
ചെന്നൈ: കോൺഗ്രസിന്റെ നിലപാടിനെ വിമർശിച്ചും ഇടതു പാർട്ടികളുടെ നിലപാടിനെ പുകഴ്ത്തിയും ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നശേഷം കോൺഗ്രസ് രാഷ്ട്രീയ മര്യാദ പാലിച്ചില്ലെന്നാണ് സ്റ്റാലിന്റെ വിമർശനം. ഡിഎംകെ മുന്നണിയുടെ ഭാഗമായി മത്സരിച്ച് വിജയിച്ച കോൺഗ്രസ് നേതാക്കൾ നന്ദി അറിയിക്കാൻ പോലും സന്നദ്ധരാകാതെ മുന്നണി വിട്ട് ടിവികെയ്ക്ക് പിന്തുണ നൽകുകയായിരുന്നു എന്ന് സ്റ്റാലിൻ ചൂണ്ടിക്കാട്ടി. എന്നാൽ, ഇതിൽ നിന്നും വ്യത്യസ്തമായ നിലപാടാണ് സിപിഐയും സിപിഎമ്മും വിസികെയും സ്വീകരിച്ചതെന്നും സ്റ്റാലിൻ എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
‘‘ഡിഎംകെയുടെ ഭാഗമായി മത്സരിച്ച് ജയിച്ചു. എന്നിട്ട് പോലും പോലും 5 കോൺഗ്രസ് എംഎൽഎമാർ ഡിഎംകെ ആസ്ഥാനത്ത് എത്തി നന്ദി അറിയിച്ചില്ല. പകരം ഡിഎംകെയുമായി സഖ്യം വേർപ്പെടുത്തി ടിവികെയ്ക്ക് ഒപ്പം ചേർന്നു. എന്നാൽ ഇടതുനേതാക്കളായ സഖാവ് ഷൺമുഖനും സഖാവ് വീരപാണ്ഡ്യനും വിസികെ നേതാവ് തിരുമാവളവനും ഡിഎംകെയുമായി ഒന്നിച്ച് പ്രവർത്തിക്കുമെന്നും തമിഴ്നാട്ടിലെ ജനങ്ങളുടെ അവകാശത്തിനായി പോരാടുമെന്നും അറിയിച്ചിരുന്നു’’– സ്റ്റാലിൻ എക്സിൽ കുറിച്ചു.
നിർണായക ഘട്ടത്തിലും ഡിഎംകെയ്ക്ക് ഒപ്പം നിന്ന പാർട്ടികൾക്ക് നന്ദിയെന്ന് അദ്ദേഹം പറഞ്ഞു. പുതിയ സർക്കാർ രൂപീകരണത്തിന് ഞങ്ങൾ തടസ്സമായി നിൽക്കില്ല. മികച്ച പ്രതിപക്ഷമായി പ്രവർത്തിക്കും. ഡിഎംകെയ്ക്ക് തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നേടാനായില്ലെങ്കിലും മികച്ച വോട്ടുകൾ നേടാനായെനന്നും സ്റ്റാലിൻ പറഞ്ഞു. തങ്ങളുടെ സഖ്യകക്ഷികൾ എടുക്കുന്ന ഏത് തീരുമാനത്തെയും ബഹുമാനിക്കുമെന്നും മറ്റൊരു തിരഞ്ഞെടുപ്പിന് വഴിയൊരുക്കാതെ സ്ഥിരതയുള്ള സർക്കാർ രൂപീകരണം ഉറപ്പാക്കാനായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 5 വർഷം ഡിഎംകെ സർക്കാർ അവതരിപ്പിച്ച പുതിയ പദ്ധതികൾ പുതിയ സർക്കാർ തുടരണമെന്നും അദ്ദേഹം എക്സിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.










