
മേഘ്‌നയും സൗദിയിലെ ഉദ്യോഗസ്ഥനും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ് യുവതിയുടെ പിതാവ് പറയുന്നത്.
ബംഗ്ലാദേശിലെ പ്രമുഖ മോഡലും മുന്‍ മിസ് എര്‍ത്ത് ബംഗ്ലാദേശ് ജേതാവുമായ മേഘ്ന ആലത്തെ പൊലീസ് അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധം ഉയരുന്നു. രാജ്യസുരക്ഷക്ക് ഭീഷണിയെന്നാരോപിച്ചാണ് ഇക്കഴിഞ്ഞ ഒമ്പതാം തീയതി ബംഗ്ലാദേശ് പൊലീസ് മേഘ്നയെ അറസ്റ്റ് ചെയ്തത്. സൗദി അറേബ്യയിലെ നയതന്ത്ര ഉദ്യോഗസ്ഥനെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു എന്നാണ് യുവതിക്കെതിരായ ആരോപണം. ബംഗ്ലാദേശിന്റെ രാഷ്ട്രീയ - സാമ്പത്തിക മേഖലകളിൽ സൗദി അറേബ്യക്ക് നിർണായക പങ്കുണ്ട്.
മേഘ്നയുടെ അറസ്റ്റിനെതിരേ ബംഗ്ലാദേശില്‍ പ്രതിഷേധം ശക്തമാകുകയാണ്. യുവതിയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആശങ്കയറിയിച്ചു രംഗത്ത് വന്നു. ഒന്നുകില്‍ അവര്‍ക്കെതിരേ അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കാവുന്ന കുറ്റം ചുമത്തണമെന്നും അല്ലെങ്കില്‍ അവരെ വിട്ടയക്കണമെന്നുമാണ് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആവശ്യപ്പെടുന്നത്. സൗദി നയതന്ത്ര ഉദ്യോഗസ്ഥനുമായുള്ള പ്രണയബന്ധത്തിൽ നിന്നും പിന്മാറിയതിനെ തുടർന്നുള്ള പ്രതികാരമാണ് അറസ്റ്റ് എന്നാണ് യുവതിയുടെ പിതാവ് ആരോപിക്കുന്നത്.
പൊലീസ് ഉദ്യോഗസ്ഥര്‍ തന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറുന്നുവെന്ന് ആരോപിച്ച് മേഘ്‌ന ഫേയ്‌സ്ബുക്കില്‍ ലൈവ് വീഡിയോ പങ്കുവച്ചിരുന്നു. പൊലീസിന്റെ നടപടികളുമായി സഹകരിക്കാന്‍ താന്‍ തയ്യാറാണെന്ന് മേഘ്‌ന വീഡിയോയില്‍ പറയുന്നുണ്ട്. ധാക്ക കോടതിയില്‍ ഹാജരാക്കിയ യുവതിയെ പിന്നീട് കാഷിംപുര്‍ ജയിലിലേക്ക് മാറ്റി. അറസ്റ്റിന് മുന്‍പ് വിദേശ നയതന്ത്ര ഉദ്യോഗസ്ഥനെതിരേ മേഘ്ന ഒട്ടേറെ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. അന്വേഷണ ഏജന്‍സികളുടെ സഹായത്തോടെ ഇദ്ദേഹം തന്നെ നിശബ്ദയാക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു ആരോപണം.
മേഘ്‌നയും സൗദിയിലെ ഉദ്യോഗസ്ഥനും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ് യുവതിയുടെ പിതാവ് പറയുന്നത്. എന്നാല്‍ മകള്‍ ഉദ്യോഗസ്ഥന്റെ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും പിതാവ് പറയുന്നു. തനിക്ക് മറ്റൊരു ഭാര്യയും കുട്ടികളും ഉണ്ടെന്ന വിവരം സൗദിയിലെ ഉദ്യോഗസ്ഥന്‍ മറച്ചുവച്ചുവെന്നും ഇക്കാര്യം പിന്നീട് മകള്‍ അറിഞ്ഞതോടെയാണ് ബന്ധത്തില്‍ നിന്ന് പിന്‍മാറിയതെന്നും മേഘ്‌നയുടെ പിതാവ് ബദറുല്‍ ആലം പറയുന്നു.