01:18am 12 November 2026
NEWS
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് ലൈം​ഗിക പീഡന പരാതി നൽകി
27/11/2025  06:49 PM IST
nila
 രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് ലൈം​ഗിക പീഡന പരാതി നൽകി

തിരുവനന്തപുരം: പാലക്കാട് എംഎൽഎയും യൂത്ത് കോൺ​ഗ്രസ്  മുൻ സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി ലൈം​ഗിക പീഡന പരാതി നൽകി. മുഖ്യമന്ത്രിക്കാണ് യുവതി പരാതി നൽകിയത്. പരാതിക്കൊപ്പം ഡിജിറ്റൽ തെളിവുകളും യുവതി മുഖ്യമന്ത്രിക്ക് കൈമാറി. ഗർഭഛിദ്ര ആരോപണങ്ങൾ അടക്കം ഉന്നയിച്ചുകൊണ്ടുള്ള ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് യുവതി മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി പരാതി നൽകിയത്. 

യുവതി നൽകിയ പരാതി മുഖ്യമന്ത്രി ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിനെ വിളിച്ചു വരുത്തി മുഖ്യമന്ത്രി ആശയവിനിമയം നടത്തിയെന്നും റിപ്പോർട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിൻറെ അറസ്റ്റ് അടക്കമുള്ള നടപടികളിലേയ്ക്ക് ക്രൈംബ്രാഞ്ച് കടന്നേക്കുമെന്നും സൂചനയുണ്ട്.

പെൺകുട്ടിയെ ഗർഭധാരണത്തിനും ഗർഭഛിദ്രത്തിനും നിർബന്ധിക്കുന്ന ശബ്ദരേഖകളാണ് പുറത്തുവന്നത്. ഇതിന് മുമ്പ് പുറത്തുവന്ന ശബ്ദരേഖ  വിവാദമാകുകയും രാഹുൽ മാങ്കൂട്ടത്തിനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഗർഭം ധരിക്കാനും ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്നതുമായ ശബ്ദരേഖയും സന്ദേശങ്ങളുമാണ് നേരത്തെ പുറത്തുവന്നത്. കുട്ടിവേണമെന്ന് രാഹുൽ മാങ്കൂട്ടത്തിലാണ് നിർബന്ധം പിടിച്ചതെന്ന് പെൺകുട്ടി പറയുന്നു. പെൺകുട്ടിയോട് പരിഹാസത്തോടെയും ക്രൂരമായും പ്രതികരിക്കുന്ന രാഹുൽമാങ്കൂട്ടത്തിലിന്റെ ശബ്ദരേഖയും കേൾക്കാം. ഇതിനൊപ്പം പുറത്തുവന്ന വാട്‌സാപ്പ് ചാറ്റിലും കുട്ടിവേണമെന്ന് പറയുന്നതടക്കമുള്ള കാര്യങ്ങളാണുള്ളത്.

ആദ്യം പുറത്തുവന്ന ശബ്ദരേഖയും വാട്‌സാപ്പ് ചാറ്റും അടിസ്ഥാനമാക്കി ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. അഞ്ചുപേർ ഇ മെയിൽ വഴി പോലീസ് ആസ്ഥാനത്തേക്ക് അയച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പരാതി നൽകിയവരെല്ലാം മൂന്നാം കക്ഷികളായിരുന്നു. എന്നാൽ, ഗർഭഛിദ്രം നടത്തേണ്ടിവന്ന യുവതി ഇതുവരെ മൊഴി നൽകുകയൊ പരാതി നൽകുകയോ ചെയ്തിരുന്നില്ല. എന്നാൽ, ഇപ്പോൾ യുവതിതന്നെ നേരിട്ട് പരാതി നൽകിയിരിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img