NEWS
എംഎൽഎസ് നിയന്ത്രണം ഫലം കാണുന്നു, കിളിമീൻ ഉൽപദാനം 41 ശതമാനം കൂടിയെന്ന് സിഎംഎഫ്ആർഐ പഠനം
20/07/2024 05:06 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി

HIGHLIGHTS
കൊച്ചി: ചെറുമീൻ പിടിത്തം നിരോധിക്കുന്ന മിനിമം ലീഗൽ സൈസ് (എംഎൽഎസ്) നിയന്ത്രണം നടപ്പിലാക്കിയതിന് ശേഷം കിളിമീൻ ഉൽപാദനം 41 ശതമാനം കൂടിയതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) പഠനം. ചെറുമീൻപിടുത്തത്തിന് ഏറ്റവും കൂടുതൽ വിധേയമായ മത്സ്യയിനമാണ് കിളിമീൻ.
കേരളത്തിലെ മത്സ്യബന്ധനവും സുസ്ഥിര വികസനവും എന്ന വിഷയത്തിൽ സിഎംഎഫ്ആർഐയിൽ സംഘടിപ്പിച്ച ഗുണഭോകതൃ ശിൽപശാലയിലാണ് പഠനം അവതരിപ്പിച്ചത്. നിരോധനത്തിന് ശേഷം കിളിമീനുകളുടെ അംഗസംഖ്യാ വർധനവിലും പ്രജനന മൊത്ത ലഭ്യതയിലും വർധനവുണ്ടായി. എംഎൽഎസ് നിയന്ത്രണം മൂല്യശൃംഖലയിലുടനീളം നടപ്പാക്കുന്നത് ഗുണകരമാകും. വലയുടെ കണ്ണിവലിപ്പ നിയന്ത്രണം കർശനമായി പാലിക്കുന്നത് കുറേക്കടി ഫലപ്രദമാകുമെന്നും സിഎംഎഫ്്ആർഐ നിർദേശിച്ചു.
സമുദ്രമത്സ്യ മേഖലയുമായി ബന്ധപ്പെട്ട് സിഎംഎഫ്ആർഐയുടെ വിവിധ ഗവേഷണഫലങ്ങൾ മത്സ്യത്തൊഴിലാളികളുമായും മറ്റ് അനുബന്ധമേഖലളിൽ പ്രവർത്തിക്കുന്നവരുമായി ചർച്ച ചെയ്യുന്നതിനാണ് ശിൽപശാല സംഘടിപ്പിച്ചത്.
ശിൽപശാലയിൽ മറൈൻ ബയോഡൈവേഴ്സിറ്റി ആന്റ് എൺവയൺമെന്റ് മാനേജ്മെന്റ് വിഭാഗം മേധാവി ഡോ ഗ്രിൻസൻ ജോർജ് അധ്യക്ഷത വഹിച്ചു.
സിഎംഎഫ്ആർഐയുടെ ഗവേഷണഫലങ്ങൾ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ ടി എം നജ്മുദ്ധീൻ അവതരിപ്പിച്ചു.
ചെറുമീനുകളെ പിടിക്കാതെ വളരാൻ അനുവദിച്ചാൽ മത്സ്യമേഖലക്ക് അധികലാഭമുണ്ടാക്കാനും മീനുകളെ വംശനാശഭീഷണിയിൽ നിന്ന് രക്ഷിക്കാനുമാകും. കിളിമീൻ, ചാള, കൂന്തൽ, അരണമീൻ, കറൂപ്പ് എന്നിവയുടെ ചെറുമത്സ്യബന്ധനം കാരണം കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ 1777 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ചെറുമീൻ പിടിത്തം കാരണം ഈ അഞ്ച് മത്സ്യയിനങ്ങളുടെ ശരാശരി വാർഷിക നഷ്ടം 216 കോടി രൂപയാണ്. ്-സിഎംഎഫ്ആർഐയുടെ പഠനം ചൂണ്ടിക്കാട്ടി.
എറണാകുളം, ആലപ്പുഴ, മലപ്പുറം എന്നീ ജില്ലകളിൽ സിഎംഎഫ്ആർഐ നടത്തിയ പഠനത്തിൽ, കോവിഡിന് ശേഷം ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം തുടങ്ങിയവക്കായി മത്സ്യത്തൊഴിലാളികളുടെ ഉപഭോഗചിലവിൽ കുറവ് വന്നതായി കണ്ടെത്തി. എറണാകുളം ജില്ലയിൽ 34 ശതമാനവും ആലപ്പുഴയിൽ 13 ശതമാനവും മലപ്പുറത്ത് 11 ശതമാനവുമാണ് കുറവ്
ഡോ ശോഭ ജോ കിഴക്കൂടൻ, ഡോ എ പി ദിനേശ്ബാബു, ഡോ വിവിആർ സുരേഷ്, ഡോ ആർ വിദ്യ, ഡോ ലിവി വിൽസൺ എന്നിവർ സംസാരിച്ചു.
യാനങ്ങളുടെ വർധനവ്, നശീകരണ മത്സ്യബന്ധനരീതികൾ, ചെറുമീൻപിടുത്തം, ചെമ്മീനിന്റെ വിലക്കുറവ്, പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യപ്രശ്നങ്ങൾ, തീരക്കടലിനപ്പുറം നിയന്ത്രണമില്ലാത്ത അവസ്ഥ, മത്സ്യസമ്പത്തിന്റെ ശോഷണം തുടങ്ങിയ വിഷയങ്ങളിൽ ഫലപ്രദമായ ഇടപെടലുണ്ടാകണമെന്ന് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.