
ദഹാനു: ട്രെയിനിലെ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് റേസർ ബ്ലേഡുപയോഗിച്ച് ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ് ചെക്കറെയും ആക്രമിച്ച മോഡലും നടിയുമായ യുവതി അറസ്റ്റിൽ. താനെ സ്വദേശിനിയായ അന്തരാ സോഹം ബാനർജി (31) ആണ് പിടിയിലായത്. ബന്ദാ–ഗംഗാനഗർ അരവാലി എക്സ്പ്രസിൽ ഓഗസ്റ്റ് 12ന് രാത്രിയായിരുന്നു സംഭവം.
വെബ് സീരീസ് ചിത്രീകരണത്തിനായി സൂറത്തിലേക്ക് പോകുകയായിരുന്ന അന്തരാ സ്ലീപ്പർ ക്ലാസ് ടിക്കറ്റുമായാണ് ട്രെയിനിലെ എസി കോച്ചിൽ കയറിയത്. തുടർന്ന് മറ്റൊരു യാത്രക്കാരൻ റിസർവ് ചെയ്ത സീറ്റിൽ ഇരുന്ന യുവതിയോട് സീറ്റ് ഒഴിയാൻ ആവശ്യപ്പെട്ടതോടെയാണ് തർക്കം ആരംഭിച്ചത്.
പ്രശ്നത്തിൽ ടിക്കറ്റ് എക്‌സാമിനർ ഹരിതേഷ് ത്രിപാഠിയും ആർപിഎഫ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ യാമിനി കാന്ത് മിശ്രയും കോൺസ്റ്റബിൾ രാജേഷ് കുമാറും ഇടപെട്ടു. എന്നാൽ യുവതി ഉദ്യോഗസ്ഥരോടും യാത്രക്കാരോടും അസഭ്യം പറയുകയും കൂടുതൽ അക്രമാസക്തയാവുകയും ചെയ്തെന്നാണ് റിപ്പോർട്ട്. ഇതിനിടെ യുവതി സ്വന്തം വസ്ത്രങ്ങളും അഴിച്ചുമാറ്റി.
തുടർന്ന് കൈവശമുണ്ടായിരുന്ന റേസർ ബ്ലേഡ് ഉപയോഗിച്ച് ആർപിഎഫ് എഎസ്ഐ യാമിനി കാന്ത് മിശ്രയെയും ടിടിഇയെയും ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഉദ്യോഗസ്ഥർക്കും യുവതിക്കും പരിക്കേറ്റു. ഉദ്യോഗസ്ഥരുടെ യൂണിഫോമുകൾ കീറുകയും മൊബൈൽ ഫോൺ തകരാറിലാക്കുകയും ചെയ്തതായും റെയിൽവേ പോലീസ് അറിയിച്ചു.
സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ആർപിഎഫ് ഉദ്യോഗസ്ഥർ എസി കോച്ചിന്റെ വാതിലുകൾ അടച്ചുപൂട്ടി. ഇതോടെ പുറത്തുകടക്കാൻ ശ്രമിച്ച യുവതി കോച്ചിന്റെ ജനൽച്ചില്ല് തകർത്തതായും പൊലീസ് പറയുന്നു.
തുടർന്ന് ദഹാനു റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ ജിആർപി യുവതിയെ കസ്റ്റഡിയിലെടുത്തു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ആക്രമണം, പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തു. ചോദ്യം ചെയ്യലിന് ശേഷം അന്തരയ്ക്ക് ജാമ്യം ലഭിച്ചു.
എസി കോച്ചിൽ സീറ്റ് ലഭിക്കാതിരുന്നതിലുള്ള നിരാശയാണ് യുവതിയുടെ അക്രമത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.










