
ദോഹ: പശ്ചിമേഷ്യൻ യുദ്ധം പുതിയ തലത്തിലേക്ക്. ഖത്തറിലെ ഏറ്റവും വലിയ പ്രകൃതിവാതക ഉൽപ്പാദന കേന്ദ്രമായ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തി. ബുധനാഴ്ച വൈകുന്നേരമുണ്ടായ ആക്രമണത്തിൽ പ്ലാന്റിന് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചതായി ഖത്തർ എനർജി സ്ഥിരീകരിച്ചു.
ഇറാനിൽ നിന്നുള്ള മിസൈലുകൾ റാസ് ലഫാൻ ലക്ഷ്യമിട്ടെത്തി. ആക്രമണത്തിന് പിന്നാലെ പ്ലാന്റിൽ വൻ തീപിടുത്തമുണ്ടായി.ഖത്തർ സിവിൽ ഡിഫൻസ് ടീമുകൾ ഉടൻ തന്നെ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികൾ ആരംഭിച്ചു.
പ്ലാന്റിലെ എല്ലാ ജീവനക്കാരെയും സുരക്ഷിതമായി മാറ്റിപ്പാർപ്പിച്ചു. ആർക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോർട്ടുകളില്ല.ഖത്തറിന്റെ പരമാധികാരത്തിന് മേലുള്ള നഗ്നമായ ലംഘനമാണ് ഈ ആക്രമണമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. ഇതിനെ അതീവ ഗൗരവത്തോടെയാണ് രാജ്യം കാണുന്നത്.ഇസ്രായേൽ തങ്ങളുടെ ഇന്ധന കേന്ദ്രങ്ങൾ ആക്രമിച്ചതിന് പകരമായി ഗൾഫ് രാജ്യങ്ങളിലെ എണ്ണ-വാതക ശൃംഖല തകർക്കുമെന്ന് ഇറാൻ നേരത്തെ ഭീഷണി മുഴക്കിയിരുന്നു. ഖത്തറിലെ റാസ് ലഫാൻ, മിസൈദ് മേഖലകൾ ഇറാന്റെ പ്രധാന ലക്ഷ്യങ്ങളാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.ലോകത്തെ ഏറ്റവും വലിയ എൽ.എൻ.ജി (LNG) ഉൽപ്പാദകരായ ഖത്തറിന് നേരെയുള്ള ഈ ആക്രമണം അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില കുതിച്ചുയരാൻ കാരണമായേക്കും. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി റാസ് ലഫാനിലെ ഉൽപ്പാദനം താൽക്കാലികമായി തടസ്സപ്പെട്ടിട്ടുണ്ട്.











