07:28pm 09 November 2026
NEWS
സ്വകാര്യ ധനകാര്യ സ്ഥാപനം ജപ്തി ചെയ്ത വീടിന്റെ പൂട്ടു തകർത്ത് സി.ആർ.മഹേഷ്‌ എംഎൽഎ
31/05/2025  08:30 PM IST
nila
സ്വകാര്യ ധനകാര്യ സ്ഥാപനം ജപ്തി ചെയ്ത വീടിന്റെ പൂട്ടു തകർത്ത് സി.ആർ.മഹേഷ്‌ എംഎൽഎ

സ്വകാര്യ ധനകാര്യ സ്ഥാപനം ജപ്തി ചെയ്ത വീടിന്റെ പൂട്ടു തകർത്ത് കുടുംബത്തിന്റെ വസ്ത്രങ്ങളും സർട്ടിഫിക്കറ്റുകളും ഉൾപ്പെടെ എടുത്തുനൽകി കരുനാ​ഗപ്പള്ളി എംഎൽഎ സി.ആർ.മഹേഷ്‌. കരുനാഗപ്പള്ളി അഴീക്കലിലാണ് സംഭവം. അഴീക്കൽ പനമൂട്ടിൽ അനിമോന്റെ വീടാണ് സ്വകാര്യ ധനകാര്യ സ്ഥാപനം ജപ്തി ചെയ്തത്. വീടു വാങ്ങാനെടുത്ത 17 ലക്ഷം രൂപയുടെ തിരിച്ചടവ് മുടങ്ങിയതോടെയായിരുന്നു സ്ഥാപനം വീട് ജപ്തി ചെയ്തത്. വീട് ജപ്തി ചെയ്തതോടെ അനിമോനും ഭാര്യയും മക്കളും ഓച്ചിറ ക്ഷേത്ര ഭരണസമിതിയുടെ കീഴിലുള്ള അനാഥാലയത്തിലാണ്. 

എസ്എസ്എൽസി മികച്ച നിലയിൽ പാസായ കുട്ടിയുടെ സർട്ടിഫിക്കറ്റും നേത്രരോഗം ബാധിച്ച ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ പാൽക്കുപ്പിയും കുട്ടികളുടെ വസ്ത്രങ്ങളും പോലും എടുക്കാൻ അനുവദിക്കാതെയാണ് വീട്ടിൽനിന്ന് ഇറക്കിവിട്ടതെന്ന് കുടുംബം ആരോപിക്കുന്നു. മകളുടെ പ്ലസ് വൺ പ്രവേശനത്തിനു സർട്ടിഫിക്കറ്റ് ആവശ്യമായപ്പോൾ ഇവരുടെ അഭ്യർഥനയനുസരിച്ചാണ് എംഎൽഎ പ്രശ്നത്തിലിടപെട്ടത്. 

 ജപ്തിക്കു വിധേയരായ കുടുംബത്തിന്റെ വസ്ത്രങ്ങളും സർട്ടിഫിക്കറ്റും എടുക്കാനായിരുന്നു ഇതെന്നും കുടുംബത്തിന്റെ നിസ്സഹായാവസ്ഥ കണ്ടാണ് പ്രശ്നത്തിലിടപെട്ടതെന്നും അവരെ വാടകവീട്ടിലേക്കു മാറ്റുമെന്നും എംഎൽഎ പറഞ്ഞു. വസ്തുക്കൾ എടുത്ത ശേഷം എംഎൽഎ വീടു പൂട്ടി താക്കോൽ ധനകാര്യസ്ഥാപനത്തെ എൽപിച്ചു.

വിദേശത്തു ജോലി ചെയ്തിരുന്ന അനിമോൻ സ്വകാര്യ സ്ഥാപനത്തിൽനിന്ന് 17 ലക്ഷം രൂപ വായ്പയെടുത്താണ് വീടു വാങ്ങിയത്. ഇതിൽ ആറര ലക്ഷം രൂപ തിരിച്ചടച്ചെന്നു പറയുന്നു. ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ നേത്രരോഗത്തിനു ചികിത്സിക്കേണ്ടി വന്നതോടെ ബാക്കി തുക അടയ്ക്കാനായില്ല. ഭാര്യയുടെ ഒരു കണ്ണിനു കാഴ്ചത്തകരാറുണ്ട്. തിരിച്ചടവു മുടങ്ങിയതോടെ ധനകാര്യ സ്ഥാപനം വീട് ജപ്തി ചെയ്യുകയായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img