01:50am 17 July 2026
NEWS
‘മര്യാദയ്ക്ക് ഇരുന്നില്ലെങ്കിൽ നിയമം കയ്യിലെടുക്കേണ്ടി വരും’; വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് എം.എം. മണിയുടെ മുന്നറിയിപ്പ്
16/07/2026  03:16 PM IST
nila
‘മര്യാദയ്ക്ക് ഇരുന്നില്ലെങ്കിൽ നിയമം കയ്യിലെടുക്കേണ്ടി വരും’; വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് എം.എം. മണിയുടെ മുന്നറിയിപ്പ്

വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത വിമർശനവും മുന്നറിയിപ്പുമായി സിപിഎം നേതാവ് എം.എം. മണി. റവന്യു ഭൂമി വനംവകുപ്പ് കൈയേറുകയാണെന്ന് ആരോപിച്ച് കഞ്ഞിക്കുഴിയിലെ നഗരംപാറ റേഞ്ച് ഓഫിസിന് മുന്നിൽ കർഷക സംഘം സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് വിവാദ പരാമർശങ്ങൾ നടത്തിയത്. വീട്ടിൽ ഭാര്യയും മക്കളും ഉണ്ടെന്ന കാര്യം ഉദ്യോഗസ്ഥർ ഓർക്കണമെന്ന് എം എം മണി ഭീഷണി മുഴക്കി. 

വനംവകുപ്പ് ഉദ്യോഗസ്ഥർ മര്യാദ പാലിക്കണമെന്നും അല്ലാത്തപക്ഷം അവർക്ക് വഴിയേ നടക്കാൻ കഴിയില്ലെന്നും, സാഹചര്യം നിർബന്ധിതമാക്കിയാൽ നിയമം കയ്യിലെടുക്കേണ്ടി വരുമെന്നുമാണ് എം.എം. മണി പറഞ്ഞത്. ഉദ്യോഗസ്ഥർക്ക് വീട്ടിൽ കുടുംബമുണ്ടെന്ന കാര്യം ഓർക്കണമെന്നും, പൊതുപ്രവർത്തനത്തിനിറങ്ങുന്നവർ തിരിച്ചെത്തുമെന്ന് ഉറപ്പുപറഞ്ഞല്ല ഇറങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

150 വർഷങ്ങൾക്ക് മുമ്പ് വനഭൂമിയായിരുന്നു എന്ന പേരിൽ നിലവിൽ ആളുകൾ താമസിക്കുന്ന സ്ഥലങ്ങൾ പിടിച്ചെടുക്കാൻ ശ്രമിക്കരുതെന്നും, അത്തരം നീക്കമുണ്ടായാൽ ശക്തമായി പ്രതിരോധിക്കുമെന്നും മണി മുന്നറിയിപ്പ് നൽകി.

പ്രസംഗത്തിനിടെ മുഖ്യമന്ത്രിയെയും വനംവകുപ്പ് മന്ത്രിയെയും അദ്ദേഹം വിമർശിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരത്ത് ഇരുന്നാൽ മതി. സെക്രട്ടേറിയറ്റിലേക്ക് ജനങ്ങളെ അണിനിരത്താൻ മടിയില്ലെന്നും മണി പറഞ്ഞു. വനംമന്ത്രി ഷിബു ബേബി ജോണിന്റെ പിതാവിന് നല്ല പേരുണ്ടായിരുന്നുവെന്നും, അതിന്റെ പേരിൽ ആരെയും ഭയപ്പെടുത്താൻ ശ്രമിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Idukki
img