
താമരശ്ശേരിയിൽ നിന്നും കാണാതായ പതിമൂന്നുകാരിയേയും ബന്ധുവായ യുവാവിനെയും ബെംഗളൂരുവിൽ നിന്നും കണ്ടെത്തി. ഇന്നു പുലർച്ചെയാണ് ഇരുവരെയും ബെംഗളുരുവിൽ നിന്നും കണ്ടെത്തിയത്. താമരശ്ശേരി പൊലീസ് ബെംഗളുരുവിലെത്തിയ ശേഷമാകും ഇരുവരെയും തിരികെ എത്തിക്കുക.
ഈ മാസം പതിനൊന്നിനാണ് താമരശ്ശേരി പെരുമ്പള്ളിയിൽ നിന്നും പതിമൂന്നുകാരിയെ കാണാതായത്. പരീക്ഷയെഴുതാൻ വീട്ടിൽ നിന്ന് രാവിലെ ഒൻപത് മണിക്ക് സ്‌കൂളിലേക്ക് പുറപ്പെട്ടതായിരുന്നു പെൺകുട്ടി. മകൾ പിന്നീട് തിരിച്ചുവന്നില്ലെന്നാണ് പിതാവ് താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
പെൺകുട്ടിയുടെ പരാതിയിൽ താമരശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തവെ മൂന്ന് ദിവസങ്ങൾക്ക് ശേഷം പെൺകുട്ടി തൃശ്ശൂരിലെത്തിയതായി കണ്ടെത്തിയിരുന്നു. കഴിഞ്ഞ 14-ാം തിയ്യതി തൃശ്ശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിലേക്ക് പെൺകുട്ടി നടന്നുവരുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ദൃശ്യങ്ങളിൽ ബന്ധുവായ യുവാവുമുണ്ടായിരുന്നു.