
കോഴിക്കോട്: താമരശ്ശേരിയിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ മൂന്ന് വിദ്യാർഥികളെ വയനാട്ടിലെ ചിത്രഗിരി വനമേഖലയിൽ നിന്ന് കണ്ടെത്തി. വെള്ളിയാഴ്ച രാത്രി നടന്ന നാടകീയമായ തിരച്ചിലിനൊടുവിലാണ് പത്താം ക്ലാസ് വിദ്യാർഥിനിയെയും പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളായ രണ്ട് സുഹൃത്തുക്കളെയും പൊലീസ് സുരക്ഷിതരായി കണ്ടെത്തിയത്. സിനിമയെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള കൃത്യമായ ആസൂത്രണത്തോടെയായിരുന്നു ഇവരുടെ ഒളിച്ചോട്ടമെന്ന് അന്വേഷണത്തിൽ വ്യക്തമായി.
യാത്രയ്ക്കും മറ്റ് ചെലവുകൾക്കുമായി പണം കണ്ടെത്താൻ സംഘത്തിലെ ഒരാളുടെ 18,000 രൂപ വിലവരുന്ന സ്മാർട്ട്ഫോൺ 10,000 രൂപയ്ക്ക് വിറ്റതായും അന്വേഷണത്തിൽ കണ്ടെത്തി. പൊലീസിന്റെ സൈബർ നിരീക്ഷണം ഒഴിവാക്കാൻ മറ്റ് രണ്ട് മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തിരുന്നു. കാട്ടിൽ ദിവസങ്ങളോളം കഴിയാൻ ടാർപായ, അരി, ബ്രെഡ്, പാത്രങ്ങൾ, കത്തി തുടങ്ങിയ സാധനങ്ങളും ഇവർ കൈവശം കരുതിയിരുന്നു.
വ്യാഴാഴ്ച രാവിലെ സ്കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് പത്താം ക്ലാസ് വിദ്യാർഥിനി വീട്ടിൽ നിന്ന് ഇറങ്ങിയത്. എന്നാൽ സ്കൂളിൽ എത്താതിരുന്നതോടെ അധ്യാപകർ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. പിന്നാലെ സ്കൂളിന് സമീപത്തെ റബർ തോട്ടത്തിൽ നിന്ന് വിദ്യാർഥിനിയുടെ യൂണിഫോം കണ്ടെത്തി. അതേ സമയം പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളായ രണ്ട് ആൺകുട്ടികളെയും കാണാനില്ലെന്നും ഇവർ ഉപയോഗിച്ചിരുന്ന ഇരുചക്ര വാഹനങ്ങളും അപ്രത്യക്ഷമായെന്നും വ്യക്തമായി.
അന്വേഷണത്തിൽ നിർണായകമായത് റബർ ടാപ്പിങ് തൊഴിലാളി പകർത്തിയ ഒരു ചിത്രമായിരുന്നു. സ്കൂളിന് സമീപത്ത് മൂന്ന് പേരെയും ഒരുമിച്ച് കണ്ടതിനെ തുടർന്ന് എടുത്ത ചിത്രം പൊലീസിന് ലഭിച്ചതോടെ അന്വേഷണം പുതിയ വഴിത്തിരിവിലെത്തി. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഇവർ ലക്കിടി ചുരം വഴി വയനാട്ടിലേക്ക് പോയതായി കണ്ടെത്തി.
വടുവൻചാലിന് സമീപത്തെ ചിത്രഗിരി മലഞ്ചെരുവിൽ ടെന്റടിച്ച് താമസിക്കുകയായിരുന്ന വിദ്യാർഥികളെ കണ്ടെത്താൻ പൊലീസും നാട്ടുകാരും ചേർന്ന് വ്യാപക തിരച്ചിൽ നടത്തി. രാത്രി എട്ടോടെ ആദ്യം പ്ലസ് വൺ വിദ്യാർഥിയെ നാട്ടുകാർ കണ്ടെത്തി. മറ്റ് രണ്ട് പേർ സ്കൂട്ടറിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിന്തുടർന്ന് പാടിവയൽ ഭാഗത്ത് നിന്ന് പിടികൂടി പൊലീസിന് കൈമാറി.
മേപ്പാടി പൊലീസ് സ്റ്റേഷനിലെത്തിച്ച മൂന്ന് വിദ്യാർഥികളെയും തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. ഒളിച്ചോട്ടത്തിന് പിന്നിലെ സാഹചര്യങ്ങളെക്കുറിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.









