
ലണ്ടൻ: ചരിത്രപ്രസിദ്ധമായ പേരായ ഈസ്റ്റ് ഇന്ത്യാ കമ്പനി വീണ്ടും ചരിത്രത്തിന്റെ താളുകളിലേക്ക് മടങ്ങുകയാണ്. ഇന്ത്യൻ വ്യവസായിയായ സഞ്ജീവ് മെഹ്ത 2010-ൽ പുനരുജ്ജീവിപ്പിച്ച ഈ ആഡംബര ബ്രാൻഡ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ലിക്വിഡേഷനിലേക്ക് നീങ്ങുന്നതായാണ് റിപ്പോർട്ടുകൾ.
ലണ്ടൻ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന കമ്പനി ഉയർന്ന നിലവാരമുള്ള ചായ, ചോക്കലേറ്റ്, മധുരപലഹാരങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയ ആഡംബര ഭക്ഷ്യവസ്തുക്കളാണ് വിപണിയിലെത്തിച്ചിരുന്നത്. Fortnum & Mason പോലുള്ള പ്രമുഖ സ്റ്റോറുകളോട് മത്സരിക്കുന്ന രീതിയിലായിരുന്നു ബ്രാൻഡിന്റെ വിപണി സാന്നിധ്യം.
വൻതോതിലുള്ള കടബാധ്യതയും നികുതി കുടിശ്ശികയുമാണ് കമ്പനി അടച്ചുപൂട്ടലിലേക്ക് എത്തിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഏകദേശം 10.5 കോടി രൂപയിലധികം ബാധ്യതയാണ് നിലവിലുള്ളത്. ഇതിനെ തുടർന്ന് ലണ്ടനിലെ മെയ്‌ഫെയറിലുള്ള 2,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പ്രധാന സ്റ്റോർ അടച്ചുപൂട്ടുകയും, വാടകയ്ക്ക് നൽകാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റും നിലവിൽ പ്രവർത്തനരഹിതമാണ്.
2025 ഒക്ടോബറിലാണ് ‘ഈസ്റ്റ് ഇന്ത്യ കമ്പനി ലിമിറ്റഡ്’ ലിക്വിഡേറ്റർമാരെ നിയമിച്ചത്. കമ്പനി ഇപ്പോൾ ക്രെഡിറ്റേഴ്‌സ് വോളന്ററി ലിക്വിഡേഷൻ ഘട്ടത്തിലാണ്. ലിക്വിഡേഷൻ രേഖകൾ പ്രകാരം, ബ്രിട്ടീഷ് വെർജിൻ ഐലൻഡ്സിലെ മാതൃകമ്പനിക്ക് 6 ലക്ഷം പൗണ്ടും, ബ്രിട്ടീഷ് സർക്കാരിന് നികുതിയിനത്തിൽ ഏകദേശം 1.93 ലക്ഷം പൗണ്ടും, ജീവനക്കാർക്ക് ശമ്പളമായി 1.63 ലക്ഷം പൗണ്ടും നൽകാനുണ്ട്.
മെഹ്തയുമായി ബന്ധപ്പെട്ട ‘ഈസ്റ്റ് ഇന്ത്യ കമ്പനി കളക്ഷൻസ് ലിമിറ്റഡ്’ എന്ന അനുബന്ധ സ്ഥാപനത്തിനെതിരെയും കടക്കാർ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. മറ്റ് നിരവധി ‘ഈസ്റ്റ് ഇന്ത്യ’ അനുബന്ധ കമ്പനികളും ഇതിനകം പിരിച്ചുവിടുകയോ നിയമപ്രശ്നങ്ങൾ നേരിടുകയോ ചെയ്യുന്ന നിലയിലാണ്.
1600 ഡിസംബർ 31-ന് ക്വീൻ എലിസബത്ത് I നൽകിയ റോയൽ ചാർട്ടർ വഴിയാണ് യഥാർത്ഥ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായത്. പിന്നീട് ഇന്ത്യയുടെ വലിയൊരു ഭാഗം ഭരിച്ച ശക്തിയാക്കി മാറിയ ഈ സ്ഥാപനത്തെ 1874-ൽ ഔദ്യോഗികമായി പിരിച്ചുവിട്ടിരുന്നു.
കൊളോണിയലിസത്തിന്റെ നെഗറ്റീവ് പ്രതീകമായിരുന്ന ഒരു നാമത്തെ ആധുനിക കാലത്ത് പോസിറ്റീവ് ബ്രാൻഡാക്കി മാറ്റണമെന്ന ലക്ഷ്യത്തോടെ സഞ്ജീവ് മെഹ്ത നടത്തിയ ശ്രമമാണ് ഇപ്പോൾ സാമ്പത്തിക തകർച്ചയിൽ അവസാനിക്കുന്നത്. 170 വർഷങ്ങൾക്ക് ശേഷം, ഈസ്റ്റ് ഇന്ത്യ കമ്പനി എന്ന പേര് വീണ്ടും ഒരു അന്ത്യം കുറിക്കുകയാണ്.











