഗിരിധർ ഗമാംഗ് സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്നിട്ടും ഗമാംഗിനെ വോട്ടുചെയ്യാൻ സ്പീക്കർ അനുമതി നൽകി. അങ്ങനെ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിശ്വാസവോട്ട് പരാജയപ്പെട്ടു. ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയാണ് എന്ന് ചൂണ്ടിക്കാട്ടി ഗമാംഗിനെ വോട്ടുചെയ്യാൻ സ്പീക്കർ അനുവദിച്ചിരുന്നില്ല എങ്കിൽ ഇരുപക്ഷത്തും വോട്ടുകൾ തുല്യനിലയിലാകുകയും സ്പീക്കറുടെ ഒരു വോട്ടിൽ സർക്കാർ നിലനിൽക്കുകയും ചെയ്യുമായിരുന്നു.
ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം, ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു വീണ്ടും പാർട്ടിക്ക് വേണ്ടി ലോക്‌സഭാ സ്പീക്കർ സ്ഥാനം ചോദിക്കുകയാണ്. അതും ലോക്സഭയിൽ ബിജെപിക്ക് തനിച്ച് ഭൂരിപക്ഷമില്ലാത്ത സമയത്ത്. ലോക്‌സഭയിൽ കേവല ഭൂരിപക്ഷമുറപ്പിക്കാനാകാതെ പോയതോടെ സർക്കാർ രൂപീകരണത്തിനു വിയർത്ത ബി.ജെ.പി ഭാവിയിലും ഭരണപ്രതിസന്ധി മുന്നിൽകാണുന്നുണ്ട്. അതുകൊണ്ടുതന്നെ ബി.ജെ.പി തങ്ങളുടെ പാർട്ടി പിളർത്തുകയോ അപ്പാടെ തന്നെ ബിജെപിയിലേക്ക് കൂറുമാറ്റുകയോ ചെയ്യാനുള്ള സാഹചര്യം ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും മുൻകൂട്ടി കാണുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് സ്പീക്കർ എന്ന യഥാർഥ അധികാരം തങ്ങളുടെ കൈയിൽ തന്നെ ഉറപ്പിച്ച് ബി.ജെ.പിയുടെ ഭാവിയിലുള്ള ഏതു രാഷ്ട്രീയ നീക്കങ്ങൾക്കും ഇപ്പോൾ തന്നെ തടയിടാനുള്ള രാഷ്ട്രീയ തന്ത്രം ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും പയറ്റുന്നതും.
എന്നാൽ, തങ്ങളുടെ തന്നെ സർക്കാരിനെ സ്പീക്കർ തന്നെ അട്ടിമറിച്ച അനുഭവമുള്ള ബിജെപി ഈ സാഹചര്യത്തിൽ സ്പീക്കർ പദവി ജെഡിയുവിനോ തെലുങ്ക് ദേശം പാർട്ടിക്കോ നൽകാൻ ഇടയില്ല. ഇനി അഥവാ അങ്ങനെ നൽകേണ്ടി വന്നാലും തങ്ങളുടെ വിശ്വസ്തനായ ഒരാളെ മാത്രമേ ആ ചുമതല ഏൽപ്പിക്കൂ എന്നതാണ് വാസ്തവം.