12:58pm 25 November 2026
NEWS
വിശ്വസുന്ദരിപ്പട്ടം പ്യൂർട്ടോറിക്കോയ്ക്ക്; ചരിത്രനേട്ടവുമായി ജെന്നിഫർ ബാരെറ്റോ; മലയാളി താരം കെസിയയ്ക്ക് നിരാശ
25/11/2026  11:40 AM IST
nila
വിശ്വസുന്ദരിപ്പട്ടം പ്യൂർട്ടോറിക്കോയ്ക്ക്; ചരിത്രനേട്ടവുമായി ജെന്നിഫർ ബാരെറ്റോ; മലയാളി താരം കെസിയയ്ക്ക് നിരാശ

 

2026ലെ മിസ് യൂണിവേഴ്സ് കിരീടം പ്യൂർട്ടോറിക്കോയുടെ ജെന്നിഫർ ബാരെറ്റോയ്ക്ക്. പ്യൂർട്ടോറിക്കോയുടെ തലസ്ഥാനമായ സാൻ യുവാനിൽ നടന്ന 75-ാമത് മിസ് യൂണിവേഴ്സ് മത്സരത്തിൽ 115 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരിമാരെ പിന്തള്ളിയാണ് 27കാരിയായ ജെന്നിഫർ വിശ്വസുന്ദരിപ്പട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ വർഷത്തെ ജേതാവായ മെക്സിക്കൻ താരം ഫാത്തിമ ബോഷ് ജെന്നിഫറിനെ കിരീടമണിയിച്ചു.

മിസ് യൂണിവേഴ്സ് ചരിത്രത്തിൽ കിരീടം നേടുന്ന ആദ്യ അമ്മ എന്ന അപൂർവ നേട്ടവും ജെന്നിഫറിന് സ്വന്തം. മനഃശാസ്ത്രത്തിലും ക്ലിനിക്കൽ സോഷ്യൽ വർക്കിലും ബിരുദാനന്തര ബിരുദമുള്ള താരം സാമൂഹിക സേവന പ്രവർത്തനങ്ങളിലും സജീവമാണ്. കുട്ടികളുടെ സംരക്ഷണം, ഗാർഹിക പീഡനത്തിനെതിരായ പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിലും ജെന്നിഫർ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്.

ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ മെലിസ നൂനസ് രണ്ടാം സ്ഥാനത്തെത്തിയപ്പോൾ വെനസ്വേലയുടെ ക്ലാര വെഗാസ് മൂന്നാം സ്ഥാനം നേടി. ഫിലിപ്പീൻസ്, ന്യൂസിലൻഡ് സുന്ദരിമാർ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങൾ കരസ്ഥമാക്കി.

മത്സരത്തിന്റെ 75-ാം വാർഷികം പ്രമാണിച്ച് പ്രത്യേകം തയ്യാറാക്കിയ കിരീടമാണ് പുതിയ വിശ്വസുന്ദരിക്ക് സമ്മാനിച്ചത്. 18 കാരറ്റ് വെള്ള സ്വർണത്തിൽ 3,150 വജ്രങ്ങൾ പതിപ്പിച്ച കിരീടത്തിന് 'ദി റേഡിയൻസ് ഓഫ് ആൻ എറ്റേണൽ ലെഗസി' എന്നാണ് പേര് നൽകിയിരിക്കുന്നത്.

ഇതോടെ പ്യൂർട്ടോറിക്കോയുടെ മിസ് യൂണിവേഴ്സ് കിരീടനേട്ടം ആറായി. രണ്ടു പതിറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷമാണ് വിശ്വസുന്ദരിപ്പട്ടം വീണ്ടും പ്യൂർട്ടോറിക്കോയിലെത്തുന്നത്.

അതേസമയം, ഇന്ത്യയെ പ്രതിനിധീകരിച്ച മലയാളി താരം കെസിയ ലിസ് മെജോയ്ക്ക് അവസാന ഘട്ടത്തിൽ മുന്നേറാനായില്ല. ആദ്യ 30 പേരുടെ പട്ടികയിൽ ഇടംപിടിച്ച കെസിയയ്ക്ക് അവസാന 12 പേരിലേക്ക് യോഗ്യത നേടാനായില്ല. കേരളത്തിൽനിന്നുള്ള ആദ്യ മിസ് യൂണിവേഴ്സ് പ്രതിനിധിയെന്ന നേട്ടവുമായെത്തിയ താരത്തിന്റെ യാത്ര ഇതോടെ അവസാനിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img