
ന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയിലെ തിലക് നഗറിൽ 21കാരിയായ വിദ്യാർഥിനിയെ വീട്ടിൽക്കയറി കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് പിടിയിൽ. ജിം ട്രെയിനറായ ഇമ്രാൻ (26) ആണ് വെടിയേറ്റ് അറസ്റ്റിലായത്. പ്രതിയെ കണ്ടെത്തുന്നതിനായി നടത്തിയ തിരച്ചിലിനിടെയാണ് പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ഇമ്രാന് വെടിയേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ചയാണ് ഫാഷൻ മോഡലായ മുസ്കാൻ കൊല്ലപ്പെട്ടത്. വീട്ടിൽ തനിച്ചായിരുന്ന സമയത്ത് അതിക്രമിച്ചുകയറിയ ഇമ്രാൻ കത്തിയുപയോഗിച്ച് യുവതിയെ ആക്രമിക്കുകയായിരുന്നു. മുസ്കാന്റെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊലപാതകത്തിന് പിന്നാലെ പ്രതി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇമ്രാനെ കണ്ടെത്തിയത്.
മുസ്കാൻ നേരത്തെ ജിം പരിശീലനത്തിനായി എത്തിയിരുന്നയാളാണ് ഇമ്രാൻ. ഇടപാടുകാരോട് മോശമായി പെരുമാറിയതിനെ തുടർന്ന് ഏകദേശം രണ്ട് മാസം മുൻപ് ഇയാളെ ജിമ്മിൽനിന്ന് പിരിച്ചുവിട്ടിരുന്നതായി ജീവനക്കാർ പൊലീസിനോട് പറഞ്ഞു.
ഡൽഹി സർവകലാശാലയുടെ സ്കൂൾ ഓഫ് ഓപ്പൺ ലേണിങ്ങിൽ രണ്ടാം വർഷ വിദ്യാർഥിനിയായിരുന്നു മുസ്കാൻ. മംഗള ആശുപത്രിക്ക് സമീപം കുടുംബത്തോടൊപ്പം വാടകവീട്ടിലായിരുന്നു താമസം. കൊലപാതകത്തിന് പിന്നിലെ കാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണ്.










