
അർജന്റീന ടീമിനെ കേരളത്തിൽ എത്തിക്കുന്നതിനു വേണ്ടി കായിക മന്ത്രിയുടെ സ്‌പെയിൻ സന്ദർശനത്തിന് മാത്രം ചെലവായത് 13 ലക്ഷത്തിലധികം രൂപ. വിവരാവകാശ രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അർജന്റീന ടീമിനെ കേരളത്തിൽ എത്തിക്കുന്നതിൽ സർക്കാർ ഖജനാവിന് നഷ്ടമുണ്ടായിട്ടില്ലെന്ന കായികമന്ത്രി വി അബ്ദുറഹിമാന്റെ വാദം തെറ്റെന്ന് തെളിയിക്കുന്നതാണ് വിവരാവകാശ രേഖ.
2024 സെപ്റ്റംബറിൽ അർജന്റീന ഫുട്‌ബോൾ അസോസിയേഷനുമായുള്ള ചർച്ചകൾക്കെന്ന പേരിലായിരുന്നു മന്ത്രിയുടെയും കായിക വകുപ്പിലെ ഉദ്യോഗസ്ഥരുടെയും സ്‌പെയിൻ സന്ദർശനം. ടീമിന്റെ കേരള സന്ദർശനവുമായി സജീവ ചർച്ചകൾ നടന്നെന്നും ഉടൻ എഎഫ്എ പ്രതിനിധികൾ കേരളത്തിലെത്തുമെന്നും മന്ത്രി തന്നെ ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ അർജന്റീനയുടെ ആസ്ഥാനമായ ബ്യൂണസ് അയേഴ്‌സിൽ പോകുന്നതിന് പകരം എന്തിന് മന്ത്രി സ്‌പെയിനിൽ പോയെന്നും ആരുമായാണ് ചർച്ച നടത്തിയെന്നതിന്റെ വിശദാംശങ്ങൾ ഇല്ലെന്നുമെന്ന ചോദ്യങ്ങൾ അന്ന് തന്നെ ഉയർന്നിരുന്നു. അങ്ങനെ ദുരൂഹതകൾ അടങ്ങിയ സ്‌പെയിൻ യാത്രക്ക് 1304,434 രൂപ സർക്കാരിന് ചെലവായെന്ന് കായിക വകുപ്പ് സമ്മതിക്കുന്നു. കായിക വികസന നിധിയിൽ നിന്നാണ് ഈ പണം അനുവദിച്ചതെന്നും രേഖയിലുണ്ട്. 13 ലക്ഷം സർക്കാർ നഷ്ടങ്ങളുടെ നീണ്ട ലിസ്റ്റിലെ ആദ്യത്തേതുമാത്രമെന്നും വിമർശനങ്ങളുണ്ട്.
അർജന്റീന ടീമിനെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട ചെലവുകളെല്ലാം നോക്കുന്നത് സ്‌പോൺസറാണെന്നും സർക്കാരിന് നഷ്ടമില്ലെന്നുമായിരുന്നു കായിക മന്ത്രി വി അബ്ദുറഹിമാന്റെ നിലപാട്. എന്നാൽ, മിഷൻ മെസ്സിയുമായി ബന്ധപ്പെട്ട് സർക്കാരിനും നഷ്ടമുണ്ടായെന്നാണ് വിവരാവകാശ രേഖകൾ തെളിയിക്കുന്നത്.











