10:10pm 11 September 2026
NEWS
ഡോ. ഹാരിസ് ചിറക്കലിനെ സംശയനിഴലിലാക്കി മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ വാർത്താസമ്മേളനം
08/08/2025  12:53 PM IST
nila
 ഡോ. ഹാരിസ് ചിറക്കലിനെ സംശയനിഴലിലാക്കി മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ വാർത്താസമ്മേളനം

തിരുവനന്തപുരം: ഡോ. ഹാരിസ് ചിറക്കലിന്റെ മുറി പരിശോധിച്ചപ്പോൾ വലിയൊരു ബോക്സും അതിനുള്ളിൽ  മോസിലോസ് സ്കോപ്പ് വാങ്ങിച്ചതിന്റെ ബില്ലുകളും കണ്ടെത്തിയെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പി.കെ. ജബ്ബാർ. സംഭവത്തിൽ അസ്വാഭാവികതയുണ്ടെന്നാണ്  മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ നിലപാട്. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 നിലവിൽ ഹാരിസ് ചിറക്കൽ അവധിയിലാണ്. മുറിയുടെ താക്കോൽ മറ്റൊരു ഡോക്ടറുടെ കൈയിലാണെന്നും പ്രിൻസിപ്പൽ പറയുന്നു. ഈ ഉപകരണം മറ്റാരോ ഹാരീസ് ചിറയ്ക്കലിന്റെ മുറിയിൽ കൊണ്ടുവച്ചതാണെന്നും പ്രിൻസിപ്പൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു‌.   ആരോ ഒരാൾ മുറിക്കുള്ളിലേക്ക് കടന്നു പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണെന്നും പി കെ ജബ്ബാർ പറയുന്നു. 

'ഡോ. ഹാരിസ് ചിറക്കൽ നല്ലൊരു ഡോക്ടറാണ്. ആത്മാർത്ഥമായി ജോലി ചെയ്യുന്ന ഡോക്ടറാണ്. ചെറിയൊരു പ്രശ്നം വന്നപ്പോൾ ഡോ. ഹാരിസ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇടുകയും അത് വിവാദത്തിലാവുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ ഇടപെട്ടത്. ഇതേത്തുടർന്നാണ് അന്വേഷണ സമിതിയെ നിയോഗിക്കുന്നത്. ഉപകരണം കാണുന്നില്ല എന്ന് അന്വേഷണ സമിതി കണ്ടെത്തി. ഡിഎംഇയുടെ നേതൃത്വത്തിൽ കഴിഞ്ഞ ശനിയാഴ്ച വിശദമായ പരിശോധന നടത്തി. പിന്നീട് വകുപ്പ് മേധാവിയുടെ മുറിയിൽ പരിശോധന നടത്തി. മുറിയിൽ ഉപകരണം കണ്ടു. അവിടെ വേറൊരു ബോക്സും ഉണ്ടായിരുന്നു. നേരത്തെ പരിശോധിച്ചപ്പോൾ ആ ബോക്സ് കണ്ടിരുന്നില്ല. ബോക്സിൽ ചില ബില്ലുകളും കണ്ടു. അതിൽ അസ്വാഭാവികത തോന്നി. പരിശോധിച്ച് ശരിയായ രീതിയിൽ സർക്കാരിന് റിപ്പോർട്ട് നൽകും - പ്രിൻസിപ്പൽ പറഞ്ഞു.

ആദ്യം പരിശോധിച്ചപ്പോൾ ഒരു ചെറിയ പെട്ടിയിൽ ഉപകരണം ഉണ്ടായിരുന്നു. പിന്നീട് വീണ്ടും പരിശോധിച്ചപ്പോൾ അവിടെ നിന്ന് വലിയ പെട്ടി കണ്ടു. പെട്ടിയിൽ നിന്ന് ബില്ല് ലഭിച്ചിട്ടുണ്ട്. നിലവിൽ കണ്ടെത്തിയ ഉപകരണം പുതിയതായി വാങ്ങിച്ചതാണോ എന്നതിനെക്കുറിച്ച് നോക്കേണ്ടതുണ്ട്. ബില്ലിൽ മോസിലോസ്കോപ്പ് എന്നാണ് എഴുതിയിട്ടുള്ളത്. ഡോ. ഹാരിസിന്റെ മുറി രണ്ട് തവണ പരിശോധിച്ചിട്ടുണ്ട്. ആദ്യത്തെ തവണ പരിശോധിച്ചപ്പോൾ ഒരു ബോക്സിൽ മോസിലോസ്കോപ് എന്ന് എഴുതിവെച്ചിട്ടുണ്ടായിരുന്നു. ഞാൻ ഡിഎംഇയോട് പറഞ്ഞതിന് പിന്നാലെയാണ് വീണ്ടും ആ മുറിയിൽ പരിശോധിച്ചത്- ഡോ. ജബ്ബാർ പറഞ്ഞു.

നിലവിൽ ഡോ. ഹാരിസ് അവധിയിലാണ്. താക്കോൽ മറ്റൊരു ഡോക്ടറുടെ കൈയിലാണ്. അപ്പോൾ ആരായിരിക്കാം ഈ ബോക്സ് കൊണ്ടുവെച്ചത് എന്ന മാധ്യപ്രവർത്തകരുടെ ചോദ്യത്തിന്, സിസിടിവി പരിശോധിച്ചപ്പോൾ മുറിക്കുള്ളിൽ ആരോ കടന്നതായി തോന്നിയിട്ടുണ്ടെന്നും വിശദമായ പരിശോധന നടത്തണമെന്നും പ്രിൻസിപ്പൽ പറഞ്ഞു. പൊലീസിന് പരാതി നൽകാമായിരുന്നില്ലേ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഞങ്ങൾക്ക് റിപ്പോർട്ട് സമർപ്പിക്കാനുള്ളത് സർക്കാരിനാണ് എന്നായിരുന്നു മറുപടി.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രതിസന്ധിയെക്കുറിച്ചുള്ള ഡോ. ഹാരിസ് ചിറക്കലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ചർച്ചയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സർക്കാർ അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു. ഈ സംഘം അന്വേഷിച്ച് കണ്ടെത്തിയ റിപ്പോർട്ടിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ഒരു ഉപകരണം കാണാനില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം ആരോഗ്യമന്ത്രി വീണാ ജോർജും പരസ്യമായി പറഞ്ഞിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img