01:48pm 11 November 2026
NEWS
ശബരിമലയിലെ കാണാതായ ദ്വാരപാലക പീഠം സ്പോൺസറുടെ ബന്ധുവീട്ടിൽ
28/09/2025  04:13 PM IST
nila
ശബരിമലയിലെ കാണാതായ ദ്വാരപാലക പീഠം സ്പോൺസറുടെ ബന്ധുവീട്ടിൽ

 


 ശബരിമലയിലെ കാണാതായ ദ്വാരപാലക പീഠം കണ്ടെത്തി. പരാതി നൽകിയ സ്പോൺസറുടെ ബന്ധു വീട്ടിൽ നിന്നാണ്  ദ്വാരപാലക പീഠം കണ്ടെത്തിയത്. സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ വീട്ടിൽ നിന്നാണ് പീഠം കണ്ടെത്തിയത്. ദേവസ്വം വിജിലൻസാണ് ദ്വാരപാലക പീഠം കണ്ടെത്തിയത്. പീഠം തിരുവനന്തപുരത്തെ സ്ട്രോങ് റൂമിലേക്ക് വിജിലൻസ് മാറ്റി. നാളെ ഹൈക്കോടതിയിൽ വിജിലൻ‌സ് ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കും.

വാസുദേവൻ എന്ന ജോലിക്കാരന്റെ വീട്ടിലാണ് പീഠം ആദ്യം സൂക്ഷിച്ചിരുന്നത്. 2021 മുതൽ ഇയാളുടെ വീട്ടിലെ സ്വീകരണ മുറിയിൽ പീഠം ഉണ്ടായിരുന്നു എന്നാണ് ദേവസ്വം വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്.  വിഷയത്തിൽ കോടതി ഇടപെട്ടതോടെ പീഠം ഉണ്ണികൃഷ്ണൻ പോറ്റിയെ തിരികെ ഏൽപ്പിക്കുകയായിരുന്നു. ഇക്കഴിഞ്ഞ പതിമൂന്നിനാണ് സഹോദരിയുടെ വീട്ടിലേക്ക് പീഠം മാറ്റിയത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ പരാതിയിലും ആരോപണങ്ങളിലും ദുരൂഹത എന്നാണ് വിജിലൻസ് വൃത്തങ്ങൾ പറയുന്നത്. 

ഹൈക്കോടതിയാണ് പീഠം കണ്ടെത്തണമെന്ന നിർദേശം നൽകിയത്. ഇതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജിലൻസിനെ നിയോഗിച്ചിരുന്നു. വിജിലൻസ് സംഘം ദേവസ്വം ബോർഡിന്റെ എല്ലാ സ്‌ട്രോങ് റൂമുകളും പരിശോധിച്ചിരുന്നു. ഒടുവിലാണ് പരാതിക്കാരനായ സ്പോൺസറുടെ ബന്ധുവീട്ടിൽ നിന്നും പീഠം കണ്ടെത്തിയിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഉണ്ണികൃഷ്ണൻ പോറ്റിയെ വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു. പിന്നാലെ ഇദ്ദേഹത്തിന്റെ തിരുവനന്തപുരത്തെയും ബെംഗളൂരുവിലെയും വീട്ടിൽ പരിശോധനയും നടത്തിയിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img