
കഴിഞ്ഞ ഡിസംബറിൽ മൂന്ന് ഗ്രാം കഞ്ചാവുമായി പിടിയിലായ ഒൻപതംഗ സംഘത്തിലെ യു. പ്രതിഭ എം.എൽ.എയുടെ മകൻ കനിവ് ഉൾപ്പെടെ ഏഴ് പേരെ ഒഴിവാക്കി എക്സൈസ് അമ്പലപ്പുഴ മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. നിലവിൽ രണ്ട് പ്രതികൾ മാത്രമാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. മതിയായ തെളിവുകളുടെ അഭാവത്തിലാണ് ഏഴ് പേരെ കേസിൽ നിന്ന് ഒഴിവാക്കിയതെന്ന് എക്സൈസ് അറിയിച്ചു.
കഴിഞ്ഞ ഡിസംബർ 28-നാണ് തകഴിയിൽ നിന്ന് കഞ്ചാവുമായി ഒൻപതംഗ സംഘത്തെ കുട്ടനാട് എക്സൈസ് പിടികൂടിയത്. ഈ കേസിൽ കനിവിനെ ഒൻപതാം പ്രതിയായാണ് എഫ്.ഐ.ആർ. ഇട്ടിരുന്നത്. സംഭവം വിവാദമായതിന് പിന്നാലെ, മകനെതിരായ കേസ് വ്യാജമാണെന്ന് ആരോപിച്ച് എം.എൽ.എ. പ്രതിഭ രംഗത്തെത്തുകയും കേസെടുത്ത എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകുകയും ചെയ്തിരുന്നു.
തുടർന്ന് ആലപ്പുഴ എക്സൈസ് അസിസ്റ്റൻ്റ് കമ്മീഷണർ എസ്. അശോക് കുമാർ നടത്തിയ അന്വേഷണത്തിൽ കേസെടുത്ത ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തി. പ്രതികളിൽ നിന്ന് കണ്ടെത്തിയ മൂന്ന് ഗ്രാം കഞ്ചാവും, കഞ്ചാവ് ഉപയോഗിക്കുന്നതിനുള്ള 'ബോങ്' എന്ന ഉപകരണവും ഒൻപത് പേരെ പ്രതിച്ചേർക്കാൻ മതിയായ തെളിവല്ലെന്ന് എക്സൈസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
മഹസറിൽ കനിവ് ഉൾപ്പെടെയുള്ളവരുടെ ശ്വാസത്തിൽ കഞ്ചാവിൻ്റെ ഗന്ധം ഉണ്ടായിരുന്നതായി രേഖപ്പെടുത്തിയിരുന്നെങ്കിലും, വൈദ്യപരിശോധന നടത്താത്തത് വലിയ വീഴ്ചയാണെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ആദ്യ രണ്ട് പ്രതികളൊഴികെ മറ്റുള്ളവരെ ഒഴിവാക്കി കുറ്റപത്രം സമർപ്പിച്ചത്. ഏഴ് പ്രതികളെ തെളിവുകളുടെ അഭാവത്തിൽ ഒഴിവാക്കിയതായി ഇടക്കാല റിപ്പോർട്ട് നേരത്തെ കോടതിയിൽ നൽകിയിരുന്നു.











