
പെരിന്തൽമണ്ണ: പാതിവില തട്ടിപ്പ് കേസിൽ നജീബ് കാന്തപുരം എം.എൽ.എയ്ക്കെതിരെ കേസെടുത്തു. പകുതി വിലയ്ക്ക് ലാപ്ടോപ് നൽകാമെന്ന് വാഗ്ദാനം ചെയ്ത് 21,000 രൂപ വാങ്ങിയെന്ന പുലാമന്തോൾ സ്വദേശിനി അനുപമയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. . വഞ്ചനാ കുറ്റത്തിനുള്ള വകുപ്പുകൾ ചുമത്തിയാണ് പെരിന്തൽമണ്ണ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പകുതിവിലയ്ക്ക് സ്‌കൂട്ടറുകളും വീട്ടുപകരണങ്ങളും വാഗ്ദാനംചെയ്ത് പണംതട്ടിയ സംഭവവുമായി ബന്ധപ്പെട്ടാണ് നജീബ് കാന്തപുരം എം.എൽ.എയ്‌ക്കെതിരെയും കേസെടുത്തിരിക്കുന്നത്.
നജീബ് കാന്തപുരം എം.എൽ.എയും മറ്റൊരാളും ചേർന്ന് വിലയുടെ 50 ശതമാനം മാത്രം നൽകിയാൽ ലാപ്‌ടോപ് തരാമെന്ന് പറഞ്ഞ് വഞ്ചിച്ചെന്നാണ് അനുപമയുടെ പരാതി. വാട്‌സാപ്പിലൂടെയും വാർത്താക്കുറിപ്പിലൂടെയും നേരിട്ടും പറഞ്ഞ് വിശ്വസിപ്പിച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ എം.എൽ.എയുടെ ഓഫീസിൽ വെച്ച് 21,000 രൂപ താൻ നൽകിയെന്നും യുവതി പരാതിയിൽ പറയുന്നു.
40 ദിവസം കഴിഞ്ഞിട്ടും ലാപ്‌ടോപ് നൽകിയില്ലെന്നും പണം തിരികെ നൽകിയില്ലെന്നുമാണ് അനുപമയുടെ പരാതി. ഈ പരാതിയിലാണ് പെരിന്തൽമണ്ണ പൊലീസ് കേസ് എടുത്തത്. ഭാരതീയ ന്യായ സംഹിതയുടെ 318 (4) , 3(5) വകുപ്പുകൾ പ്രകാരമാണ് കേസ്.











