
കൊച്ചി: മോഡലിങ് വാഗ്ദാനം ചെയ്ത് യുവതികളെ വിദേശത്തേക്ക് കൊണ്ടുപോയി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസിൽ മൂന്നാമത്തെ യുവതിയും അറസ്റ്റിൽ. പൊന്നാനി സ്വദേശിനിയായ മഞ്ജിമയാണ് ഏറ്റവും ഒടുവിൽ പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. നേരത്തെ ഗുരുവായൂർ സ്വദേശിനി ടോയ്സി സിന്ധുവിനെയും തിരുവനന്തപുരം പോങ്ങുവിള സ്വദേശിനിയായ മോഡൽ അലീന എബ്രഹാമിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അലീനയെ കൊച്ചിയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. സിന്ധുവിനെ മുംബൈയിൽ നിന്നും പിടികൂടി. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് കൊച്ചി സിറ്റി പൊലീസ് അറിയിച്ചു. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന സൂചനയെ തുടർന്ന് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.
ഇരുപത്തിയഞ്ചുകാരിയായ ഒരു മോഡൽ നൽകിയ പരാതിയോടെയാണ് കേസിന്റെ അന്വേഷണം ആരംഭിച്ചത്. മോഡലിങ് അവസരങ്ങളും ഉയർന്ന പ്രതിഫലവും വാഗ്ദാനം ചെയ്ത് യുവതിയെ ദുബായിലേക്ക് കൊണ്ടുപോയെന്നാണ് പൊലീസ് കണ്ടെത്തിയത്. അവിടെ എത്തിയ ശേഷം മയക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കിയതായും പിന്നാലെ നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി തുടർച്ചയായി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായും പരാതിയിൽ പറയുന്നു.
സംഭവത്തിൽ നിന്ന് രക്ഷപ്പെട്ട യുവതി നാട്ടിലെത്തി പരാതി നൽകിയതോടെയാണ് സംഘത്തിന്റെ പ്രവർത്തനം പുറത്തറിഞ്ഞത്. സമാനരീതിയിൽ വഞ്ചിക്കപ്പെട്ട മറ്റ് മൂന്ന് യുവതികളുടെ പരാതികളും പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ കൂടുതൽ യുവതികൾ ഭീഷണിയും മാനഹാനി ഭയവും കാരണം പരാതി നൽകാതെ ഇരിക്കാമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.
അറസ്റ്റിലായ അലീനയ്ക്ക് കൊച്ചിയിലെ ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്ന വിവരവും അന്വേഷണത്തിൽ പുറത്തുവന്നിട്ടുണ്ട്. മുൻപ് നിരവധി ക്രിമിനൽ കേസുകളിലും ഇവർ പ്രതിയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ വർഷം വൈറ്റില ബാർ സംഘർഷക്കേസിലും അലീനയുടെ പേര് ഉയർന്നിരുന്നു.
കൊച്ചിയെയും വിദേശരാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന വലിയ മനുഷ്യക്കടത്ത് ശൃംഖലയാണ് കേസിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. മോഡലിങ് ഏജൻസികളുടെ മറവിൽ പ്രവർത്തിക്കുന്ന ലഹരി-പെൺവാണിഭ ബന്ധങ്ങളെ കേന്ദ്രീകരിച്ചും പ്രത്യേക അന്വേഷണം പുരോഗമിക്കുകയാണെന്ന് മരട് പൊലീസ് അറിയിച്ചു.










