09:01pm 26 November 2026
NEWS
12 വർഷത്തിനിടെ കാണാതായ 30 പേർ പാകിസ്ഥാനിലേക്ക് കടന്ന് ഭീകര സംഘടനകളിൽ ചേർന്നു; യുവാക്കളെ ഭീകരസംഘടനകളിലേക്ക് ആകർഷിക്കാനും ശ്രമം
26/11/2026  12:31 PM IST
nila
 12 വർഷത്തിനിടെ കാണാതായ 30 പേർ പാകിസ്ഥാനിലേക്ക് കടന്ന് ഭീകര സംഘടനകളിൽ ചേർന്നു; യുവാക്കളെ ഭീകരസംഘടനകളിലേക്ക് ആകർഷിക്കാനും ശ്രമം

ന്യൂഡൽഹി: ജമ്മു കശ്മീരിൽനിന്ന് 1991നും 2003നും ഇടയിൽ കാണാതായ 30 ഓളം പേർ പാക്കിസ്ഥാനിലെത്തി ഭീകരപരിശീലനം നേടിയതായി അന്വേഷണത്തിൽ കണ്ടെത്തൽ. മഹോർ, ചസ്സാന കുന്നിൻമേഖലകളിൽനിന്ന് കാണാതായവരാണ് അതിർത്തി കടന്ന് ഭീകരസംഘടനകൾക്കായി പ്രവർത്തിക്കുന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

പുറത്തുവന്ന വിവരങ്ങൾ പ്രകാരം, ഇവർ ഹിസ്ബുൾ മുജാഹിദീനുമായി ബന്ധം പുലർത്തുന്നവരാണ്. ഇന്ത്യയ്ക്കെതിരായ ആക്രമണങ്ങൾക്കായി ബോംബ് നിർമാണത്തിലും ആയുധങ്ങൾ ഉപയോഗിക്കുന്നതിലും പരിശീലനം നേടുന്ന ഇവർ, കശ്മീരിൽ ഭീകരപ്രവർത്തനങ്ങൾ വീണ്ടും സജീവമാക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. യുവാക്കളെ ഭീകരസംഘടനകളിലേക്ക് ആകർഷിക്കാനും ഇവർ ശ്രമിക്കുന്നതായാണ് അന്വേഷണത്തിൽ വ്യക്തമായത്.

കാണാതായവർ അതിർത്തി കടന്ന് ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണെന്ന വിവരം 2024ൽ ഇന്ത്യൻ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് ഇവർ സ്വന്തം പേരിലുള്ളതും പാരമ്പര്യമായി ലഭിച്ചതുമായ ഭൂമി വിൽക്കാൻ ശ്രമിക്കുന്നതായി കണ്ടെത്തിയത്. ഭൂമി വിറ്റുകിട്ടുന്ന പണം ഭീകരപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാണ് നീക്കമെന്നാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ.

ഇത്തരം സാമ്പത്തിക ഇടപാടുകൾ തടയുന്നതിനും ഭീകരപ്രവർത്തനങ്ങൾക്ക് പണം ലഭിക്കുന്നത് നിയന്ത്രിക്കുന്നതിനുമായി പ്രതികളുമായി ബന്ധമുള്ള സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികളിലേക്ക് പൊലീസ് കടന്നിട്ടുണ്ട്. ജമ്മു കശ്മീർ ഡിജിപിയുടെ നിർദേശപ്രകാരം ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന അഞ്ചോളം പേരുടെ സ്വത്തുക്കൾ ഇതിനകം പിടിച്ചെടുത്തതായും റിപ്പോർട്ടിൽ പറയുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img