03:24am 13 November 2026
NEWS
മിസൈൽ അവശിഷ്ടങ്ങൾ അപകടകരം; സ്പർശിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന മുന്നറിയിപ്പ്
11/03/2026  04:39 PM IST
nila
മിസൈൽ അവശിഷ്ടങ്ങൾ അപകടകരം; സ്പർശിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന മുന്നറിയിപ്പ്

 


​ദോഹ: ഖത്തറിന് നേരെയുണ്ടായ മിസൈൽ ആക്രമണം പ്രതിരോധ സേന വിജയകരമായി തടഞ്ഞതിന് പിന്നാലെ, തകർന്നു വീണ മിസൈൽ ഭാഗങ്ങൾ (Shrapnel) കൈകാര്യം ചെയ്യുന്നതിനെതിരെ പൊതുജനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയം അതീവ ജാഗ്രതാനിർദ്ദേശം നൽകി. ഇത്തരം വസ്തുക്കൾ നേരിട്ട് സ്പർശിക്കുന്നത് ജീവന് തന്നെ ഭീഷണിയായേക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി.
സ്ഫോടനത്തിന്റെയോ ഘർഷണത്തിന്റെയോ ഫലമായി വീണുകിടക്കുന്ന അവശിഷ്ടങ്ങൾക്ക് കഠിനമായ ചൂടുണ്ടാകാൻ സാധ്യതയുണ്ട്. ഇവ തൊടുന്നത് ഗുരുതരമായ പൊള്ളലിന് കാരണമാകും,അവശിഷ്ടങ്ങളുടെ വശങ്ങൾ ക്രമരഹിതവും അങ്ങേയറ്റം മൂർച്ചയുള്ളതുമായിരിക്കും. ഇത് തൊടുകയോ നീക്കാൻ ശ്രമിക്കുകയോ ചെയ്യുന്നത് ആഴത്തിലുള്ള മുറിവുകൾക്കും രക്തസ്രാവത്തിനും വഴിവെക്കും,മിസൈലിലുണ്ടായിരുന്ന ഇന്ധനത്തിന്റെയോ മറ്റ് രാസവസ്തുക്കളുടെയോ അംശം അവശിഷ്ടങ്ങളിൽ ഉണ്ടാകാം. ചർമ്മവുമായി സമ്പർക്കത്തിൽ വരുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും അലർജിക്കും കാരണമാകും,വീണുകിടക്കുന്ന എല്ലാ ഭാഗങ്ങളും പൂർണ്ണമായി സ്ഫോടനം നടന്നവയാകണമെന്നില്ല. ചില ഭാഗങ്ങൾ അസ്ഥിരമായി തുടരാനും അവയിൽ സ്പർശിക്കുന്നത് പെട്ടെന്നുള്ള പൊട്ടിത്തെറിയിലേക്ക് നയിക്കാനും സാധ്യതയുണ്ട്,ഭാരമേറിയ ലോഹങ്ങൾ, എണ്ണകൾ, വ്യാവസായിക വസ്തുക്കൾ എന്നിവയാൽ മലിനമായ ഈ അവശിഷ്ടങ്ങൾ കൈകാര്യം ചെയ്യുന്നത് ചർമ്മത്തിനും പരിസ്ഥിതിക്കും ദോഷകരമാണ്,സംഭവസ്ഥലത്തെ തെളിവുകൾ ശാസ്ത്രീയമായി വിശകലനം ചെയ്യേണ്ടതുണ്ട്. അവശിഷ്ടങ്ങൾ മാറ്റുകയോ നശിപ്പിക്കുകയോ ചെയ്യുന്നത് ആക്രമണത്തിന്റെ ഉറവിടം കണ്ടെത്താനുള്ള പ്രത്യേക സംഘത്തിന്റെ (Specialized Teams) അന്വേഷണത്തെ തടസ്സപ്പെടുത്തുംഎന്നിവയാണ് ആഭ്യന്തരമന്ത്രാലയം ജാഗ്രതപാലിക്കാനായി മുന്നറിയിപ്പ് നൽകുന്നത്. അസാധാരണമായ എന്തെങ്കിലും വസ്തുക്കൾ ശ്രദ്ധയിൽപ്പെട്ടാൽ അവയിൽ തൊടാതെ ഉടൻ തന്നെ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img