
താനൂരിൽ നിന്നും കാണാതായ രണ്ട് പ്ലസ്ടു വിദ്യാർത്ഥിനികളെയും കണ്ടെത്തിയെങ്കിലും സംഭവത്തിലെ ദുരൂഹത അകലുന്നില്ല. ഇന്നലെ രാത്രിയോടെയാണ് പെൺകുട്ടികളെ റയിൽവെ പൊലീസ് കണ്ടെത്തിയത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട എടവണ്ണ സ്വദേശിയായ യുവാവിന്റെ ഒപ്പമാണ് പെൺകുട്ടികൾ നാടുവിട്ടത്. പെൺകുട്ടികളിൽ ഒരാൾ നിർബന്ധിച്ചതിനാലാണ് യുവാവും ഒപ്പം പോയതെന്നാണ് യുവാവിന്റെ വീട്ടുകാരുടെ വിശദീകരണം. എന്നാൽ, രണ്ട് പെൺകുട്ടികളും ഒരുമിച്ച് യുവാവിനൊപ്പം പോയതിന് പിന്നിലെ കാരണം ഇപ്പോഴും അവ്യക്തമാണ്.
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടികളിൽ ഒരാളാണ് നാടുവിടാൻ നിർബന്ധിച്ചതെന്നാണ് യുവാവിന്റെ കുടുംബാംഗങ്ങളുടെ പ്രതികരണം. വീട്ടിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്നും കുടുംബത്തോടൊപ്പം തുടരാൻ കഴിയില്ലെന്നുമായിരുന്നു പെൺകുട്ടിയുടെ പ്രതികരണം. വീട്ടിൽ നിന്ന് ഇറങ്ങിപ്പോവുകയാണെന്ന് പറഞ്ഞപ്പോൾ യുവാവ് പിന്തിരിപ്പിക്കാൻ ശ്രമിച്ചെന്നും ബന്ധുക്കൾ പറയുന്നു. സഹായിച്ചാലും ഇല്ലെങ്കിലും താൻ പോകുമെന്ന് പെൺകുട്ടി പറഞ്ഞതോടെ കുട്ടിയുടെ ദുരവസ്ഥ കണ്ടാണ് ഇയാൾ കൂടെ പോയതെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കി.
ഇന്നലെയാണ് പെൺകുട്ടികൾ മുംബൈയിൽ എത്തിയെന്ന് പൊലീസ് സ്ഥിരീകരിച്ചത്. ഇവർ ഒരു ബ്യൂട്ടി സലൂണിൽ മുടി ട്രിം ചെയ്യാനെത്തിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് താനൂരിൽനിന്നു കാണാതായ രണ്ടു പെൺകുട്ടികളും മുംബൈയിലെ ലാസ്യ സലൂണിൽ മുടി ട്രിം ചെയ്യാൻ എത്തിയത്. മുഖം മറച്ചാണ് ഇരുവരും എത്തിയത്. ഹിന്ദിയോ ഇംഗ്ലിഷോ സംസാരിക്കാത്ത പെൺകുട്ടികൾക്ക് മലയാളം മാത്രമാണ് അറിയാമായിരുന്നത്. ഇതോടെ മലയാളം അറിയാവുന്ന ജീവനക്കാരൻ പെൺകുട്ടികൾക്കൊപ്പം നിന്നു.
മുടി സ്ട്രെയിറ്റ് ചെയ്യണമെന്നും മുഖത്തിന്റെ ലുക്ക് മാറ്റണമെന്നുമാണ് വിദ്യാർത്ഥിനികൾ ആവശ്യപ്പെട്ടത്. നീളമുള്ള മുടി മുറിച്ചു. പേരും മൊബൈൽ നമ്പരും ചോദിച്ചപ്പോൾ ഫോൺ കാണാതായെന്ന് പറഞ്ഞ് പേരു മാത്രമാണ് നൽകിയത്. ട്രീറ്റ്‌മെന്റ് നടക്കുമ്പോൾ തന്നെ സമയമായെന്നും വേഗം പോകണമന്നും പറഞ്ഞു. ഇത്രയും പണം മുടക്കുമ്പോൾ മുഴുവനായി ചെയ്യണമെന്നു ജീവനക്കാർ വിശദീകരിച്ചു. ഇതിനിടെ പെൺകുട്ടികളെ ആൺസുഹൃത്ത് വിളിക്കുന്നുണ്ടായിരുന്നു.
പെൺകുട്ടികളുടെ കൈവശം ധാരാളം പണമുണ്ടായിരുന്നു എന്നാണ് ജീവനക്കാർ പറഞ്ഞത്. രണ്ടു പേരും കൂടി 10,000 രൂപയുടെ ട്രീറ്റ്മെന്റാണ് ചെയ്തത്. ഒരു സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് വന്നതെന്നും പൻവേലിലേക്ക് പോകുമെന്നും ജീവനക്കാരോട് പറഞ്ഞു. കൂടുതൽ കാര്യങ്ങൾ ചോദിച്ചപ്പോഴേക്കും പെൺകുട്ടികൾ പരുങ്ങി. പിന്നീട് വിദ്യാർത്ഥിനികൾ വേഗം സ്ഥലം കാലിയാക്കി. വിദ്യാർത്ഥിനികൾ സ്ഥലംവിട്ട ശേഷം പൊലീസ് ബന്ധപ്പെട്ടപ്പോഴാണ് കേരളത്തിൽനിന്നു കാണാതായ പെൺകുട്ടികളാണ് സലൂണിൽ എത്തിയതെന്ന് ജീവനക്കാരും അറിയുന്നത്.











