വയോധികനായ കാമുകന്റെ സ്വത്തിന് താനും അവകാശിയെന്നറിഞ്ഞതോടെ സന്തോഷ നൃത്തം ചവിട്ടി യുവതി സൈബർ ലോകത്ത് ചർച്ചയാകുന്നു. മോഡലായ ടൊറന്റോ സ്വദേശിനി ബ്രോൺവിൻ അറോറയാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന കാമുകന്റെ കിടക്കയ്ക്ക് സമീപം നൃത്തം ചെയ്ത് തന്റെ സന്തോഷം പ്രകടിപ്പിക്കുന്നത്. 85 വയസ്സുകാരനാണ് ഇരുപത്തിരണ്ടുകാരിയായ ബ്രോൺവിൻ അറോറയുടെ കാമുകൻ. കാമുകന്റെ വിൽപത്രത്തിൽ താനും ഇടംപിടിച്ചെന്നാണ് യുവതി സന്തോഷത്തോടെ പറയുന്നത്.
പതിറ്റാണ്ടുകളുടെ പ്രായവ്യത്യാസമുള്ള ഇരുവരും തമ്മിലുള്ള ബന്ധം മുൻപും വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. വീഡിയോ വൈറലായതിന് പിന്നാലെ രൂക്ഷ വിമർശനമാണ് യുവതിക്കെതിരെ നെറ്റിസൺസ് ഉയർത്തുന്നത്. ഇത് തമാശയ്ക്കായി ചിത്രീകരിച്ച വിഡിയോണെന്ന് വിശ്വസിക്കുന്നവരുമുണ്ട്. 85 വയസ്സുകാരനായ കാമുകനെ യുവതിയുടെ മറ്റ് സമീപകാല വിഡിയോകളിൽ ആരോഗ്യവാനായി കാണുന്നുണ്ട്. ഇതാണ് സമൂഹ മാധ്യമങ്ങളിൽ ഇങ്ങനെയൊരു അഭിപ്രായത്തിന് കാരണം.
ആശുപത്രി കിടക്കയ്ക്ക് സമീപം ആഹ്ലാദത്തോടെ നൃത്തം ചെയ്ത കാമുകിയുടെ പേര് വിൽപത്രത്തിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്.